KeralaNews

കോടീശ്വരന്റെ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട്‌പോയ കേസിലെ പ്രതി മെഡിക്കല്‍ സീറ്റ്ത്തട്ടിപ്പ് കേസിലും പ്രതി

തൃശൂര്‍ : കോടീശ്വരനായ ബിസിനസ്സുകാരന്റെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെ പ്രണയം നടിച്ച് തട്ടിക്കൊണ്ട്‌പോയ കേസിലെ പ്രതി മെഡിക്കല്‍ സീറ്റ്ത്തട്ടിപ്പ് കേസിലും പ്രതി . ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി സജീഷ് ചന്ദ്രനാണ് ഇരു കേസുകളിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞത്. മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസിലെ പ്രതി കൂടിയായ ഇയാള്‍ രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലേക്കും പൊലീസ് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കണ്ടെത്തിയ പൊലീസ് പെണ്‍കുട്ടിയെ ഹൈക്കോടതിയില്‍ ഹാജരാക്കി.

പേരാമംഗലത്തെ കോടീശ്വരന്റെ മകളാണ് പെണ്‍കുട്ടി. തൃശ്ശൂരില്‍ കാര്‍ ഷോറൂമില്‍ ജോലി ചെയ്യവേയാണ് പെണ്‍കുട്ടിയുടെ കുടുംബവുമായി സജീഷ് ചന്ദ്രന്‍ അടുപ്പത്തിലായത്. കുട്ടിയുടെ പിതാവ് റെയ്ഞ്ച് റോവര്‍ കാര്‍ വാങ്ങാന്‍ ഷോറൂമിലെത്തിയതോടെയാണ് തട്ടിപ്പ്‌ലാക്കാക്കി സജീഷ് ചന്ദ്രന്‍ അടുപ്പത്തിലായത്. കാറിന്റെ കാര്യങ്ങള്‍ പറഞ്ഞ് ഇയാള്‍ വീട്ടുകാരുമായി നിരന്തരം ബന്ധം പുലര്‍ത്തി.
ബന്ധം വളര്‍ന്നപ്പോള്‍ വീട്ടില്‍ നിത്യസന്ദര്‍ശകനായി. ഈ അവസരം അയാള്‍ ശരിക്കും മുതലെടുത്തു. കൂടുതല്‍ ഇടപഴകാന്‍ അവസരം ലഭിച്ചതോടെ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. കാര്യമറിയാത്ത വീട്ടുകാര്‍ പെണ്‍കുട്ടിയെ കുതിര സവാരി പഠിപ്പിക്കാന്‍ നിയോഗിച്ചതും സജീഷ് ചന്ദ്രനെയായിരുന്നു.
അതോടെ പ്രണയം വളര്‍ന്നു. എന്നാല്‍ ഈ അവസരത്തില്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സജീഷിനെ പൊലീസ് തിരയുന്നുണ്ടായിരുന്നു. കോടീശ്വരന്റെ വീടുമായുണ്ടായിരുന്ന ബന്ധം കാരണം ഇയാള്‍ അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഓഗസ്റ്റ് 13 ന് പെണ്‍കുട്ടിയുമായി സജീഷ് ചന്ദ്രന്‍ കടന്നു കളയുകയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കുകയും ചെയ്തതോടെയാണ് ഇയാളും പെണ്‍കുട്ടിയും കാസര്‍ഗോഡ് ഒളിവില്‍ കഴിഞ്ഞതായി പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് പേരാമംഗലത്തു നിന്നും പൊലീസ് കാസര്‍ഗോട്ടെത്തി തിരച്ചില്‍ നടത്തിയെങ്കിലും പ്രതി പെണ്‍കുട്ടിയുമായി മുങ്ങുകയായിരുന്നു. തങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി മെഡിക്കല്‍ തട്ടിപ്പ് കേസിലെ പ്രതി കൂടിയാണെന്ന് കാസര്‍ഗോട്ടെത്തിയപ്പോഴാണ് പൊലീസ് അറിയുന്നത്. രണ്ടാഴ്ച്ചക്കാലം പെണ്‍കുട്ടിയോടൊപ്പം കഴിഞ്ഞ സജീഷ് തന്ത്രപരമായി പെണ്‍കുട്ടിയെ ഹൈക്കോടതിയിലെത്തിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് ബന്ധുക്കളെ വിവരമറിയിക്കുകയും പെണ്‍കുട്ടി അവരോടൊപ്പം പോവുകയും ചെയ്തു. പൊലീസ് വൈദ്യപരിശോധന നടത്താന്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടി വിസമ്മതിക്കുകയായിരുന്നു.

സജീഷിനെ തേടി ക്രൈം ബ്രാഞ്ച് പൊലീസ് ഗോവയിലും ബംഗളൂരുവിലും അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ആഡംബര ജീവിതത്തിനു വേണ്ടി തട്ടിപ്പ് നടത്തി വരുന്ന ഇയാള്‍ വിദേശത്തു കടക്കാന്‍ ശ്രമിക്കുന്നത് തടയാന്‍ വേണ്ടി വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാഞ്ഞങ്ങാട്ടെ മാസ്റ്റര്‍ എഡുക്കേഷന്‍ കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് കര്‍ണ്ണാടകത്തിലെ മെഡിക്കല്‍ കോളേജില്‍ സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് 7 ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാളുടെ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button