അഞ്ജു പ്രഭീഷ്
ദൈവത്തിന്റെ സ്വന്തം നാട് തെരുവുനായ്ക്കളുടെ സ്വന്തം നാടായി മാറുകയാണോ ?? മനുഷ്യജീവനേക്കാളും വിലയുള്ളതായി തീരുന്നുവോ മൃഗങ്ങളുടെ ജീവന്‍ ??തെരുവുനായ്ക്കളിൽ നിന്നും ഉണ്ടാകുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വാർത്തകള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ് നമ്മുടെ കൊച്ചുകേരളത്തില്‍ ..ഇപ്പോഴിതാ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തില്‍ തിരുവനന്തപുരത്തെ പുല്ലുവിളയില്‍ ശീലുവമ്മയെന്ന വൃദ്ധയായ അമ്മയെ തെരുവ്നായ്ക്കൂട്ടം കടിച്ചുകീറി കൊന്നിരിക്കുന്നു . പതിവുപോലെ ഈ മരണത്തിലും പ്രതിഷേധത്തിന്റെ അഗ്നിനാളങ്ങള്‍ സോഷ്യല്‍മീഡിയയിലെങ്ങും കാണാന്‍ കഴിയുന്നുണ്ട്.. ഇവിടുത്തെ രാഷ്ട്രീയക്കാര്‍ കേന്ദ്രത്തിനിട്ടു കൊടുക്കാന്‍ പറ്റിയ ഒരു കൊട്ടായി മനേകാഗാന്ധിയുടെ നായസ്നേഹത്തെ ഉയര്‍ത്തികാട്ടുന്നുമുണ്ട്..പക്ഷേ വിവരമുണ്ടെന്നു സ്വയം കൊട്ടിഘോഷിക്കുന്ന കേരളസമൂഹം കണ്ടില്ലെന്നു നടിച്ചിരിക്കുന്ന പല യാഥാര്‍ത്ഥ്യങ്ങളിലേക്കും വിരല്‍ചൂണ്ടിക്കുന്നുണ്ട് ഈ മരണം .ഈ ദാരുണമരണമൊരു ഒറ്റപ്പെട്ട സംഭവമല്ല തന്നെ..രണ്ടായിരത്തി പന്ത്രണ്ടിനു ശേഷം മാത്രം കേരളത്തില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് കൊല്ലപ്പെട്ടത് 49 പേരാണ്.അതായത് ശീലുവമ്മയുടെ മരണമൊരു ഒറ്റപ്പെട്ട സംഭവം അല്ലായെന്ന് ചുരുക്കം ..സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം മാത്രം 1.22 ലക്ഷം പേര്‍ക്ക് തെരുവ്നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.എന്തുകൊണ്ട് ഇങ്ങനൊരു കണക്ക് പുറം ലോകം അറിഞ്ഞിരുന്നില്ല ?തെരുവ്നായ്ക്കളുടെ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം വേണമെന്ന മുറവിളി നാനാതുറകളില്‍ നിന്നും കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ഇന്നും യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ തെരുവില്‍ പെറ്റ്പെരുകുന്നത് നായകള്‍ മാത്രമല്ലേ?
