കൊച്ചി: എറണാകുളം ജില്ല കേന്ദ്രീകരിച്ച് മരണവീടുകള്‍ മറയാക്കി കവര്‍ച്ച നടത്തിയ മോഷ്ടാവ് പൊലീസ് വലയിലായി. പറവൂര്‍ കുറുമ്പത്തുരുത്തില്‍ ജോസഫാണ് പൊലീസ് വിരിച്ച വലയില്‍ വീണത്.
പത്രവാര്‍ത്തയില്‍ നിന്ന് മരണവീട് തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അതില്‍ പറയുന്ന വിവരങ്ങള്‍ കുറിച്ചുവയ്ക്കും. പേരുകളും ഓര്‍ത്തുവയ്ക്കും. കണ്ടാല്‍ മാന്യനാണെന്ന് എല്ലാവര്‍ക്കും തോന്നുന്ന വിധത്തില്‍ വസ്ത്രധാരണം നടത്തിയേ മരണവീട്ടില്‍ എത്താറുള്ളൂ. മരണവീട്ടിലെത്തിയാല്‍ ജോസഫ് ഇന്‍ഫോപാര്‍ക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായി മാറും. സംസാരത്തിലും പ്രവര്‍ത്തിയിലും ഒരു എക്‌സിക്യൂട്ടീവിനെപ്പോലെ പെരുമാറും. സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കളും അയല്‍വീട്ടുകാരും പളളിയിലേക്ക് പോകുമ്പോള്‍ ജോസഫിനുള്ളിലെ കള്ളന്‍ ഉണരും. പിന്നെ കണ്ടുവച്ചിരിക്കുന്ന അയല്‍വീട്ടിലേക്ക് തന്ത്രപൂര്‍വം കടന്നു ചെല്ലും. ആദ്യം കോളിംഗ് ബെല്ല് അടിക്കും. ആരുമില്ലെന്ന് കണ്ടാല്‍ പൂട്ട് പൊളിച്ച് അകത്തു കടക്കും. സ്വര്‍ണവും പണവും കൈക്കലാക്കിയ ശേഷം സൂത്രത്തില്‍ കടന്നുകളയുകയാണ് ജോസഫിന്റെ രീതി.
ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിക്കു സമീപം പുല്ലന്‍ വീട്ടില്‍ ജോണിന്റെ വീട്ടില്‍ അടുത്തിടെ കവര്‍ച്ചയ്ക്കു കയറിയതാണ് ജോസഫിന് കെണിയായത്. എല്ലാവരും പള്ളിയിലേക്കു പോയപ്പോള്‍ ജോസഫ് അയല്‍വീട്ടില്‍ കയറി. എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും 6000 രൂപയും അവിടെനിന്നു കിട്ടി. അതുമായി മുങ്ങി. പക്ഷേ, കാമറയില്‍ ഇതെല്ലാം പതിയുന്നുണ്ടെന്ന് ജോസഫ് അറിഞ്ഞില്ല. ഇത്രയും കാലം മോഷണം നടത്തിയ അനുഭവമുണ്ടെങ്കിലും കാമറയില്‍ കുടുങ്ങിയത് ആദ്യമായാണ്.
Post Your Comments