NewsSports

സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍റേയും, മനുഷ്യത്വത്തിന്‍റേയും ഉത്തമോദാഹരണമായി യോഗേശ്വര്‍ ദത്ത്

2012-ലെ ലണ്ടന്‍ ഒളിംപിക്സില്‍ താന്‍ നേടിയ വെങ്കല മെഡല്‍ വെള്ളി മെഡലായി മാറിയ സാഹചര്യത്തില്‍ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്തിന്‍റെ ഇതിനോടുള്ള പ്രതികരണം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍റേയും, മനുഷ്യത്വത്തിന്‍റേയും ഉത്തമമാതൃകയായി മാറുന്നു. ലണ്ടനില്‍ വെള്ളി മെഡല്‍ നേടിയ റഷ്യന്‍ ഗുസ്തി താരം ബെസിക് കുദുഖോവ് ഉത്തേജകമരുന്ന്‍ പരിശോധനയില്‍ കുടുങ്ങിയതോടെയാണ് യോഗേശ്വറിന്‍റെ വെങ്കല നേട്ടം വെള്ളിയായി മാറിയത്.

ലണ്ടനില്‍ കുദുഖോവിനോട്‌ പ്രീ-ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലാണ് യോഗേശ്വര്‍ പരാജയപ്പെട്ടത്. കുദുഖോവ് ഫൈനലില്‍ എത്തിയതോടെ റെപ്പഷാജ് റൗണ്ടിലൂടെ വെങ്കല മെഡല്‍ മത്സരത്തിന് അര്‍ഹത നേടുകയും, അതില്‍ വിജയിക്കുകയും ചെയ്തു. പ്യൂര്‍ട്ടോ റിക്കോയുടെ ഫ്രാങ്ക്ലിന്‍ ഗോമസ്, ഇറാന്‍റെ മസൂദ് എസ്മയില്‍പോര്‍, ഉത്തരകൊറിയയുടെ റി ജോങ്ങ്-മ്യോങ്ങ് എന്നിവരെ തോല്‍പ്പിച്ച് യോഗേശ്വര്‍ വെങ്കലം നേടുകയും ചെയ്തു.

വെള്ളി മെഡല്‍ ലഭിച്ചു എന്നറിഞ്ഞ ശേഷമുള്ള യോഗേശ്വറിന്‍റെ പ്രതികരണമാണ് ഇപ്പോള്‍ മാതൃകാപരമായി മാറിയിരിക്കുന്നത്. ലണ്ടന്‍ ഒളിംപിക്സിന് ഒരു വര്‍ഷത്തിനു ശേഷം 2013-ല്‍ ഒരു കാറപകടത്തില്‍ ബെസികക് കുദുഖോവ് കൊല്ലപ്പെട്ടിരുന്നു. കുദുഖോവിന്‍റെ കുടുംബം ലണ്ടനില്‍ നിന്ന്‍ ലഭിച്ച വെള്ളിമെഡല്‍ സൂക്ഷിക്കണം എന്നാണ് തന്‍റെ ആഗ്രഹമെന്നാണ് യോഗേശ്വര്‍ വെളിപ്പെടുത്തിയത്. കുദുഖോവ് മരണമടഞ്ഞെങ്കിലും 2012-ല്‍ തന്നെ അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി ശേഖരിച്ചിരുന്ന അദ്ദേഹത്തിന്‍റെ സാമ്പിളുകളുടെ പരിശോധനയിലാണ് ഉത്തേജകമരുന്നിന്‍റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടത്.

മനുഷ്യത്വമാണ് തന്നെ സംബന്ധിച്ച് പരമപ്രധാനമെന്നും, കുദുഖോവിന്‍റെ കുടുംബം അദ്ദേഹത്തിന് ലഭിച്ച വെള്ളിമെഡല്‍ സൂക്ഷിക്കണം എന്നാണ് തന്‍റെ ആഗ്രഹം എന്നും യോഗേശ്വര്‍ പറഞ്ഞു. കുദുഖോവ് ഒരു മികച്ച ഗുസ്തി താരം ആയിരുന്നുവെന്നും താന്‍ അദ്ദേഹത്തെ ഇപ്പോഴും ബഹുമാനിക്കുന്നു എന്നും യോഗേശ്വര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button