IndiaNews

ഗാന്ധിവധം: ആർഎസ്എസിന് പങ്കില്ലെന്ന് രാഹുൽ സമ്മതിച്ചു, കോൺഗ്രസ് നേതൃത്വം ആക്ഷേപമെല്ലാം പിൻ‌വലിക്കുന്നു

കെവിഎസ് ഹരിദാസ്

ഗാന്ധിവധം സംബന്ധിച്ച വിവാദത്തിൽ നിലപാട് മാറ്റിക്കൊണ്ട് രാഹുൽ ഗാന്ധി രംഗത്ത് . സുപ്രീം കോടതിയിലെ കേസിന്റെ പരിഗണനക്കിടയിലാണ് ആർ എസ് എസ് ആണ് ഗാന്ധിജിയെ വധിച്ചതെന്ന് താൻ പറഞ്ഞിട്ടേയില്ലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ സത്യവാങ്‌മൂലം സമർപ്പിച്ചത്. ജയിലിൽ പോയാലും ആർ എസ് എസിനെതിരെ പറഞ്ഞത് പിൻവലിക്കില്ലെന്നും ആർ എസ് എസാണ് ഗാന്ധിജിയെ വധിച്ചതെന്നും പ്രസ്താവിച്ചതും ഇന്നിപ്പോൾ രാഹുൽ ഗാന്ധി വിഴുങ്ങിയിരിക്കുന്നു. ആർ എസ് എസ് എന്ന സംഘടനയല്ല മറിച്ചു അതുമായി ബന്ധമുണ്ടായിരുന്ന ഒരാളാണ് വധത്തിനു പിന്നിലെന്നാണ് താൻ പറഞ്ഞതെന്നും അക്കാര്യം മുംബൈ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ടെന്നുമാണ് രാഹുൽ ഇപ്പോൾ പറയുന്നത്. രാഷ്ട്രീയമായി ഇത്തരമൊരു കീഴടങ്ങൽ കോൺഗ്രസ് തീരുമാനിച്ചതാണ് എന്നാണ് വ്യക്തമാവുന്നത്. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ ദീപക് മിശ്ര, ആർ എഫ് നരിമാൻ എന്നിവരുൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ഹർജിക്കാരന്റെ നിലപാട് എന്താണ് എന്ന് കോടതി ആരാഞ്ഞു. എന്നാൽ കക്ഷിയുമായി സംസാരിച്ച ശേഷമേ നിലപാട് അറിയിക്കാൻ കഴിയൂ എന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ യു ആർ ലളിത് അറിയിച്ചു. കേസ് അതിനെ തുടർന്ന് സെപ്റ്റംബർ ഒന്നിലേക്ക് മാറ്റി.

2015 മാർച്ച് ആറിനാണ് രാഹുൽ ഭിവണ്ടിയിലെ പൊതുയോഗത്തിൽ ആർ എസ് എസിനെ ഗാന്ധിവധവുമായി ബന്ധിപ്പിച്ചു സംസാരിച്ചത്. ആർ എസ് എസ് പ്രാദേശിക നേതാവായ രാജേഷ് മഹാദേവ് കുന്തെ ആണ് കേസ് ഫയൽ ചെയ്തത്. ജനുവരി ആറിന് കോടതിയിൽ ഹാജരാവാൻ മജിസ്‌ട്രേറ്റ് കോടതി സമൻസ് അയച്ചപ്പോഴാണ് രാഹുൽ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. കേസ് റദ്ദാക്കാൻ ആവശ്യപ്പെട്ട്‌ ആദ്യം മുംബൈ ഹൈക്കോടതിയിലും പിന്നീട് കേസ് സുപ്രീം കോടതിയിലുമെത്തി. ഒന്നുകിൽ പറഞ്ഞത് പിൻവലിക്കണം, അല്ലെങ്കിൽ വിചാരണ നേരിടണം എന്നതായിരുന്നു സുപ്രീം കോടതി ഒരിക്കൽ ആവശ്യപ്പെട്ടത്. എന്നാൽ അതിനു തയ്യാറല്ലെന്നും ജയിലിൽ പോയാലും ആർ എസ് എസ് നടത്തിയതാണ് ഗാന്ധിവധം എന്നും അന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസും പരസ്യമായി പറയുകയായിരുന്നു. അതൊക്കെയാണിപ്പോൾ മറക്കാൻ കോൺഗ്രസ് തയ്യാറായത്. തെറ്റ് ഏറ്റു പറയുകയാണ് യഥാർഥത്തിൽ രാഹുൽ ചെയ്തിരിക്കുന്നത്. ആർ എസ് എസ് അല്ല ഗാന്ധിവധത്തിനു പിന്നിലെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ പരസ്യമായി കോടതിയിൽ സമ്മതിച്ചത് ആർ എസ് എസിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നേട്ടമാണ്. 1948 മുതൽ കോൺഗ്രസും മറ്റു സംഘ വിരുദ്ധ പ്രസ്ഥാനങ്ങളും പറഞ്ഞുനടന്നത് തെറ്റാണെന്നു കോൺഗ്രസ് തുറന്നു സമ്മതിക്കുകയാണല്ലോ. . എന്നാലിപ്പോഴും ആർ എസ് എസുമായി ബന്ധമുള്ളയാളാണ് ഗാന്ധിവധത്തിനു പിന്നിലെന്ന് പറയുന്നുണ്ട്. അതും നാളെ രാഹുൽ തിരുത്താൻ സമ്മതിച്ചുകൂടായ്‌കയില്ല.

മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് ഈ കേസിൽ ഇന്ന് സുപ്രീം കോടതിയിൽ രാഹുലിനുവേണ്ടി ഹാജരായത്. മുംബൈ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങമൂലം സംബന്ധിച്ചു അദ്ദേഹം ബോധിപ്പിച്ചു. അപ്പോൾ കോടതി സിബലിനോട് ചോദിച്ചു: ” ‘what we understand is that the accused never blamed the RSS as an institution that killed Mahatma Gandhi but the person associated with it’”. (ആർ എസ് എസ് എന്ന പ്രസ്ഥാനമാണ് മഹാത്മാ ഗാന്ധിയെ വധിച്ചതെന്ന് പ്രതി പറഞ്ഞിട്ടേയില്ല എന്നും അതുമായി ബന്ധപ്പെട്ട ഒരാളാണ് അതുചെയ്തത് എന്നുമാണ് ഞങ്ങൾ മനസിലാക്കുന്നത്). അതാണ് ഉദ്ദേശിച്ചത് എന്ന് കപിൽ സിബൽ പറയുകയും ചെയ്തു.

കോൺഗ്രസ് അധ്യക്ഷനായിരുന്ന സീതാറാം കേസരി, മുതിർന്ന നേതാവായിരുന്ന അർജുൻ സിങ്, കോളമിസ്റ്റും മറ്റുമായിരുന്ന എൻ ജി നൂറാനി എന്നിവരെല്ലാം ഇതിനുമുൻപ് ഗാന്ധിവധവുമായി ബന്ധപ്പെടുത്തി ആർ എസ് എസിനെതിരെ ആക്ഷേപമുന്നയിച്ചതിന്റെ പേരിൽ പരസ്യമായി കോടതിയിൽ മാപ്പപേക്ഷ നൽകി രക്ഷപ്പെട്ടത് ചരിത്രമാണ്. അതങ്ങനെ ആയിരിക്കെ രാഹുൽ ഗാന്ധിക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക എന്നത് കോൺഗ്രസിനെ വല്ലാതെ അലട്ടിയിരുന്നു. വിവരക്കേടാണ് കോൺഗ്രസ് ഉപാധ്യക്ഷൻ ചെയ്തതെന്നും അത് തലവേദനയാകുകയാണ് എന്നും അന്നുതന്നെ കോൺഗ്രസുകാർ പറയുന്നുണ്ടായിരുന്നു. ആർ എസ് എസിനെതിരെ കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി തങ്ങൾ ഉന്നയിച്ചുവരുന്ന പരാതി അല്ലെങ്കിൽ ആക്ഷേപം തെറ്റായി എന്ന് സ്വയം സമ്മതിക്കുന്നതിലെ രാഷ്ട്രീയ പരാജയമാണ് കോൺഗ്രസിനെ അലട്ടുന്നത്. ജയിലിൽ പോയാൽ പോലും ഇത്തരം മോശമായ അവസ്ഥയുണ്ടാവുമായിരുന്നില്ല എന്ന് ഇന്നിപ്പോൾ കോൺഗ്രസുകാർ പറയുന്നു. രാഹുലായതിനാൽ തുറന്നുപറയാനുള്ള കരുത്തില്ല എന്നുമാത്രം.

