Editorial

നിലവിളക്കില്‍ മതചിന്തയുടെ എരിവു പുരട്ടി മന്ത്രി നല്‍കുന്ന സന്ദേശം

സംസ്ഥാന ഭരണം ചില്ലറ വിവാദങ്ങളൊക്കെയുണ്ടെങ്കിലും, നല്ലരീതിയില്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയിലാണ് പൊതുമരാമത്ത് വകുപ്പു മന്ത്രി ജി. സുധാകരന് പെട്ടെന്നൊരു ഭൂതോദയം ഉണ്ടായത്. സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നതും, ദൈവത്തെ സ്തുതിക്കുന്നതും ഒക്കെ ഒഴിവാക്കണം എന്നാണ് മന്ത്രിക്ക് തോന്നിയത്. ജാതിചിന്തകള്‍ക്കെതിരെയുള്ള ബോധവത്കരണ സന്ദേശങ്ങള്‍ വേണം വിദ്യാര്‍ഥികളും മറ്റും പങ്കെടുക്കുന്ന പൊതുചടങ്ങുകളില്‍ ചൊല്ലിക്കേണ്ടതെന്നും, നിലവിളക്കു പോലത്തെ മതവുമായി ബന്ധപ്പെട്ട ബിംബങ്ങളെ ഗവണ്മെന്‍റ് ചടങ്ങുകളില്‍ നിന്ന്‍ ഒഴിവാക്കണം എന്നുമാണ് സുധാകരന്‍ പറഞ്ഞത്.

ഏതൊരു പൊതുപ്രവര്‍ത്തകനേയും പോലെ തന്‍റെ അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ജി. സുധാകരനുണ്ട്. എന്തെങ്കിലുമൊക്കെ പറഞ്ഞ് വാര്‍ത്താപ്രാധാന്യം നേടുക എന്നത് ഒരു കീഴ്വഴക്കം ആയി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പറയുന്ന കാര്യങ്ങളിലെ ഔചിത്യം എന്നതിന് വലിയ പ്രാധാന്യമൊന്നും ഇല്ല എന്നിരിക്കെ പ്രത്യേകിച്ചും. അല്ലെങ്കില്‍ത്തന്നെ, പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ കാമ്പുള്ളതാകണം എന്ന കാര്യത്തില്‍ അത്ര നിര്‍ബന്ധമുള്ള ആളൊന്നും അല്ല ജി. സുധാകരന്‍. ഒസാമാ ബിന്‍ ലാദനെ വിപ്ലവ ബലിദാനിയായി ചിത്രീകരിച്ചു കൊണ്ടുള്ള സുധാകരന്‍റെ കവിത മാത്രം മതി ഇതിന് ഉദാഹരണമായി.

സുധാകരന്‍റെ പ്രസ്താവന സ്വാഭാവികമായും വിവാദമായപ്പോള്‍, ഇതിനോടനുബന്ധിച്ച് ചര്‍ച്ചകളും സജീവമായി. സുധാകര പക്ഷം നിന്ന ഇടതു ബുദ്ധിജീവികളുടെ നിരീക്ഷണത്തില്‍ പൊതുചടങ്ങുകളില്‍ നിലവിളക്ക് തെളിയിക്കുന്നതു പോലുള്ള ചടങ്ങുകള്‍ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടുകയാണ്. അവിടെത്തുടങ്ങി, ഇക്കൂട്ടര്‍ ഒടുവില്‍ ഈ വിഷയത്തെ ബിജെപി-സംഘപരിവാര്‍ വിഭാഗത്തിന്‍റെ കഴുത്തില്‍ കൊണ്ടുപോയി കെട്ടുകയും ചെയ്തു. അതായത്, 2014-ല്‍ അധികാരത്തിലേറിയ കേന്ദ്രത്തിലെ ഹിന്ദുത്വ ആശയങ്ങളോട് പ്രതിപത്തിയുള്ള ഗവണ്മെന്‍റിന്‍റെ ഗൂഡലക്ഷ്യങ്ങളുടെ പിന്‍പറ്റിയാണ് ഹൈന്ദവാചാരങ്ങളോട് അടുത്തുനില്‍ക്കുന്ന ഇത്തരം ചടങ്ങുകള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്നാണ് ഇവരുടെ വാദം.

