ഹർദാൻ: ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ ആയിരക്കണക്കിനു ഗ്രാമീണരെ കൊന്നു കൂട്ടത്തോടെ കുഴിച്ചുമൂടിയതില്‍ 72 കുഴിമാടങ്ങള്‍ കണ്ടെത്തി. ഇറാഖിലെ സിന്‍ജാര്‍ പര്‍വതമേഖലയില്‍ കണ്ടെത്തിയ ആറു കുഴിമാടങ്ങളില്‍ നൂറിലേറെ മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. സിന്‍ജാറില്‍ 2014ല്‍ യസീദികളെ കൂട്ടത്തോടെ വെടിവച്ചുകൊന്നശേഷം ബുള്‍ഡോസറുകള്‍ ഉപയോഗിച്ചു കുഴിച്ചുമൂടുകയായിരുന്നു.
അസ്സോസിയേറ്റഡ് പ്രസ് (എപി) രക്ഷപ്പെട്ടവരുമായി നടത്തിയ അഭിമുഖങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ കണ്ടെത്തിയ വിവരങ്ങളും ഫോട്ടോകളുമാണ് പുറത്തുവിട്ടത്. ഇറാഖിലും സിറിയയിലുമായി ആളുകളെ കൂട്ടത്തോടെ കുഴിച്ചുമൂടിയ 72 സ്ഥലങ്ങള്‍ എപി രേഖപ്പെടുത്തി. പതിനേഴു കൂട്ടക്കുഴിമാടങ്ങൾ സിറിയയില്‍ തിരിച്ചറിഞ്ഞു. ഐഎസ് നിയന്ത്രിത മേഖലകളിലാണ് ബാക്കിയുള്ളവ. സിറിയയില്‍ ചില കുഴിമാടങ്ങളില്‍ ഒരു ഗോത്രവിഭാഗത്തിലെ നൂറുകണക്കിനു അംഗങ്ങളെയാണു ഒരുമിച്ചു കുഴിച്ചുമൂടിയത്.
വിലങ്ങുവച്ച ഗ്രാമീണരെ നിരത്തിനിര്‍ത്തി വെടിവച്ചുകൊല്ലുന്നതാണു ഐഎസില്‍ നിന്നു രക്ഷപ്പെട്ടു മലയിടുക്കില്‍ ഒളിച്ചിരുന്ന ഒരാള്‍ ബൊനോക്കുലറിലൂടെ നോക്കിയപ്പോള്‍ കണ്ടത്. ഇയാള്‍ എപിയോടു തന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊന്നുകുഴിച്ചുമൂടുന്നതിനു തുടര്‍ച്ചയായ ആറുദിവസം താന്‍ സാക്ഷിയായെന്നും പറഞ്ഞു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുഴിച്ചുമൂടപ്പെട്ടവരുടെ എണ്ണം 5200 മുതല്‍ 15,000 വരെ ഉയരും. പല ഗ്രാമങ്ങളും കൂട്ടത്തോടെ തുടച്ചുനീക്കപ്പെട്ടതിനാല്‍ യഥാര്‍ഥ കണക്കുകള്‍ ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.
Post Your Comments