തെരുവ് നായകള്‍ക്ക് വേണ്ടി കരയാനും വാദിക്കാനും മനേകാ ഗാന്ധിയും രഞ്ജിനിയുമുണ്ട് ..പശുക്കള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഗോരക്ഷാകമ്മിറ്റിയുണ്ട്..പക്ഷേ പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടി സംസാരിക്കാന്‍ മാത്രം ആരുമില്ല..നായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ പൊലിയുമ്പോള്‍ മാത്രം അതുവരെയും മരുന്നുലോബികള്‍ക്ക് കുടപിടിച്ചിരുന്ന തദ്ദേശഭരണസ്ഥാപനത്തിലെ ഭരണകര്‍ത്താക്കള്‍ കേന്ദ്രത്തെ നോക്കി അമര്‍ഷം കൊള്ളും..അന്നേരം മാത്രം അവരിലെ മനുഷ്യസ്നേഹം സടകുടഞ്ഞെണീക്കും..ആക്രമണ സ്വഭാവമുള്ള തെരുവുനായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച്കൊല്ലാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനാവശ്യമായ നടപടികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ കൈക്കൊള്ളണമെന്നും കോടതി പറഞ്ഞിരുന്നു.. പക്ഷേ എന്തുകൊണ്ട് ഈ നിയമം ഇവിടെ പ്രാവര്‍ത്തികമാക്കുന്നില്ല??അവിടെയാണ് മരുന്നുലോബിയും തദ്ദേശഭരണസ്ഥാപനങ്ങളും തമ്മിലുള്ള അവിശുദ്ധബന്ധം മറനീക്കി പുറത്തുവരുന്നത്..ഒരാണും പെണ്ണും ഒരുമിച്ചിരിക്കുന്നത് കണ്ടാല്‍ ഉടന്‍ തന്നെ സദാചാരബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നല്ലവരായ ഉണ്ണികള്‍ എന്തുകൊണ്ട് തെരുവ്നായ്ക്കളെ കൊല്ലാന്‍ ഒരുമിക്കുന്നില്ല ?? മനുഷ്യനെ വെട്ടിക്കൊല്ലാന്‍ ഒരുമിക്കുന്ന ഇവറ്റകള്‍ക്ക് നായകളെ ഓടിച്ചിട്ടുകൊല്ലാന്‍ എന്തേ കരളുറപ്പില്ലേ?? ഒരു മരം മുറിക്കുമ്പോള്‍ പോലും ചങ്ക് പിടയുന്ന പരിസ്ഥിതിസ്നേഹികള്‍ക്കും ഈ വിഷയത്തില്‍ ഒന്നും പറയുവാനില്ല അല്ലേ?അസഹിഷ്ണുതയുടെ പേരില്‍ അവാര്‍ഡുകള്‍ തിരികെ നല്കാന്‍ മത്സരിച്ച സംസ്കാരികനായകര്‍ക്കും തെരുവുനായ്ക്കളുടെ കാര്യത്തില്‍ മൗനം മാത്രം …എന്തുകൊണ്ട് ഈ വന്‍വിപത്തിനെതിരെ പ്രതിഷേധിക്കാന്‍ യുവരക്തങ്ങള്‍ തയ്യാറാവുന്നില്ല ?രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി കൊല്ലാനും കൊല്ലപ്പെടാനും ഒരുങ്ങിയിരിക്കുന്ന യുവതകള്‍ അക്രമകാരികളായ നായകളെ തല്ലിക്കൊല്ലാന്‍ എന്തേ മടിക്കുന്നു ?
ഇവിടെ അടിസ്ഥാന പ്രശ്നം ഓരോരുത്തരുടേയും മനോഭാവമാണ്. തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ല എന്നു വാദിക്കുന്ന എത്ര മൃഗ സ്നേഹികൾ തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ വളർത്തി സംരക്ഷിച്ച് മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ തയ്യാറുണ്ട് ?ഈ മൃഗസ്നേഹികളില്‍ എത്രപേര്‍ക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും നായയുടെ കടിഏൽക്കേണ്ടി വന്നിട്ടുണ്ട്?ഒരിക്കല്‍ പോലുമില്ല..എന്നും തെരുവ്നായ്ക്കളുടെ ആക്രമണത്തിനു ഇരയാവുന്നവര്‍ പാവങ്ങളും ഇരുചക്രവാഹനക്കാരും മാത്രമാണല്ലോ..ബെന്‍സിലും ഓഡിയിലും സവാരി നടത്തുന്ന മൃഗസ്നേഹികളായ കൊച്ചമ്മമാര്‍ ഒരിക്കലെങ്കിലും തെരുവോരം നടന്നുപോകാന്‍ മെനക്കെട്ടിട്ടുണ്ടോ?വീട്ടിലെ ഓമനിച്ചുവളര്‍ത്തുന്ന പഗ്ഗിനെ പോലെ ശാന്തസ്വഭാവക്കാരല്ല തെരുവിലെ നായ്ക്കൂട്ടം..വാഷ് റൂമുകളില്‍ ശൗചം നിര്‍വഹിച്ചുശീലിച്ച നിങ്ങള്‍ക്കറിയാമോ ഇവിടെ പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ വെളിപ്രദേശം തേടി പോകുന്ന പാവപ്പെട്ടവര്‍ ഒരുപാട് ഉണ്ടെന്നുള്ള യാഥാര്‍ത്ഥ്യം..അക്ഷരങ്ങളില്‍ എഴുതിവയ്ക്കപ്പെട്ട ഒരു സമ്പന്നകേരളമല്ല യഥാര്‍ത്ഥ കേരളം..നിസഹായരായ സാധാരണക്കാരെ നോക്കി പരിഹസിക്കുന്നതിനു പകരം മാതൃകാപരമായ പദ്ധതികളുമായി മൃഗസ്നേഹികൾ മുന്നോട്ടു വരണം അല്ലാതെ വില കുറഞ്ഞ പബ്ളിസിറ്റിക്കു വേണ്ടി കോപ്രായങ്ങൾ കാട്ടികൂട്ടുകയല്ല വേണ്ടത്.
