പാരിസ്: ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന തന്ത്രപ്രധാനമായ അന്തര്‍വാഹിനിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്നില്‍ നിന്ന് ചോര്‍ന്ന സംഭവത്തില്‍ കമ്പനി വിശദീകരണവുമായി രംഗത്ത്. കമ്പനികള്‍ തമ്മിലുള്ള കിടമത്സരമാണ് രഹസ്യവിവരങ്ങള്‍ ചോരുന്നതിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നതായി കമ്പനി വക്താവ് വ്യക്തമാക്കി.
ആയുധ നിര്‍മാണ കമ്പനികള്‍ തമ്മിലുള്ള കിടമത്സരമാണ് ഇത്തരമൊരു സംഭവത്തിനിടയാക്കിയതെന്നും കോര്‍പറേറ്റ് തലത്തിലുള്ള ചാരപ്രവര്‍ത്തനം ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. മത്സരം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും വക്താവ് പറഞ്ഞു.
കമ്പനിയില്‍ നിന്ന് 22,000 പേജുകള്‍ അടങ്ങുന്ന വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അന്തര്‍വാഹിനിയില്‍ നിന്ന് കപ്പലുകള്‍ക്കെതിരെ തൊടുക്കുന്ന ടോര്‍പ്പിഡോകളുടെ വിക്ഷേപണ സംവിധാനം, വിവിധ വേഗതയില്‍ അന്തര്‍വാഹിനിയില്‍ നിന്ന് പുറപ്പെടുന്ന ശബ്ദം, വെള്ളത്തിനിടയില്‍ എത്ര ആഴത്തില്‍ കിടക്കാം തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് ചോര്‍ന്നിരിക്കുന്നത്. അന്തര്‍വാഹിനിയിലെ സെന്‍സറുകള്‍, ആശയവിനിമയം, ഗതിനിര്‍ണയം തുടങ്ങിയ കാര്യങ്ങളും ചോര്‍ന്നതില്‍ പെടുന്നു.
3.9 ബില്യണ്‍ഡോളറിന്റെ ഇടപാടാണ് ഇന്ത്യയ്ക്ക് ഡിസിഎന്നുമായി ഉണ്ടായിരുന്നത്. പ്രതിരോധ വിവരങ്ങള്‍ ചോര്‍ന്നതോടെ നേട്ടമായിരിക്കുന്നത് ചൈനയ്ക്കും പാകിസ്താനുമാണ്. 2011ല്‍ ഒരു മുന്‍ ഫ്രഞ്ച് നേവി ഉദ്യോഗസ്ഥനാണ് വിവരങ്ങള്‍ മോഷ്ടിച്ചതെന്നും അക്കാലത്ത് ഡി.സി.എന്നിന്റെ സഹ കോണ്‍ട്രാക്ടറായിരുന്നു അദ്ദേഹമെന്നും ആണ് വിവരങ്ങള്‍ പുറത്ത് വിട്ട ഓസ്‌ട്രേലിയന്‍ പത്രം പറയുന്നത്.
സംഭവത്തേപ്പറ്റി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തേപ്പറ്റി ഫ്രാന്‍സും അന്വേഷണം പ്രഖ്യാപിച്ചു. വിവരങ്ങള്‍ പുറത്തായത് തങ്ങളുടെ ഇടപാടുകാരെ കാര്യമായി ബാധിച്ചതായി ഡിസിഎന്‍ പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു. അതേസമയം വിവരങ്ങള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ പല കമ്പനികളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
Post Your Comments