ഇന്ത്യന്‍ കായികചരിത്രത്തില്‍ പുതിയ അദ്ധ്യായം രചിച്ച സാക്ഷി മാലിക്കിന്‍റെ ഒളിംപിക്സ് മെഡല്‍ നേട്ടത്തിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യന്‍ റെയില്‍വേ. 58-കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ സാക്ഷി ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥയാണ്. നോര്‍ത്തേണ്‍ റെയില്‍വേയുടെ ഡല്‍ഹി ഡിവിഷനിന്‍റെ കൊമേര്‍ഷ്യല്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ഉദ്യോഗസ്ഥയായ സാക്ഷിക്ക് ഒളിംപിക്സ് മെഡല്‍ നേട്ടത്തിന് പുറമേ ഗസറ്റഡ് ഓഫീസര്‍ ആയി സ്ഥാനക്കയറ്റവും ലഭിക്കും. സാക്ഷിക്ക് ഇഷ്ടമുള്ള സോണല്‍ റെയില്‍വേ ഓഫീസിലേക്ക് പോസ്റ്റിംഗും 50-ലക്ഷം രൂപയുടെ പാരിതോഷികവും റെയില്‍വേയുടെ വകയായി സാക്ഷിയെ കാത്തിരിക്കുന്നു.
തങ്ങളുടെ ഉദ്യോഗസ്ഥയായ സാക്ഷിയുടെ പരിശീലനത്തിലും ഒരു ഗുസ്തി താരം എന്ന നിലയിലുള്ള വികാസത്തിലും റെയില്‍വേ സവിശേഷശ്രദ്ധയായിരുന്നു പതിപ്പിച്ചിരുന്നത്. റെയില്‍വേയുടെ ഗുസ്തി പരിശീലകനായ കുല്‍ദീപ് മാലിക് റെയില്‍വേയുടെ വനിതാ ഗുസ്തിത്താരങ്ങളെ ഒളിംപിക്സിനായി തയാറാക്കാന്‍ അത്യദ്ധ്വാനം തന്നെയാണ് നടത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ സ്പോര്‍ട്സ് ഡയറക്ടറേറ്റും കേന്ദ്ര കായിക-യുവജന ക്ഷേമ വകുപ്പും പരിശീലനത്തിന്‍റെ ഓരോ ഘട്ടത്തിലും മികച്ച രീതിയിലുള്ള പരസ്പര സഹകരണവും പുലര്‍ത്തി.
മെഡല്‍ നേട്ടത്തിനു ശേഷം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സാക്ഷിയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
Post Your Comments