ശ്രീനഗര്‍● ജമ്മു കശ്മീരിലെ വിഘടനവാദി നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി നരേന്ദ്രമോദി സര്‍ക്കാര്‍. വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന സര്‍ക്കാര്‍ സൗകര്യങ്ങള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്.
സയീദ് അലി ഷാ ഗീലാനി, മിര്‍വൈസ് ഫാറൂഖ്, യാസിന്‍ മാലിക് തുടങ്ങിയ വിഘടനവാദി നേതാക്കള്‍ക്ക് വിദേശയാത്ര വേളയില്‍ നല്‍കി വരുന്ന വിമാന ടിക്കറ്റ്, ഹോട്ടല്‍, ടാക്സി സേവനം തുടങ്ങിയവ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി അമര്‍ ഉജാല പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതുപോലെ ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന സൗജന്യങ്ങളും നിര്‍ത്താന്‍ മെഹബൂബ മുഫ്തി നയിക്കുന്ന ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതയാണ് റിപ്പോര്‍ട്ട്.
ഏകദേശം 100 കോടി രൂപയാണ് വിഘടനവാദി നേതാക്കള്‍ക്കായി ഓരോ വര്‍ഷവും ചെലവിടുന്നത്. ഇതില്‍ 90 ശതമാനം ബാധ്യതയും കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍ 10 ശതമാനം മാത്രമണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിടുന്നത്.
വിഘടനവാദി നേതാക്കള്‍ക്ക് നല്‍കിവരുന്ന സുരക്ഷ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ 950 ഓളം പോലീസുകാരാണ് ഈ വിഘടനവാദി നേതാക്കള്‍ക്ക് സുരക്ഷാ കവചമൊരുക്കുന്നത്.
ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാണിയുടെ വധത്തെത്തുടര്‍ന്ന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് നിരോധനാജ്ഞ നിലനില്‍ക്കുന്ന താഴ്‌വരയില്‍ കഴിഞ്ഞ 55 ദിവസമായി ജീവിതം സ്തംഭിച്ച അവസ്ഥയിലാണ്. സംഘര്‍ഷത്തില്‍ ഇതുവരെ 69 സിവിലിയന്മാരും മൂന്ന് പോലീസുകാരും ഉള്‍പ്പടെ 72 പേര്‍ കൊല്ലപ്പെടുകയും 11,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹുറിയത്ത് നേതാവ് ഗീലാനിയ്ക്കെതിരെ സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയിരുന്നു.
താഴ്‌വരയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളില്‍ നിന്നും നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഒഴുകുന്നതായി എന്‍.ഐ.എ കണ്ടെത്തിയിരുന്നു. ഇതില്‍ പ്രാഥമികാന്വേഷണം നടത്തുന്ന എന്‍.ഐ.എ ഗീലാനിയുടെ മകന്‍ നയീം ഗീലാനിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.
Post Your Comments