ഇത്‌ ആർ എസ് എസിനു നൽകുന്ന കരുത്ത് ചെറുതല്ല. കഴിഞ്ഞ 68 വർഷമായി ആർ എസ് എസ് നേരിടുന്ന ഒരു പ്രശ്നത്തിന് ഇതോടെ ആത്യന്തികമായി പരിഹാരമാവുന്നു എന്നതും പറയാതെ വയ്യ.

ഗാന്ധിജി വധവുമായി ബന്ധപ്പെടുത്തി ആർഎസ് എസിനെതിരെ കരുക്കൾ നീക്കാൻ പണ്ഡിറ്റ് നെഹ്‌റു കാണിച്ച താല്പര്യങ്ങൾ എല്ലാവർക്കുമറിയാം. അന്നതിന് വഴങ്ങുകയാണ് ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ പട്ടേൽ ചെയ്തത്. എന്നാൽ നാഥുറാം ഗോഡ്‌സെയുടെ കേസിൽ ഒരിടത്തും കോടതിക്ക് ആർ എസ്എസിനെ കുറ്റവാളിയായി കാണാൻ കഴിഞ്ഞിരുന്നില്ല. ആ ബൃഹദ് വിധിന്യായം വായിച്ചാൽ അതു ആർക്കും വ്യക്തമാവും. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെ ടി തോമസ് അടുത്തകാലത്തു അക്കാര്യം കൊച്ചിയിലെ ഒരു ചടങ്ങിൽ വെച്ചു പരസ്യമായി പറഞ്ഞതും ഇത്തരുണത്തിൽ ഓർക്കേണ്ടതുണ്ട്. അതിന്റെപേരിൽ കേരളത്തിലെ രാഷ്ട്രീയക്കാർ ജസ്റ്റിസ് തോമസിനെതിരെ പ്രസ്താവനയുദ്ധം നടത്തുകയും ചെയ്തു. ഗാന്ധിവധം സംബന്ധിച്ച കോടതിവിധി താൻ വായിച്ചുവെന്നും അതിലെങ്ങും ആർ എസ് എസിനെതിരെ ഒന്നും പറയുന്നില്ലെന്നും അതുകൊണ്ടുതന്നെ ഗാന്ധിവധത്തിൽ ആർ എസ്എസിന് എന്തെങ്കിലും ബന്ധമുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നുമാണ് താൻ വിശദീകരിച്ചത് എന്നു അദ്ദേഹം വിശദീകരിച്ചിട്ടും പലരുടെയും നാവടങ്ങിയില്ല. യഥാർത്ഥത്തിൽ അതാണ് സത്യം. കോടതി ഒരിടത്തും ഗാന്ധിവധവുമായി ആർ എസ് എസിനെ ബന്ധിപ്പിച്ചിരുന്നില്ല. കോൺഗ്രസ് സർക്കാർ അതിനു കഴിയുന്നത്ര ശ്രമിച്ചിരുന്നു എന്നത് ഈ വേളയിൽ ഓർക്കാതെ പോകരുതുതാനും.

പിന്നീട് 1965 -ൽ ഇക്കാര്യം പരിശോധിക്കാനായി കപൂർ കമ്മീഷനെ ഇന്ദിരാഗാന്ധി സർക്കാർ നിയമിച്ചു. അതു എല്ലാവശവും, എല്ലാ കാര്യങ്ങളും വിലയിരുത്തി. 1979-ലാണ് കമ്മീഷൻ അതിന്റെ റിപ്പോർട്ട് സമർപ്പിച്ചത്‌ . അതിലും ആർ എസ്എസിനെ കുറ്റമുക്തമാക്കുകയാണ് ചെയ്തത്. ഗാന്ധിജി വധത്തിൽ ആർ എസ് എസിനു ഒരു പങ്കുമില്ലെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇതൊക്കെ സർക്കാർ രേഖയാണ്. എല്ലാവരും കണ്ടിട്ടുള്ളതാണ് അതെല്ലാം. പിന്നെയും ആർഎസ്എസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തെ എങ്ങിനെയാണ് പിന്നെ ന്യായീകരിക്കാൻ കഴിയുക. ഇതൊക്കെ ആർഎസ്എസോ ബിജെപിയോ നിയമിച്ച കമ്മീഷനായിരുന്നുവെങ്കിൽ മനസിലാക്കാം. അതുമല്ല.

