Uncategorized

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജി വെച്ചതിന് പിന്നില്‍…

തിരുവനന്തപുരം: മറ്റൊരു മുതിർന്ന ഐഎഎസുകാരൻ കൂടി പുതിയ സർക്കാറുമായി യോജിച്ചു പ്രവർത്തിക്കാൻ ബുദ്ധിമുട്ടുകാരണം സിവിൽ സർവീസിൽ നിന്നും രാജിവച്ചു. ഉദ്യോഗസ്ഥ തലത്തിലെ തമ്മിലടിയും ഈഗോ പ്രശ്‌നങ്ങളുമായിരുന്നു കഴിഞ്ഞ യുഡിഎഫ് സർക്കാറിന് ഏറ്റവു അധികം തലവേദന സൃഷ്ടിച്ചത്. സർക്കാറിനോട് നേരിട്ട് തന്നെ ചില ഉദ്യോഗസ്ഥർ ഏറ്റുമുട്ടി. പിണറായി മുഖ്യമന്ത്രിയായി ചുമതലയേറ്റതു മുതൽ ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തുമെന്ന് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അതിന് വേണ്ട നടപടികളും അദ്ദേഹം കൈക്കൊണ്ടു. ഉദ്യോഗസ്ഥരെ വരച്ച വരയിൽ നിർത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത അതൃപ്തിക്ക് ഇടയാക്കുന്നു എന്നാണ് പുറത്തുവരുന്നത്.

ഐഎഎസ് സർവീസിൽ നിന്നും സുരേഷ് കുമാർ സ്വയം വിരമിച്ച് പുറത്തുപോയതിന് പിന്നാലെ പ്രഗത്ഭനായ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ കൂടി ഐഎഎസ് ഉപേക്ഷിച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളാ കേഡറിലെ ഉദ്യോഗസ്ഥനായ ആരോഗ്യ സെക്രട്ടറി ഡോ. കെ. ഇളങ്കോവനാണ് സ്വയം വിരമിക്കൽ പദ്ധതിപ്രകാരം സർവീസിൽ നിന്ന് വിരമിച്ചത്.

കേന്ദ്ര പഴ്‌സണൽ മന്ത്രാലയം ഇളങ്കോവന്റെ സ്വയം വിരമിക്കലിന് അനുമതി നൽകണമെന്ന അപേക്ഷ ഏതാനും ദിവസം മുൻപു അംഗീകരിച്ചിരുന്നു. വി.ആർ.എസിന് സെക്രട്ടറിയും അനുമതി നൽകി ഉത്തരവിറക്കി. എൽ.ഡി.എഫ്. സർക്കാർ അധികാരമേറ്റശേഷം സർവീസ് വിടുന്ന രണ്ടാമത്തെ ഐ.എ.എസുകാരനാണ് ഇളങ്കോവൻ. അടുത്തിടെ സർവീസിൽ നിന്നുപോയ മറ്റൊരാൾ കെ സുരേഷ്‌കുമാറാണ്. പിണറായി സർക്കാറിന്റെ പ്രതിച്ഛായയെ ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞു പോക്ക് ബാധിച്ചിട്ടുണ്ട്.

കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞെത്തിയ അഡീഷണൽ ചീഫ് സെക്രട്ടറി റാങ്കിലുള്ള രാജീവ് സദാനന്ദനെ ഇടതുസർക്കാർ അധികാരമേൽക്കുമ്പോൾ ആരോഗ്യ വകുപ്പ് സെക്രട്ടറിയായിരുന്ന ഡോ. കെ. ഇളങ്കോവനു മുകളിൽ നിയമിച്ചിരുന്നു. അപ്പോൾ മുതലാണ് അദ്ദേഹം വിരമിക്കലിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. സ്ഥാനചലനത്തിൽ അതൃപ്തിയുണ്ടായതോടെ ഇളങ്കോവൻ നീണ്ട അവധിയിൽ പ്രവേശിച്ചു.

സിവിൽ സർവീസ് വിടുന്നത് കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ കുടുംബപരമായ ചില കാരണങ്ങളാൽ ചെന്നൈയിൽ താമസിക്കേണ്ടതിനാലാണ് എന്നാണ് ഇളങ്കോവൻ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. അസ്ഥിരോഗ വിദഗ്ദ്ധൻ കൂടിയായ ഇളങ്കോവന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യപദ്ധതിയുമായി സഹകരിക്കാൻ അവസരം ഉണ്ടായിട്ടുണ്ട്. എം.ബി.ബി.എസും എം.ഡി. ബിരുദവുമുള്ള ഇളങ്കോവൻ 1992 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.കളക്ടറായും വകുപ്പുകളുടെ ഡയറക്ടറായും വിവിധ ജില്ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button