Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IndiaSports

കരോലിനാ, നീ തന്നെയാണ് ജയിക്കേണ്ടത്…. ഒരു ഇന്ത്യക്കാരന്റെ കത്ത് ശ്രദ്ധേയമാകുന്നു

ഇന്ത്യയുടെ പി.വി സിന്ധുവിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണില്‍ സുവര്‍ണ നേട്ടം കൊയ്ത സ്പെയിനിന്റെ കരോലിന മാരിനെ അഭിനന്ദിച്ച് ഒരു ഇന്ത്യക്കാരന്‍ എഴുതിയ കത്ത് ശ്രദ്ധേയമാകുന്നു. കരോലിനയെ അഭിനന്ദിക്കുന്നതിനൊപ്പം ഇന്ത്യന്‍ കായികരംഗത്ത് നടക്കുന്ന അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ശക്തമായ വിമര്‍ശനവും എം.അബ്ദുല്‍ റഷീദ് എഴുതിയ കുറിപ്പ് ഉയര്‍ത്തുന്നു. ഒപ്പം കായികവിദ്യാഭ്യാസത്തോടും ക്രിക്കറ്റ് ഒഴികെയുള്ള കായിക ഇനങ്ങളോടുമുല്ല ഇന്ത്യക്കാരന്റെ മനോഭാവത്തെ കണക്കറ്റ് പരിഹസിക്കുകയും ചെയ്യുന്നുണ്ട് അബുദ്ല്‍ റഷീദ്.

അബ്ദുല്‍ റഷീദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.

കരോലിനാ, നീ തന്നെയാണ് ജയിക്കേണ്ടത്….

എം. അബ്ദുൽ റഷീദ്

വെറും ഇരുപത്തിമൂന്നാം വയസിൽ ഒളിമ്പിക്സ് വനിതാ ബാഡ്മിന്റൺ സ്വർണം എന്ന ആ ഉജ്ജ്വല നേട്ടം കൊയ്ത പ്രിയപ്പെട്ട കരോലിന മാരിന്, ആദരവോടെ ഒരു ഇന്ത്യക്കാരൻ എഴുതുന്നത്….

തോൽപ്പിച്ചത് ഞങ്ങളുടെ നാട്ടുകാരിയെ ആണെങ്കിലും സത്യത്തിൽ നീ ജയിച്ചതിൽ അതിയായ സന്തോഷമുണ്ട്. നീ തന്നെയാണ് ഈ ഫൈനൽ ജയിക്കേണ്ടത് എന്ന ഉറച്ച വിശ്വാസവും ഉണ്ട്. തീർത്തും നീതിയുക്തമായ ഈ വിജയത്തിൽ നിനക്ക് എല്ലാ അഭിനന്ദനങ്ങളും അർപ്പിക്കട്ടെ…

ഓരോ ജീവശ്വാസത്തിലും സ്പോർട്സിന്റെ സംസ്കാരവും വീര്യവും ഉള്ള നാടാണ് നിന്റെ സ്പെയിൻ. കായികരംഗത്തെ ഉജ്വലനേട്ടങ്ങളിലൂടെ യൂറോപ്പിനേയും ലോകത്തെതന്നെയും അത്ഭുതപ്പെടുത്തിയ ജനതയാണ് നിങ്ങൾ. കരോലിന, നിന്റെ ഈ ഉജ്ജ്വല വിജയത്തിൽ നിന്റെ കഠിനാധ്വാനം പോലെ തന്നെ നിന്റെ നാടിന്റെ വർഷങ്ങൾ നീണ്ട പിന്തുണയും പ്രോത്സാഹനവും ഉണ്ട്.