ഇന്ത്യയിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ 90-കളുടെ അവസാനത്തിലാണ്. പിന്നീടൊരു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് 2014-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലും. പക്ഷേ, പൊതുചടങ്ങുകളില്‍ നിലവിളക്കു കൊളുത്തുന്ന രീതി നെഹ്രൂവിയന്‍ കാലം തൊട്ടേ ഇന്ത്യ മുഴുവന്‍ പതിവുള്ളതാണ്. ഇന്ത്യയിലെ നാനാജാതി മതസ്ഥരായ ജനങ്ങള്‍ അതില്‍ നാളിതുവരെ മതം കലര്‍ത്തിയിരുന്നില്ല. ഒരു ചടങ്ങ് വെളിച്ചത്തിന്‍റെ അല്ലെങ്കില്‍ പ്രകാശത്തിന്‍റെ അകമ്പടിയോടെ, ഒരു പോസിറ്റീവ് ഊര്‍ജ്ജത്തിന്‍റെ സാന്നിദ്ധ്യത്തോടെ, ആരംഭിക്കുക എന്നതില്‍ക്കവിഞ്ഞ് അതില്‍ ഹൈന്ദവതയോ, സംഘപരിവാര്‍ ഗൂഡലക്ഷ്യങ്ങളോ ഇവിടെ ആരും കല്‍പ്പിച്ചിരുന്നില്ല. പക്ഷേ, മന്ത്രിയുടെ പ്രസ്താവന സംഘപരിവാര്‍ ഭീകരത എന്ന വാളോങ്ങി സ്വന്തം സ്ഥാപിതതാത്പര്യങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ നടക്കുന്നവര്‍ക്ക് ഒരു ആയുധം നല്‍കി.

ജാതിവിരുദ്ധത നമ്മുടെ കുട്ടികളെ പഠിപ്പിക്കണം എന്ന മന്ത്രിയുടെ തുടര്‍പ്രസ്താവന അതിന്‍റെ എല്ലാ ഗൗരവത്തോടേയും സകലരും പ്രാവര്‍ത്തികമാക്കണം എന്ന്‍ ഊന്നിപ്പറയുന്നതിനോടൊപ്പം, നിലവിളക്ക് കൊളുത്തുന്ന ചടങ്ങിനെ അകാരണമായി മതത്തിന്‍റെ വാലില്‍ക്കെട്ടാന്‍ കാരണമായ ആദ്ദേഹത്തിന്‍റെ ആദ്യപ്രസ്താവനയെ സാമാന്യബോധമുള്ള എല്ലാവരും അപലപിക്കുകയും വേണം.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷണറിമാരും, ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വഹിച്ച, വഹിക്കുന്ന പങ്ക് ജാതിമത ഭേദമന്യേ എല്ലാത്തരം ആളുകളും അംഗീകരിച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നാളെമുതല്‍ ക്രിസ്തു മതവുമായി ബന്ധപ്പെട്ട ഒരു ചടങ്ങും പാടില്ല എന്ന്‍ ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ആകുമോ. എല്ലാ മതത്തിലും പെട്ട കുട്ടികള്‍ പ്രസ്തുത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എത്രയോ കാലങ്ങളായി വിദ്യ അഭ്യസിച്ചു വരുന്നു. രാവിലേയും, ഉച്ചയ്ക്കും മറ്റും അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിവുള്ള ക്രിസ്തീയ രീതിയിലുള്ള പ്രാര്‍ത്ഥനകളില്‍ ഇതരമതസ്ഥരായ കുട്ടികളും ഭാഗമാകുന്നതല്ലാതെ ഇതുവരെ അതില്‍ മതത്തിന്‍റേതായ ഒരു വിവാദനിറം ആരും കലര്‍ത്തിയിട്ടില്ല.

