മധുര: സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്സിജനു പകരം ലാഫിംഗ് ഗ്യാസ് നല്‍കിയതിനെ തുടര്‍ന്ന് മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 28.37 ലക്ഷം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി.മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് വിധി നടപ്പിലാക്കിയത്.നാഗര്‍കോവിലിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രുക്മിണി (34) എന്ന യുവതിയ്ക്കാണ് ഓക്സിജനു പകരം ലാഫിംഗ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് വാതകം നല്‍കിയത്. ഇതിനെ തുടർന്നാണ് യുവതി മരണപ്പെട്ടത്.
ഓക്സിജനു പകരം നൈട്രസ് ഓക്സൈഡ് നല്‍കിയതാണ് മരണത്തിന് കാരണമായതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം നല്കാന് വിധിച്ചത്. വാതകം ശ്വസിച്ച യുവതി അബോധാവസ്ഥയിലാവുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും കടുത്ത ചികിത്സാ പിഴവാണ് വരുത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി.എട്ട് ആഴ്ചയ്ക്കുള്ളില്‍ രുക്മിണിയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുകയായ 28.37 ലക്ഷം രൂപയും സംഭവം നടന്ന് ഇതുവരെയുള്ള കാലത്ത് ഒമ്പത് ശതമാനം പലിശയും നൽകാനാണ് കോടതി വിധി.
തയ്യല്‍ തൊഴിലാളിയായ രുക്മിണിയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കായി 2011 മാര്‍ച്ചിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സാ പിഴവിനെ തുടര്‍ന്ന് ബോധക്ഷയവും രക്തസ്രാവവുമുണ്ടായ രുക്മിണി, തുടര്‍ ചികിത്സകള്‍ക്കൊടുവില്‍ 2012 മെയ് നാലിന് ആണ് മരിച്ചത്.രുക്മിണിയുടെ ഭര്‍ത്താവ് ഗണേശന് നല്കിയ നഷ്ടപരിഹാര കേസിലാണ് വിധി വന്നിരിക്കുന്നത്.
Post Your Comments