എല്ലാ ജീവികൾക്കും ഭൂമിയിൽ ജീവിക്കാൻ അവകാശം ഉണ്ടെന്നതു ശരി തന്നെ. പക്ഷേ ഏതൊരു ജീവിയും മനുഷ്യന് ഭീഷണി ഉയർത്തുമ്പോൾ അവയെ ഭാഗികമായോ കൂട്ടത്തോടെയോ നശിപ്പിക്കേണ്ടത് ആവശ്യമാണ് . കേരളാമുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 438നെ കുറിച്ചു നമ്മളില്‍ എത്രപേര്‍ ബോധവാന്മാരാണ്.ഈ ആക്റ്റ് പ്രകാരം ലൈസന്‍സ് ഇല്ലാത്ത നായ,പന്നി തുടങ്ങിയവയെ പിടിക്കാനും കൊല്ലാനും നിയമം അനുശാസിക്കുന്നുണ്ട്.എന്നിട്ടും എന്ത് കൊണ്ട് ഇവിടെ നായകള്‍ പെറ്റ്പെരുകുന്നു..ഇനി മൃഗസ്നേഹികളോട് ഒരു ചോദ്യം..നിങ്ങളുടെ സ്നേഹം ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ട മൃഗത്തോട് മാത്രമേയുള്ളുവോ??തെരുവ്നായ്ക്കള്‍ക്ക് വേണ്ടി കരഞ്ഞുവാദിച്ച ഒരു സെലിബ്രിറ്റി ഇടക്കാലത്ത് ആനപ്പുറത്തു നടത്തിയ സവാരി പുലിവാലായി മാറി ..നായകളോടു തോന്നിയ സ്നേഹം ആനപ്പുറത്തു വലിഞ്ഞുകയറി സവാരി നടത്തിയപ്പോള്‍ ആനയോട് തോന്നിയില്ല..തീന്‍മേശയില്‍ നിരത്തുന്ന പൊരിച്ച കോഴിയോടും ആടിനോടും കാളയോടും പോത്തിനോടും പന്നിയോടും എന്തേ ഈ സ്നേഹം വരുന്നില്ല??മൂർദ്ധന്യാവ സ്ഥയിൽ കണ്ടു പിടിച്ചാൽ പോലും ഭേദമാക്കാൻ കഴിയാത്ത പേവിഷ ബാധ പരത്തുന്ന തെരുവുനായ്ക്കളോടു മാത്രമുള്ള സ്നേഹം വെറുമൊരു ചീപ്പ് പബ്ലിസിറ്റി സ്റ്റണ്ട് മാത്രം.. മനുഷ്യ ജീവനേക്കാൾ തെരുവുനായ്ക്കൾക്ക് വില കൽപ്പിക്കുന്ന മൃഗസ്നേഹികൾ പേവിഷബാധയേറ്റ് അകാലത്തിൽ ഉറ്റവർ ഇഞ്ചിഞ്ചായി മരിക്കുന്നത് കാണേണ്ടി വരുന്ന ബന്ധുക്കളുടെ മാനസികാവസ്ഥ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും..
