KeralaNews

വിവരാവകാശ നിയമം: സാധാരണക്കാര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ജനാധിപത്യ ഭരണസമ്പ്രദായത്തില്‍ വിപ്ലവകരവും പരിവര്‍ത്തനപരവുമായ വലിയൊരു ചുവടുവയ്പാണ് വിവരാവകാശ നിയമം നിലവില്‍ വന്നതോടെ നാം നേടിയത്. മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയും തീരുമാനങ്ങളും വിവരാവകാശ നിയമത്തിന്റെ എത്രത്തോളം പരിധിയില്‍ വരുമെന്നുള്ളതിനെപ്പറ്റി ചൂടുറ്റ ചര്‍ച്ചകള്‍ വിവിധ തലങ്ങളില്‍ നടക്കുന്നുണ്ട്.

 ഏതൊരു വിഷയത്തിലും ഈവിധമുള്ള ചര്‍ച്ചകള്‍ അര്‍ത്ഥവത്തും ഗുണപ്രദവുമായ പരിണതഫലം സമൂഹത്തിന് പൊതുവായി നല്‍കും. ജനാധിപത്യം ഒരു തുറന്ന ഭരണ സംവിധാനമായതുകൊണ്ട് പൊതു അധികാര സ്ഥാനങ്ങളുടെ പ്രവര്‍ത്തന രംഗത്ത് യഥാര്‍ത്ഥമായി എന്തു നടക്കുന്നുവെന്നറിയുവാന്‍ പൗരന് എല്ലാ സ്വാതന്ത്ര്യവുമുണ്ടാകേണ്ടതാണ്. എന്നാല്‍ മാത്രമേ ഭരണനേട്ട കോട്ടങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കി രാജ്യപുരോഗതിക്ക് ഉതകുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ ഉരുത്തിരിഞ്ഞുവരികയും തദ്വാര ആവശ്യമായ ഭേദഗതികള്‍ ഭരണ നിര്‍വഹണ രംഗത്ത് നടപ്പാക്കുവാന്‍ സാധിക്കുകയുമുള്ളൂ.

ഭരണകര്‍ത്താക്കളില്‍ ഉത്തരവാദിത്വബോധവും സത്യസന്ധതയും ഉണ്ടാകണമെങ്കില്‍ അവരുടെ ഔദ്യോഗിക പ്രവര്‍ത്തനങ്ങളെ നിരന്തരം ഗുണദോഷ ചിന്തനത്തിന് വിധേയമാക്കണം. അധികാരികളുടെ ഏകപക്ഷീയമായ തീരുമാനങ്ങള്‍, രഹസ്യ ഇടപാടുകള്‍, അവിഹിത ഇടപെടലുകള്‍, ധനദുര്‍വിനിയോഗം, പണാപഹരണം, തുടങ്ങിയുള്ള അഴിമതികള്‍ക്ക് കുറയൊക്കെ തടയിടുവാന്‍ വിവരാവകാശങ്ങള്‍ ഒരു പ്രേരകശക്തിയായി മാറിയിരിക്കുകയാണ്.

അറിയുവാനുള്ള അവകാശം (റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍) പല രാജ്യങ്ങളിലും നിയമപരമായി നിലവില്‍ വന്നത് സുദീര്‍ഘവും വിശാലവുമായ ചര്‍ച്ചകളിലൂടെ ഈ വിഷയത്തില്‍ പരിജ്ഞാനമുള്ളവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്. അതുപോലെ തന്നെയാണ് ഇന്ത്യയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളില്‍ വിവരാവകാശവും ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നും, അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യത്തില്‍ വിവരാവകാശം ഒരു അവിഭാജ്യ ഘടകമാണെന്നും അവിതര്‍ക്കിതമായി പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയും, സംസ്ഥാനങ്ങളുടെ ജനകീയശബ്ദവും സമ്മര്‍ദ്ദവും, പ്രസ് കൗണ്‍സില്‍ ഒഫ് ഇന്ത്യ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ നിരന്തരമായ പ്രേരണയും പ്രോത്സാഹനവും തുടങ്ങിയവയുടെ ഫലമായാണ് 2005 ലെ റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ ആക്ട് (ആര്‍.ടി.ഐ ആക്ട്) നിലവില്‍ വന്നത്. ഈ നിയമം വളരെ ആവേശത്തോടെ അംഗീകരിക്കപ്പെട്ടു.

