Kerala

സരസമ്മയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് മൂന്നു യുവാക്കള്‍

മാവേലിക്കര : സരസമ്മയുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷപ്പെട്ടത് മൂന്നു യുവാക്കള്‍. വെട്ടിയാര്‍ അച്ചന്‍കോവിലാറ്റിലെ കുത്തൊഴുക്കില്‍ മുങ്ങിത്താഴ്ന്ന മൂന്നു യുവാക്കള്‍ക്ക് സ്വന്തം സാരി അഴിച്ച് ആറ്റിലേക്ക് എറിഞ്ഞു നല്‍കിയാണ് സരസമ്മ രക്ഷകയായത്. കൊട്ടാരക്കര സ്വദേശികളായ പവീഷ്, രാഹുല്‍, നഹാസ് എന്നിവരെയാണ് വെണ്മണി കടവില്‍ ശശിയുടെ ഭാര്യ സരസമ്മ, അയല്‍വാസിയായ വിമുക്തഭടന്‍ തേക്കില്‍ പുത്തന്‍വീട്ടില്‍ ബാബു എന്നിവര്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. വെട്ടിയാര്‍ പുലക്കടവ് പാലത്തിനുസമീപം അച്ചന്‍കോവിലാറ്റില്‍ കൊട്ടാരക്കര സ്വദേശികളായ ഏഴംഗ സംഘം എത്തുകയായിരുന്നു. ഇതില്‍ നാലുപേര്‍ ആറ്റില്‍ നീന്തികുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ടു.

ആറ്റില്‍ നിന്നും നിലവിളി കേട്ട് വീട്ടമ്മ വീടിനുപുറത്ത് ഇറങ്ങി നോക്കുമ്പോള്‍ കൈകള്‍ ഉയര്‍ത്തി മൂന്നുപേര്‍ ആറ്റില്‍ മുങ്ങിതാഴുന്നതാണ് കണ്ടത്. കൂടെയുള്ള സുഹൃത്തുക്കള്‍ കരയില്‍ നിന്ന് അവരെ രക്ഷിക്കാന്‍ സഹായത്തിനായി കരയുകയായിരുന്നു. ഈ സമയം ആറിനു സമീപം ഓടിയെത്തിയ വീട്ടമ്മ ഉടുത്തിരുന്ന സാരി അഴിച്ച് ആറ്റിലേക്ക് എറിഞ്ഞുകൊടുത്തു. യുവാക്കള്‍ അതില്‍ പിടിച്ച് കയറാന്‍ ശ്രമം നടത്തി. കരക്കടുക്കാറായപ്പോള്‍ അവര്‍ പിടിവിടാന്‍ തുടങ്ങി. ഉടന്‍തന്നെ വീട്ടമ്മ വിളിച്ചുകൂവി. ശബ്ദം കേട്ട് ഓടിയെത്തിയ വിമുക്തഭടന്‍ ബാബു സാരിക്കൊപ്പം വലിയ മുളങ്കമ്പ് കൂടി ഇട്ടുകൊടുത്തു. ഇതില്‍ പിടിച്ച് തൂങ്ങിക്കിടന്ന യുവാക്കളെ പിന്നീട് ബാബു ആറ്റിലേക്ക് നീന്തി ഇറങ്ങി കരക്കെത്തിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഒരാള്‍ കൂടി ആറ്റില്‍ മുങ്ങിതാഴ്ന്നതായി രക്ഷപ്പെട്ടവര്‍ അറിയിച്ചു. പൊലീസിനെയും അഗ്‌നിശമന സേനയെയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും അഗ്‌നിശമനസേനയും കാണാതായ യുവാവിനു വേണ്ടി ആറ്റില്‍ തിരഞ്ഞു. ഒന്നരമണിക്കൂര്‍ നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍, മുങ്ങിത്താഴ്ന്ന യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൊട്ടാരക്കര അയിനുംമൂട്ടില്‍ അനില്‍ കുമാര്‍ (27 ) ആണ് മരിച്ചത്. മാവേലിക്കര കൊച്ചാലുംമൂട് പോപ്പുലര്‍ മാരുതി ഷോപ്പിലെ ജോലിക്കാരിയാണ് സരസമ്മ.

shortlink

Related Articles

Post Your Comments

Related Articles


Back to top button