ന്യൂഡല്‍ഹി: കാശ്മീരില്‍ കലാപാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി പണം ഒഴുകിയെത്തിയ വഴികളെക്കുറിച്ച് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദക്ഷിണകാശ്മീരിലെ 22 ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. കലാപം ഉണ്ടാകുന്ന ദിവസങ്ങള്‍ക്ക് മുമ്പുള്ള ദിവസങ്ങളില്‍ ഇ അക്കൗണ്ടുകളില്‍ നിന്ന്‍ കണക്കില്‍പ്പെടാത്ത വന്‍തുകകള്‍ പിന്‍വലിച്ചതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍, ആ അക്കൗണ്ടിന്‍റെ ഉടമസ്ഥര്‍ക്ക് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദ ഘടകങ്ങള്‍, കാശ്മീരി വിഘടനവാദികള്‍, പാകിസ്ഥാനില്‍ നിന്ന്‍ ഭീകരവാദത്തിന് സാമ്പത്തികസഹായങ്ങള്‍ കൊടുക്കുന്നവര്‍ എന്നിവരുമായുള്ള ബന്ധം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്‍ഐഎ.
എന്‍ഐഎയുടെ നിരീക്ഷണത്തിലുള്ള ഈ അക്കൗണ്ടുകളിലെ പണമിടപാടുകള്‍ക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കലാപങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നതിന് മതിയായ തെളിവുകള്‍ ലഭിച്ചാല്‍, ജമ്മുകാശ്മീര്‍ അഫക്റ്റീസ് റിലീഫ് ട്രസ്റ്റ് (ജെകാര്‍ട്ട്) എന്ന എന്‍ഐഎ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കേസിനൊപ്പം ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് അന്വേഷണം വിപുലമാക്കുക എന്നതാണ് പദ്ധതി. ഇന്ത്യയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കാന്‍ ഹിസ്ബുള്‍ മുജാഹിദീന്‍ രൂപീകരിച്ചിരിക്കുന്ന ഒരു മുഖംമൂടി സംഘടനയാണ് ജെകാര്‍ട്ട്.
2011-ലാണ് എന്‍ഐഎ ജെകാര്‍ട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 1999-ല്‍ ഹിസ്ബുള്‍ ചീഫ് സയ്യെദ് സലാഹുദ്ദീന്‍, പാക് ഗവണ്മെന്‍റ്, ഐഎസ്ഐ എന്നിവരുടെ ഒത്താശയോടെ റാവല്‍പിണ്ടിയില്‍ വിളിച്ചുചേര്‍ത്ത ഒരു മീറ്റിംഗിലാണ് ജെകാര്‍ട്ട് രൂപീകരിച്ചത്. അന്നുമുതല്‍ വിവിധ ബാങ്കിംഗ് ചാനലുകള്‍ വഴി ഇന്ത്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പണം ജെകാര്‍ട്ട് ഒഴുക്കിക്കൊണ്ടിരിക്കുന്നു. വളരെ ആസൂത്രിതമായ രീതിയിലാണ് ജെകാര്‍ട്ട് പാകിസ്ഥാനില്‍ നിന്ന്‍ പണം സ്വരൂപിക്കുന്നതും, അത് ഇന്ത്യയിലേക്ക് എത്തിക്കുന്നതും.
എന്‍ഐഎയുടെ കുറ്റപ്പത്രത്തില്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ 8-വര്‍ഷത്തിനിടയില്‍ ജെകാര്‍ട്ട് ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒഴുക്കിയത് 80-കോടി രൂപയാണ്. ദക്ഷിണകാശ്മീരിലെ 22 ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഒരു ആശാരിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് വന്നത് 16-ലക്ഷം രൂപയാണ്. ഈ അക്കൗണ്ട് 3-4 മാസത്തിനുള്ളില്‍ ക്ലോസ് ചെയ്യുകയും ചെയ്തു.
33-34 കോടി രൂപവരെ അറ്റാദായം കാണിക്കുന്ന സ്മോള്‍ ആന്‍ഡ് മീഡിയം ബിസിനസ് സ്ഥാപനങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളാണ് മറ്റുള്ളത്. പക്ഷേ ഈ സ്ഥാപനങ്ങളുടെ ആദായനികുതി രേഖകളില്‍ കാണിച്ചിരിക്കുന്നത് ആകെ വരുമാനം 4-ലഷം രൂപ എന്നാണ്. കലാപങ്ങള്‍ നടക്കുന്നതിന്‍റെ 1-2 ദിവസങ്ങള്‍ക്ക് മുമ്പ് ഈ അക്കൗണ്ടുകളില്‍ നിന്ന്‍ പണം പിന്‍വലിച്ചതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഈ ദിശയില്‍ത്തന്നെയാണ് എന്‍ഐയുടെ അന്വേഷണം പുരോഗമിക്കുന്നതും.
Post Your Comments