തലശ്ശേരി: കോടിയേരിയിൽ ബോംബേറ്. സിപിഎം ബിജെപി ഓഫീസുകൾ തകർന്നു. ഈങ്ങയിൽപീടികയിലെ സിപിഎം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെയും കല്ലിൽത്താഴെ ബിജെപി ഓഫീസിനു നേരയും ബോംബേറുണ്ടായി. ബിജെപി ഒണിയൻ ഹൈസ്കൂളിന് സമീപം നിർമ്മിച്ച പന്ന്യന്നൂർ ചന്ദ്രൻ സ്മാരക ബസ്സ് കാത്തിരിപ്പു കേന്ദ്രവും തകർന്നു. ഈങ്ങയിൽപീടികയിൽ അക്രമത്തെ പ്രതിഷേധിച്ച് സിപിഎം ഹർത്താൽ ആചരിച്ചു.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ഏതാനും ആഴ്ചകൾക്കു മുൻപ്തന്നെ ബസ്സ് കാത്തിരിപ്പുകേന്ദ്രം തകർത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അത് പുനർനിർമ്മിച്ചുകൊണ്ടിരുന്നപ്പോഴാണ് സിപിഎം സംഘടിച്ചെത്തി ബസ്സ്കാത്തിരിപ്പു കേന്ദ്രവും ബിജെപി പ്രവർത്തകന്റെ ബൈക്കും അടിച്ചു തകർക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തത്. ഇതിനു ശേഷം ഇന്നലെ പുലർച്ചെയാണ് പി പി അനന്തൻ സ്മാരക മന്ദിരത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന സിപിഎം കോടിയേരി നോർത്ത് ലോക്കൽ കമ്മിറ്റി ഓഫീസിനു നേരെ ബോംബാക്രമണം ഉണ്ടായത്.
ഓഫീസിന്റെ ബോർഡ് തകരുകയും ആസ്ബറ്റോസ് ഷീറ്റും തകർന്നു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുടെ കല്ലിൽത്താഴെ ഓഫീസിനു നേരെ നാലുമണിയോടെ ബോംബേറുണ്ടായത്. ഓഫീസിന്റെ വാതിലു പൊളിക്കുകയും അവിടെയുണ്ടായിരുന്ന ഫർണിച്ചറുകളും കാരംസ് ബോർഡും താഴെ ഇടുകയും ചെയ്തു. സിപിഎം പ്രവർത്തകരാണ് ഇതിനു പിന്നിലെന്ന് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.
ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ പ്രദീപൻ കണ്ണിപൊയിൽ, ന്യൂമാഹി എസ്ഐ കെ പി ശ്രീഹരി എന്നിവർ സ്ഥലം സന്ദർശിക്കുകയും പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
Post Your Comments