ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കും എന്ന അരവിന്ദ് കെജ്രിവാളിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പൊള്ളയായിരുന്നു എന്നും, അധികാരത്തില്‍ വന്നതിനുശേഷം വിവിധ ഇനങ്ങളിലായി ഡല്‍ഹിയിലെ ആം ആദ്മി ഗവണ്മെന്‍റ് 400 മദ്യലൈസന്‍സുകളാണ് നല്‍കിയതെന്നും സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് ആരോപിച്ചു.
ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റോറുകള്‍ക്കും, ഓപ്പണ്‍ റീട്ടെയില്‍ വെന്‍ഡര്‍മാര്‍ക്കും ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ക്രമകക്കേടുകള്‍ നടന്നിട്ടുണ്ടെന്നും ഇതിനെപ്പറ്റിയുള്ള ചില നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ ഉടന്‍തന്നെ നടത്തുമെന്നും യാദവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ഇതുവരെ ചിലവഴിച്ചത് വെറും 16,000-രൂപ മാത്രമാണെന്നും ഇത് ഔദ്യോഗികമായി ലഭിച്ച കണക്കാണെന്നും യാദവ് പറഞ്ഞു.
താനെഴുതിയ “സ്വരാജ്” എന്ന ബുക്കില്‍ മദ്യശാലകള്‍ തുറക്കുന്നതിനു മുമ്പ് ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, അനുവാദം മേടിക്കണം എന്നെഴുതിയ ആളായ അരവിന്ദ് കെജ്രിവാള്‍ ഇങ്ങനെ ചെയ്യുന്നത് വിരോധാഭാസമാണെന്നും യാദവ് പരിഹസിച്ചു.
Post Your Comments