അതുപോലെ തന്നെ നമ്മുടെ നാട്ടിലെ വിവിധ വിഭാഗക്കാരായ ജനങ്ങള്‍ യാതൊരുവിധ മതചിന്തകളും കൂടാതെ പിന്തുടരുന്ന ഒരു പതിവായിരുന്നു നിലവിളക്കു കൊളുത്തുന്ന ചടങ്ങ്. അബദ്ധം സംഭവിച്ചോ, അതോ ഏതോ ഗൂഡലക്ഷ്യം മനസ്സില്‍ക്കണ്ടോ എന്നറിയില്ല, ബഹുമാനപ്പെട്ട മന്ത്രി മാന്യമായി നടന്നു പോന്നിരുന്ന ഒരു പതിവില്‍ മതചിന്തയുടെ എരിവ് പുരട്ടിയിയിരിക്കുകയാണ്. മന്ത്രി പറഞ്ഞതിലെ ഭീമന്‍അബദ്ധം മനസിലാകണമെങ്കില്‍ സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ നമ്മുടെ രാജ്യത്തെ ഭരണയന്ത്രം നമ്മുടെ സംസ്കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന രീതി മനസിലാക്കാനുള്ള സാമാന്യബോധം ഉണ്ടാകണം.

കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ആദ്യ ഇന്ത്യന്‍ ഗവണ്മെന്‍റിന്‍റെ കാലംമുതലേ, നമ്മുടെ പ്രതിരോധരംഗത്തെ ഓരോ നവീന അംഗങ്ങള്‍ക്കും നല്‍കുന്ന പേരുകള്‍ നമ്മുടെ സമ്പന്നമായ പാരമ്പര്യത്തില്‍ ഊന്നിയുള്ളതാണ്. നമ്മുടെ യുദ്ധവിമാനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസ്സൈലുകള്‍ തുടങ്ങിയ യുദ്ധോപകരണങ്ങള്‍, ബഹിരാകാശഗവേഷണ രംഗത്ത് നാടിന്‍റെ യശസ്സുയര്‍ത്തിയ കണ്ടുപിടിത്തങ്ങള്‍, തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുക്കുന്ന ശാസ്ത്രീയ ഉപകരണങ്ങള്‍ എന്നിവയ്ക്കെല്ലാം ഭാരതവര്‍ഷത്തിന്‍റെ തിളക്കമാര്‍ന്ന പാരമ്പര്യത്തില്‍ നിന്ന്‍ കടംകൊണ്ട പേരുകളാണ് നല്‍കി വരുന്നത്. ഇന്ത്യന്‍ റിപ്പബ്ലിക്കിനെ മതേതരമാക്കാന്‍ മുഖ്യപങ്കു ബഹിച്ച ഡോ. ഭീംറാവു അംബേദ്‌കറുടേയും, ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും കാലം തൊട്ടേ അതങ്ങിനെയാണ്. അതിലൊന്നും ആരും ഇതുവരെ മതത്തിന്‍റെ കാളിമ കലര്‍ത്തിയിട്ടില്ല.

മന്ത്രി സുധാകരനും, അദ്ദേഹത്തിന്‍റെ ചിന്താഗതിയെ പിന്തുണയ്ക്കുന്നവരും ഈ ചരിത്രപരമായ വസ്തുതകള്‍ എല്ലാം പാടേ അവഗണിച്ചുകൊണ്ട് സവര്‍ണ്ണ മേധാവിത്വം, ബ്രാഹ്മണ ദുഷ്പ്രഭുത്വം തുടങ്ങിയ പദപ്രയോഗങ്ങളൊക്കെ നടത്തി എന്തുതരം സ്ഥാപിതതാത്പര്യങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതെന്ന് അധികം ആലോചിച്ചു മിനക്കെടേണ്ട ആവശ്യമില്ലാത്ത കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button