കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദേശികളായ ബാച്ചിലേഴ്‌സ് തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍, സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇവരില്‍ ഇഖാമ കാലാവധി കഴിഞ്ഞവരടക്കമുള്ളവര്‍ രാജ്യ സുരക്ഷയക്ക് ഭീഷണിയാകുമെന്ന് കാരണത്താലാണിത്.
കുടുംബമായി പാര്‍ക്കുന്ന മേഖലകളില്‍ ബാച്ചിലേഴ്‌സിന് താമസം അനുവദിക്കാറില്ല. എന്നാല്‍, നിരവധിപേര്‍ അനധികൃതമായി ഇവിടങ്ങളില്‍ താമസിക്കുന്നതായി എം.പി. അബ്ദുള്ള അല്‍ തുറൈജി പറഞ്ഞു. ഇത്തരം തൊഴിലാളികളുടെ കാര്യത്തില്‍ തനിക്ക് ഉത്കണ്ഠയുണ്ടെന്നും എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടുംബങ്ങള്‍ താമസിക്കുന്ന മേഖലകളില്‍ വര്‍ധിച്ചുവരുന്ന ഇത്തരം പ്രവണത ആഭ്യന്തര മന്ത്രാലയം കൂടുതല്‍ ശ്രദ്ധിക്കണമെന്ന് പാര്‍ലമെന്ററി ആഭ്യന്തര, പ്രതിരോധ കമ്മിറ്റി അധ്യക്ഷന്‍ സുല്‍ത്താന്‍ അല്‍ ലുഗൈസം എം.പി നിര്‍ദേശിച്ചു. പലരും, സാധുവായ റെസിഡന്‍സി വിസയില്ലാതെ നിയമവിരുദ്ധമായി താമസിക്കുന്നവരണന്നും അവരെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിസ കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരുമാണ് ഇവരെക്കൊണ്ട് നേട്ടമുണ്ടാക്കുന്നതെന്ന് എം.പി അബ്ദുള്ള അല്‍ മയൂഫ് പറഞ്ഞു. ഇവരുടെ ഇടയില്‍ മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അപകടം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ വര്‍ഷം ആദ്യം സ്വദേശികള്‍ താമസിക്കുന്ന ഏരിയകളില്‍ നിന്നും വിദേശി ബാച്ചിലര്‍മാരെ പൂര്‍ണ്ണമായും സര്‍ക്കാര്‍ മാറ്റിയിരുന്നു. സുരക്ഷയോടെപ്പം,സ്വദേശികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവര്‍ അനര്‍ഹമായി കൈപ്പറ്റുന്നുവെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു ഇത്.
Post Your Comments