തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണവുമായി സര്‍ക്കുലര്‍. ഇതുസംബന്ധിച്ചു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കി. സ്കൂള്‍ സമയത്ത് ഓണാഘോഷം പാടില്ല. ഓണാഘോഷത്തിന്റെ പേരില്‍ വലിയതോതില്‍ പണപ്പിരിവു പാടില്ല. ആഡംബരമായിരിക്കരുത് ആഘോഷത്തിന്റെ മുഖമുദ്ര. മിതമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. പ്രവൃത്തിദിവസം മുഴുവന്‍ ആഘോഷത്തിനായി മാറ്റിവയ്ക്കാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.
സ്കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഇത്തരം പരിപാടികള്‍ക്കിടെ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു. പരീക്ഷകളെയോ ക്ലാസുകളെയോ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെയോ ബാധിക്കാത്ത രീതിയില്‍ മാത്രമേ ആഘോഷം നടത്താവൂ. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ സ്കൂള്‍ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിരിക്കണം. പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓണാഘോഷം നടത്തേണ്ടെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ഓണാഘോഷത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Post Your Comments