തിരുവനന്തപുരം: കെ ബാബു ഇടനിലക്കാരൻ വഴി ബാർ കോഴക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ കോഴ വാഗ്ദാനം ചെയ്തെന്നു പരാതിക്കാരൻ ജോർജ് വട്ടുകുളം. കെ ബാബുവിന്റെ അനധികൃത സ്വത്തുസമ്പാദനത്തെക്കുറിച്ചുള്ള ഒരു പ്രമുഖ വാർത്ത ചാനൽ ചർച്ചയിലാണു ജോർജ് വട്ടുകുളത്തിന്റെ വെളിപ്പെടുത്തൽ. ആർ നിശാന്തിനി ഐപിഎസ് ആണ് യുഡിഎഫ് സർക്കാരിന്റെ വിജിലൻസ് എടുത്ത കേസിൽ അന്വേഷണം അട്ടിമറിച്ചത് . വിജിലൻസ് കോടതി ഉത്തരവു പ്രകാരം 45 ദിവസം ത്വരിത പരിശോധന നടന്നിരുന്നെങ്കിൽ ഉമ്മൻചാണ്ടി കേസിൽ കുരുങ്ങുമായിരുന്നുവെന്നും ജോർജ് വട്ടുകുളം പറഞ്ഞു.
കെ ബാബുവിനെതിരെ തൃശൂർ വിജിലൻസ് ജഡ്ജിയായിരുന്ന എസ്എസ് വാസൻ തന്റെ പരാതിയിൽ ത്വരിത പരിശോധനയ്ക്ക് ഉത്തരവിട്ടു. റിപ്പോർട്ട് ബാബുവിനെ സംരക്ഷിക്കുന്ന വിധമുള്ള ത്വരിത പരിശോധന നടത്തി സമർപ്പിക്കുകയായിരുന്നു ചെയ്തത്. തന്റെ മൊഴി രേഖപ്പെടുത്തിയത് ആർ നിശാന്തിനിയായിരുന്നു. ശക്തമായ അന്വേഷണം നടക്കുമെന്നു വിചാരിച്ചു. അന്വേഷണം മുന്നോട്ടു പോയിട്ടില്ല. ഇന്നു റെയ്ഡിൽ പിടികൂടിയ പലരെയും വെള്ളപൂശുന്ന റിപ്പോർട്ടാണു നിശാന്തിനി നൽകിയത്. നിശാന്തിനി ബിനാമികൾക്കെല്ലാം ക്ലീൻ ചിറ്റ് നൽകുകയായിരുന്നു ചെയ്തത്.
ഇത്തരമൊരു നീക്കം നിശാന്തിനിയിൽനിന്ന് പ്രതീക്ഷിച്ചില്ല. ബാബുവിനെ സംരക്ഷിക്കാൻ അന്ന് ഭരിച്ചിരുന്ന യുഡിഎഫ് നേതാക്കളും ഉമ്മൻചാണ്ടിയും വിജിലൻസിൽ ശക്തമായ ഇടപെടൽ നടത്തിയിരുന്നു. കെ ബാബുവിന്റെ പേരിൽ എഫ് ഐ ആർ രജിസ്ടർ ചെയ്തപ്പോൾ ബാബു രാജി വച്ചു. ഉമ്മൻചാണ്ടി രാജി വിഴുങ്ങി ബാബുവിനെ രക്ഷിച്ചു. തൃശൂർ വിജിലൻസ് കോടതി ഉത്തരവു പ്രകാരം ക്വിക്ക് വെരിഫിക്കേഷൻ പ്രകാരം അന്വേഷണം നടന്നിരുന്നെങ്കിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു കുടുങ്ങേണ്ടിയിരുന്നത്.
ബാബുവിന്റെ ഇടനിലക്കാരനായി തന്റെ അടുത്തെത്തിയത് അങ്കമാലിക്കാരനായ ട്രോജോ എന്നയാളാണ് . കെ ബാബുവിന്റെ ബിനാമിയോ ബിസിനസുകാരനോ ആയ ട്രോജോ എന്നയാൾ തന്നെ അന്വേഷിച്ചു വന്നിരുന്നു. കെ ബാബുവിന്റെ ആരാണു ട്രോജോ. തുറമുഖ കോൺട്രാക്ടർ എന്നാണു പറഞ്ഞു കേട്ടത്. ഗൾഫിൽ ബിസിനസ് ചെയ്തു എന്നാണു കേൾക്കുന്നത്. പരാതിയിൽനിന്നു പിൻമാറാൻ തന്നെ നിരന്തരം സമ്മർദം ചെലുത്തി. ട്രോജോ മുഖേന കെ ബാബു തനിക്ക് അമ്പതു ലക്ഷം രൂപ കോഴ നൽകാമെന്നു വാഗ്ദാനം ചെയ്തു. തന്നെ അന്വേഷിച്ചു ട്രോജോയ്ക്ക് അടുപ്പമുള്ള ഒരാളെ തന്റെ വീട്ടിലേക്ക് അയക്കുകയായിരുന്നു. ഇതിനാണ് അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്നും ജോർജ് വട്ടുകുളം പറഞ്ഞു. എന്തെങ്കിലും സഹായിക്കാമോ, കോടതിയിൽ ഹാജരാകാതിരിക്കാമോ തുടങ്ങിയ കാര്യങ്ങളാണ് ബാബു ഇടനിലക്കാരൻ വഴി ചോദിച്ചത്.
Post Your Comments