Kerala

വെള്ളം കുടിയ്ക്കാനെത്തിയ നാടോടി സ്ത്രീകള്‍ വീട്ടമ്മയോട് ചെയ്തത്

പുന്നയൂര്‍ക്കുളം : വെള്ളം കുടിയ്ക്കാനെത്തിയ നാടോടി സ്ത്രീകള്‍ വീട്ടമ്മയുടെ കണ്ണുവെട്ടിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. പൂഴിക്കളയില്‍ വ്യാപാരിയായ ചിറ്റിലപ്പിള്ളി വീട്ടില്‍ യേശുദാസന്റെ വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. വെള്ളം കുടിക്കാനെന്ന വ്യാജേന വീട്ടിലേക്കു കയറിവന്ന തമിഴ് നാടോടി സ്ത്രീകള്‍ വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണാഭരണവുമായി രക്ഷപ്പെടുകയായിരുന്നു, എന്നാല്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വെള്ളം കുടിക്കാനെന്ന വ്യാജേന യേശുദാസിന്റെ വീട്ടില്‍ എത്തിയ നാടോടി സ്ത്രീകള്‍ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ യേശുദാസിന്റെ അമ്മ കൊച്ചമ്മ വെള്ളം എടുക്കാന്‍ അകത്തേക്ക് പോയി. യേശുദാസിന്റെ ഭാര്യ ഷൈല ഈ സമയം അടുത്തുള്ള പറമ്പില്‍ നിന്ന് വിറകെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വെള്ളമെടുക്കാനായി അകത്തേയ്ക്കു പോയ കൊച്ചമ്മയുടെ പിന്നാലെ അകത്തേക്കു കടന്ന തമിഴ് സ്ത്രീകള്‍ അകത്തുണ്ടായിരുന്ന അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണമെടുത്തു. കൊച്ചമ്മ ഇത് അറിഞ്ഞിരുന്നില്ല. പറമ്പില്‍ പോയ ഭാര്യ ഷൈല കടന്നുവന്നപ്പോള്‍ വീട്ടുമുറ്റത്ത് തമിഴ് സ്ത്രീകളെ കണ്ടു. ഇവരോട് കാര്യം തിരക്കിയപ്പോള്‍ വെള്ളം കുടിക്കാന്‍ വന്നതാണെന്നു പറഞ്ഞ് ഇവര്‍ പോവുകയും ചെയ്തു.

അകത്തുകയറിയപ്പോഴാണ് ആഭരണം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്കിന്റെ പാത്രം നിലത്തുവീണുകിടന്നിരുന്നത് കണ്ടത്. ഉടനെ അലമാര തുറന്നുനോക്കിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പുറത്തേക്ക് വരുമ്പോഴേക്കും തമിഴ് സ്ത്രീകള്‍ രക്ഷപ്പെട്ടിരുന്നു. ബഹളംവച്ച് നാട്ടുകാര്‍ കൂടി. ദേവാനന്ദന്‍, പ്രഭാകരന്‍ എന്നിവര്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ആല്‍ത്തറ സെന്ററിലേക്ക് എത്തിയപ്പോഴേക്കും ഇവര്‍ പൊന്നാനി ഭാഗത്തേക്കുള്ള ബസില്‍ കയറിയതായി അറിഞ്ഞു. എരമംഗലം സെന്ററില്‍വെച്ച് ഇവരെ കണ്ടുമുട്ടുകയും ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആഭരണം എടുത്തിട്ടില്ലെന്നു പറഞ്ഞു.

സംഭവമറിഞ്ഞ് വടക്കേക്കാട് പോലീസും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹകരണത്തോടെ പോലീസ് ഇവരെ പിടികൂടി. പോലീസിനെ കണ്ടതോടെ ഇവര്‍ ആഭരണം പറമ്പിലേക്കു വലിച്ചെറിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ആഭരണം പറമ്പില്‍ കളഞ്ഞുവെന്ന് പറഞ്ഞു. തമിഴ്‌നാട് ചിന്നസേലം ബസ് സ്റ്റാന്‍ഡിനു അടുത്ത് താമസിക്കുന്ന കുമാറിന്റെ ഭാര്യ ഭഗവതി (40), മുരുകന്റെ ഭാര്യ ദേവി (24), ബാലന്റെ ഭാര്യ മീനാക്ഷി (23) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവര്‍ മോഷ്ടിച്ച ഏഴരപവന്‍ ആഭരണവും കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button