ആർ എസ് എസിനെ നിരോധിച്ചിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. ആ നിരോധനം പിന്നീട് കോൺഗ്രസ് സർക്കാർ തന്നെ പിൻവലിച്ചു. അതിനുമുന്പായി സർദാർ പട്ടേൽ ആർ എസ് എസ് സര്സംഘചാലകായിരുന്ന ഗുരുജി ഗോൾവാൾക്കർക്കു ഒരു കത്തയച്ചിരുന്നു. 1948 സെപ്‌റ്റംബർ 11 നെഴുതിയ കത്തിൽ പട്ടേൽ ആവശ്യപ്പെട്ടത് ആർ എസ് എസ് കോൺഗ്രസിൽ ലയിക്കണമെന്നതായിരുന്നു. അതിലെ അതുസംബന്ധിച്ച വരികൾ ഇങ്ങനെയാണ്. (ഇംഗ്ലീഷിൽ).

“I once again ask you to give your thought to my Jaipur and Lucknow speeches and accept the path I had indicated for the RSS. I am quite certain that therein lies the good of the RSS and the country and moving in that path we can join hands in achieving the welfare of our country. Of course, you are aware that we are passing through delicate times. It is the duty of every one from the highest to the lowliest in this country to contribute his mite, in whatever way possible, to the service of the country. In this delicate hour there is no place for party conflicts and old quarrels. I thoroughly convinced that the RSS men can carry on their patriotic endeavor only by joining the Congress and not by keeping separate or by opposing. I am glad that you have been released. I hope that you will arrive at the proper decision after due consideration of what I have said above. With regard to restrictions imposed upon you I am in correspondence with the CP Government. I shall let you know after receiving their reply.”

ഇതിന്റെ അർത്ഥമെന്താണ്?. ആർ എസ് എസായിരുന്നു ഗാന്ധിവധത്തിനു പിന്നിലെങ്കിൽ അവരോട്‌ കോൺഗ്രസിൽ ചേരാൻ സർദാർ പട്ടേൽ ആവശ്യപ്പെടുമായിരുന്നുവോ. പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന് ഗുരുജി ഗോൾവാൾക്കർ എഴുതിയ കത്തിന് മറുപടിയെന്നവണ്ണമാണ് സർദാർ പട്ടേൽ ഈ കത്തെഴുതിയത് എന്നതും ഓർക്കുക. അതായത് അത്‌ പട്ടേലിന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നില്ല, മറിച്ചു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടായിരുന്നു. അതില്‍നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ, ആർഎസ്എസിനെതിരെ കോൺഗ്രസുകാർ അന്നുന്നയിച്ചതു കഴമ്പില്ലാത്ത ആക്ഷേപമായിരുന്നുവെന്ന്. കോൺഗ്രസിൽ ലയിക്കണമെന്ന ആവശ്യം ആർ എസ്സ് എസ് ആദ്യമേ നിരാകരിച്ചിരുന്നു. കോൺഗ്രസ് ഒരു രാഷ്ട്രീയ കക്ഷിയാണെന്നും ആർ എസ് എസ് സാംസ്കാരിക സംഘടനയാണ് എന്നും ഗുരുജി ഗോൾവാൾക്കർ വ്യക്തമാക്കുകയും ചെയ്തു. രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ആർ എസ് എസിന് അതിന്റെതായ പ്രവർത്തന പദ്ധതിയുണ്ടെന്നും അതുമായി അതു മുന്നോട്ടുപോകുമെന്നും അന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടയിൽ കോൺഗ്രസ് ഒരു പ്രചാരണം അഴിച്ചുവിടാൻ ശ്രമം നടത്തിയിരുന്നു. ചില വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് അന്ന് കേന്ദ്ര സർക്കാർ നിരോധനം പിൻവലിച്ചത് എന്നും മറ്റുമായിരുന്നു അത്. പക്ഷെ, അതും അവരുടെ കയ്യുകൊണ്ടുതന്നെ തുറന്നുകാട്ടപ്പെട്ടു. 1949 സെപ്റ്റംബർ 14 ന് അന്നത്തെ ബോംബെ നിയമസഭയിൽ അവിടത്തെ ആഭ്യന്തര മന്ത്രിയായിരുന്ന മൊറാർജി ദേശായ് നൽകിയ മറുപടിചരിത്രത്തിന്റെ ഭാഗമാണ്. എന്തെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായിട്ടാണോ ആർ എസ്എസിന്റെ നിരോധനം നീക്കിയത് എന്നതായിരുന്നു അവിടെ ഉന്നയിച്ച ചോദ്യം. ആർ എസ്‌ എസ് ഒരു ഉറപ്പും നൽകിയില്ലെന്നും നിരോധനം നീക്കിയത് വ്യവസ്ഥകളൊന്നും കൂടാതെയാണെന്നും അന്ന് മൊറാർജി പറഞ്ഞു. പ്രൊസീഡിങ്‌സ് നമ്പർ പി – 2126 ആണ് രേഖ. ഇതേ മൊറാർജി ദേശായിയാണ് പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.