വിവരാവകാശനിയമപ്രകാരം ഓരോ പൊതു അധികാര സ്ഥാപനത്തിലും അപേക്ഷകന് ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുവാനായി കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും ബന്ധപ്പെട്ട അധികാരികള്‍ നിയമിക്കേണ്ടതാണ്. കൂടാതെ സബ് ഡിവിഷന്‍, സബ് ജില്ലാ തലത്തില്‍ കേന്ദ്ര അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും, സംസ്ഥാന അസിസ്റ്റന്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെയും അനുയോജ്യമായി നിയമിക്കേണ്ടതാണ്. വിവരങ്ങള്‍ ലഭിക്കുവാന്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ അല്ലെങ്കില്‍ അപേക്ഷ നല്‍കുന്ന സ്ഥലത്തെ ഔദ്യോഗിക ഭാഷയിലോ ബന്ധപ്പെട്ട ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ അപേക്ഷ നല്‍കണം. അപേക്ഷയില്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തേണ്ടതില്ല. അപേക്ഷാഫീസ് പത്ത് രൂപയാണ്. ഈ തുക കോര്‍ട്ടുഫീ സ്റ്റാമ്പായോ, ട്രഷറി റെസീപ്റ്റായോ, അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റ്, പേ ഓര്‍ഡര്‍ തുടങ്ങിയവയായോ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേരില്‍ അദ്ദേഹത്തിന്റെ ഓഫീസിലുള്ള അടുത്തുള്ള ബാങ്കില്‍ മാറാവുന്ന വിധത്തില്‍ നല്‍കേണ്ടതാണ്. അപേക്ഷാഫീസ് പത്തു രൂപാ മാത്രമാണ്. അതിനുശേഷം വിവരം ലഭിക്കുന്നതിന് പേജൊന്നിന് രണ്ടു രൂപയും, സാമ്പിളുകള്‍ക്കും മോഡലുകള്‍ക്കും അതിന്റെ യഥാര്‍ത്ഥ വിലയോ, ചെലവോ നല്‍കേണ്ടതും ഡിസ്‌ക്കാണെങ്കില്‍ 50 രൂപയും നല്‍കേണ്ടതാണ്. രേഖകള്‍ പരിശോധിക്കുന്നതിന് ആദ്യത്തെ ഒരു മണിക്കൂര്‍ വരെ ഫീസ് നല്‍കേണ്ടതില്ല. പിന്നേയുള്ള ഓരോ മണിക്കൂറിനും അഞ്ചു രൂപ നിരക്കില്‍ ഫീസ് നല്‍കേണ്ടതാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഫീസ് നല്‍കേണ്ടതില്ല.

മേല്‍ വിവരിച്ചരീതിയില്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ അപേക്ഷകള്‍ പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് നല്‍കിയതെങ്കില്‍ 30 ദിവസത്തിനകവും, അതല്ല അസിസ്റ്റന്റ് പബ്‌ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് നല്‍കിയതെങ്കില്‍ 35 ദിവസത്തിനകവും അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ച് നിര്‍ദ്ദിഷ്ട ഫീസ് സ്വീകരിച്ച് വിവരങ്ങള്‍ നല്‍കുകയോ മറിച്ച് അപേക്ഷ നിരസിക്കുന്നുവെങ്കില്‍ അതിന്റെ കാരണങ്ങള്‍ അപേക്ഷകനെ ബോദ്ധ്യപ്പെടുത്തുകയോ ചെയ്യേണ്ടതാകുന്നു. മേല്‍പ്പറഞ്ഞ സമയപരിധിക്കുള്ളില്‍ അപേക്ഷകന് വിവരം ലഭിച്ചില്ലെങ്കില്‍ അപേക്ഷ നിരസിച്ചതായി കണക്കാക്കേണ്ടതാണ്.

വിവരാവകാശ നിയമത്തില്‍ പ്രത്യേക കാരണങ്ങളാല്‍ ചില വിവരങ്ങള്‍ വെളിപ്പെടുത്തലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാജ്യതാത്പര്യത്തിന് ഹാനികരമായവ, കോടതി നിരോധിച്ചിട്ടുള്ളവ, പാര്‍ലമെന്റിന്റെയോ അസംബ്‌ളിയുടെയോ പ്രത്യേകാവകാശത്തിന്റെ ലംഘനമാകാനിടയുള്ളവ, വിദേശ സര്‍ക്കാരുകളില്‍ നിന്ന് ലഭിച്ചിട്ടുള്ള രഹസ്യ വിവരങ്ങള്‍, കുറ്റവാളികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നവ, പൊതുതാത്പര്യവുമായി ബന്ധമില്ലാത്ത വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മന്ത്രിസഭാ അംഗങ്ങളുടെയും സെക്രട്ടറിമാരുടെയും, മറ്റ് ഉദ്യോഗസ്ഥന്മാരുടെയും ചര്‍ച്ചാരേഖകള്‍ ഉള്‍പ്പെടെയുള്ള കാബിനറ്റ് രേഖകളും ഒഴിവാക്കിയവയില്‍പ്പെടുന്നു. എന്നാല്‍ മന്ത്രിസഭയുടെ തീരുമാനങ്ങളും അങ്ങനെ തീരുമാനമെടുക്കുവാനുള്ള കാരണങ്ങളും വസ്തുതകളും തീരുമാന നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം അപേക്ഷകര്‍ക്ക് അവയുടെ രേഖകള്‍ ലഭ്യമാക്കേണ്ടതാണ്. വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷ നിരസിക്കുകയോ, വിവരാവകാശ നിയമം അനുശാസിക്കുന്ന പരിധിക്കുള്ളില്‍ വിവരങ്ങള്‍ നല്‍കാതിരിക്കുകയോ, ന്യായയുക്തമല്ലാത്ത ഫീസ് ആവശ്യപ്പെടുകയോ, നല്‍കിയ വിവരങ്ങള്‍ തെറ്റെന്നോ, അപൂര്‍ണമെന്നോ, തെറ്റിദ്ധരിപ്പിക്കുന്നതിനാണെന്നോ അപേക്ഷകന് തോന്നിയാല്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ അപേക്ഷകന് ആവശ്യമെങ്കില്‍ 30 ദിവസത്തിനകം ഒരു ഒന്നാം അപ്പീല്‍ അതിന് വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ള ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥന് നല്‍കാവുന്നതാണ്. അദ്ദേഹം അപ്പീല്‍ കിട്ടിയാല്‍ 30 ദിവസത്തിനകം നടപടി സ്വീകരിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button