തെരുവുനായ്ക്കൾ ക്രമാതീതമായി പെരുകുന്നതിനും ആക്രമണകാരികൾ ആയീ മാറുന്നതിനും ഇടയാക്കുന്ന സാഹചര്യങ്ങളിൽ പ്രധാനം അശാസ്ത്രീയമായ മാലിന്യ സംസ്കരണം തന്നെയാണ് . പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന അറവുശാലാ മാലിന്യങ്ങൾ മുതൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ വരെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നു. ഇറച്ചിക്കടകളും അറവുശാലകളും ഹോട്ടലുകളും അവരവരുടെ മാലിന്യം സംസ്കരിക്കുന്നതിനുളള പ്ലാന്റുകൾ സ്വന്തമായി സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു മറികടക്കാൻ വലുപ്പം കുറഞ്ഞ ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചശേഷം മാലിന്യം മുഴുവനും റോഡിലും പൊതുസ്ഥലങ്ങളിലും തളളുന്ന രീതിയാണ് കണ്ടു വരുന്നത് . ഒരു സ്ഥാപനത്തിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ആസ്ഥാപനത്തിനു പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ ഉത്തരവാദിത്വപ്പെട്ട ആരും തയ്യാറല്ല എന്നത് തന്നെയാണ് കേരളത്തില്‍ തെരുവ്നായ്ക്കള്‍ പെരുകുന്നതിനുള്ള പ്രധാന കാരണം.
മനുഷ്യജീവന് തെരുവ്പട്ടിയുടെ വില പോലും കല്പിക്കാത്ത മൃഗസ്നേഹിയായ കൊച്ചമ്മയുടെ വിലയിരുത്തല്‍ പ്രകാരം നിരുപദ്രവകാരികളായ തെരുവ്നായ്ക്കളുടെ അടുക്കല്‍ മാംസവുമായി പോയ ശീലുവമ്മയാണത്രേ കുറ്റക്കാരി…മാളികവീട്ടിലെ യൂറോപ്പ്യന്‍ക്ലോസറ്റ് മടുത്ത ശീലുവമ്മ കാറ്റുക്കൊണ്ട് വിസര്‍ജ്ജിക്കാനായി കടപ്പുറത്തെയ്ക്ക് പോയതായിരുന്നല്ലോ…പോകുമ്പോള്‍ കൊറിക്കാന്‍ ഒരു കിലോ ബീഫും ആയമ്മ കരുതി..ഗോമാംസം കണ്ട തെരുവ്നായ്ക്കളില്‍ ഗോസ്നേഹം വല്ലാതെ പൊന്തിവന്നു ..ഗോമാതാവിന്റെ മാംസവുമായി നടന്നുപോയ ശീലുവമ്മയെ അവറ്റകള്‍ ആക്രമിച്ചു….ഇനിയും ഇത്തരം ആക്രമണങ്ങള്‍ ഇതുപോലെ വാര്‍ത്തകളില്‍ ഇടം പിടിക്കും..മനുഷ്യരക്തം രുചിച്ച നായകള്‍ രക്തദാഹികളായി തെരുവില്‍ അലയും..അന്നും നായകള്‍ക്ക് വേണ്ടി നട്ടാല്‍ കുരുകാത്ത പ്രസ്താവനകളുമായി വാദിക്കാന്‍ മാളികമുകളിലെ കൊച്ചമ്മമാര്‍ ഉണ്ടാകും..ആ പ്രസ്താവനകളുടെ മറവില്‍ കേരളാമുനിസിപ്പാലിറ്റി ആക്റ്റ് സെക്ഷന്‍ 438 നെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് നമ്മുടെ ഇടതുവലതുസര്‍ക്കാരുകള്‍ മരുന്നുലോബികളെ കയ്യയച്ചു സഹായിക്കും..മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ നീയന്ത്രിക്കുന്നതിൽ പോലും രാഷ്ട്രീയം കലർത്തുന്ന ഭരണ പ്രതിപക്ഷ വിഭാഗങ്ങൾ തികഞ്ഞ അനാസ്ഥ കാണിക്കുമ്പോള്‍ കേരളം ഗോഡ്സ് ഓണ്‍ കണ്ട്രിയില്‍ നിന്നും ഡോഗ്സ് ഓണ്‍ കണ്ട്രി ആയി മാറും ..
Post Your Comments