അതുമാത്രമല്ല, പിന്നീട് 1963 -ലെ റിപ്പബ്ലിക് ദിനത്തിൽ ദൽഹിയിൽ നടന്ന പരേഡിൽ ആർ എസ്എസുകാരെ പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അക്കാലത്തും പണ്ഡിറ്റ് നെഹ്രുവായിരുന്നു പ്രധാനമന്ത്രി എന്നതോർക്കുക. ഗാന്ധിജിയെ വധിച്ചവരെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുപ്പിക്കാൻ നെഹ്‌റുവോ കോൺഗ്രസോ നേതൃത്വം നൽകുന്ന ഒരു ഭരണകൂടം തയ്യാറാവുമെന്നു കരുതാനാവുമോ?. അന്ന് ‘ഗണവേഷ’ത്തിൽ ( ആർ എസ് എസിന്റെ യൂണിഫോമിൽ) ആണ് അവർ അവിടെ മാർച്ചുചെയ്തത് എന്നതും പറയേണ്ടിയിരിക്കുന്നു. അതിനുശേഷം , 1965-ൽ പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിച്ച വേളയിൽ ദൽഹിയിലെ ട്രാഫിക് നിയന്ത്രിക്കാൻ നിയുക്തരായതും ആർ എസ് എസുകാരാണ്. അന്നും കേന്ദ്രത്തിൽ അധികാരത്തിലുള്ളത് കോൺഗ്രസാണല്ലോ. 1962-ലെ ഇൻഡോ-ചൈന യുദ്ധകാലത്തും സർക്കാർ ആർ എസ് എസിന്റെ സഹായം തേടിയിരുന്നു.

അതെന്തായാലും ഈ കോടതി നടപടി സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. ഇനിയെങ്കിലും അവരുടെ പ്രതിയോഗികൾ ഗാന്ധിവധവുമായി ബന്ധപ്പെടുത്തി പ്രസ്ഥാനത്തെ പരസ്യമായി അധിക്ഷേപിക്കുന്നത് നിർത്താൻ അതു വഴിവെക്കുമെന്ന് തീർച്ച. കുപ്രചാരണങ്ങൾക്കു അറുതിയാവും എന്നതുതന്നെ. എന്നാൽ കേസ് തീർന്നു എന്ന് ഇപ്പോഴും പറയാറായിട്ടില്ല. രാഹുലിന്റെ സത്യവാങ്‌മൂലം കോടതി രേഖയായ സ്ഥിതിക്ക് അതിൽനിന്ന്‌ അവർക്കിനി പിന്നാക്കം പോകാൻ പ്രയാസമാകും. എന്നാൽ ഹർജിക്കാരന് രാഹുലിനെതിരെ നീങ്ങാൻ കഴിയുകയും ചെയ്യും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഹർജിക്കാരൻ തീരുമാനിച്ചാലല്ലേ കേസ് പിൻവലിക്കാൻ കഴിയൂ. ഹർജിക്കാരൻ എന്താണ് തീരുമാനിക്കുന്നത് എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്. അത് സെപ്റ്റംബർ ഒന്നിന് കോടതിയിൽ അറിയിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button