പക്ഷെ, സത്യം പറയട്ടെ സാക്ഷിയും സിന്ധുവും ഒക്കെ അവരുടെ മാത്രമായ അധ്വാനംകൊണ്ടു ഒരു വെള്ളിയോ വെങ്കലമോ നേടുമ്പോൾ ഫേസ്‌ബുക്കിൽ ദേശാഭിമാന പോസ്റ്റ് ഇടും എന്നത് ഒഴിച്ചാൽ ഞങ്ങൾ ഇന്ത്യക്കാർക്ക് ഈ സ്പോർട്സിനോട് വലിയ ആത്മാർഥത ഒന്നും ഇല്ല. ഒക്കെ ഒരു പ്രകടനം ആണ്.
ഓരോ പന്തിലും കച്ചവടം ബൗണ്ടറി കടക്കുന്ന ക്രിക്കറ്റ് മാത്രമാണ് ഞങ്ങളുടെ ശ്രദ്ധ പതിയുന്ന കായികവിനോദം. ക്രിക്കറ്റിൽ പാകിസ്ഥാന് എതിരെ സിക്സർ അടിക്കുന്നതാണ് ഞങ്ങളുടെ കായിക പ്രേമവും ദേശാഭിമാനവും ഏറ്റവും ഉന്നതിയിൽ എത്തുന്ന നിമിഷം.

കരോലിന,
നിനക്ക് ഓർമയുണ്ടല്ലോ , കുറച്ചുനാൾ മുൻപ് നിന്റെ നാട്ടിൽ ഉണ്ടായ വിവാദം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയിലും ഫണ്ട് വകമാറ്റി ഫുട്ബോൾ ക്ലബുകളുടെ വികസനത്തിനായി നൽകുന്ന സ്പെയിൻ സർക്കാർ നടപടിയാണ് അന്ന് വിവാദം ആയത്. ഇല്ലാത്ത പണം കണ്ടെത്തി കായിക വളർച്ചക്ക് നൽകി വിവാദത്തിൽ ആയ സർക്കാർ ആണ് നിന്റെ നാട്ടിലേത്.

ഏതാണ്ട് ഇതേ സമയം ഇവിടെ ഞങ്ങളുടെ രാജ്യത്തും ചില വിവാദങ്ങൾ ഉണ്ടായിരുന്നു. ദേശീയ കായിക മാമാങ്കങ്ങൾക്ക് വകയിരുത്തിയ പണം പോക്കറ്റിലാക്കിയ രാഷ്ട്രീയ- ഉദ്യോഗസ്ഥ മേലാളന്മാരെ കുറിച്ചുള്ള വിവാദം ആയിരുന്നു ഇവിടെ.

ക്രിമിനലുകൾ വാണ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന്റെ പേരിൽ ഞങ്ങൾ ലോക ഒളിമ്പിക് കമ്മറ്റിയുടെ വിലക്ക് ഏറ്റുവാങ്ങി തലകുനിച്ചു നിന്നതും നീ അറിഞ്ഞിട്ടുണ്ടാവും കരോലിന. ഒരു പന്ത് കിട്ടിയാൽ അത് എങ്ങനെ അടിച്ചുയർത്താം എന്നാണു കായികതാരം ചിന്തിക്കുക. പക്ഷെ, ആ പന്ത് ഉപയോഗിക്കാതെ എങ്ങനെ അടിച്ചുമാറ്റി വിൽക്കാം എന്നാണു ഞങ്ങളുടെ ആലോചന.

എന്നുകരുതി രാഷ്ട്രീയക്കാരുടെയും ഭരണകൂടത്തിന്റെയും ബ്യുറോക്രസിയുടെയും കയ്യിട്ടുവാരലും കണ്ണടക്കലും കൊണ്ട് മാത്രം ആണ് ഞങ്ങൾ ഇങ്ങനെ ആയിപോയത് എന്ന് കരുതല്ലേ. അടിസ്ഥാന കായിക സംസ്കാരം എന്നൊന്ന് ഞങ്ങളുടെ ഏഴു അയലത്തൂടെ പോയിട്ടില്ല.

സിന്ധുവിനും സാക്ഷിക്കും അഭിവാദ്യം അർപ്പിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റുകൾ കണ്ട് ഞങ്ങൾ 130 കോടി വരുന്ന ഈ മഹാരാജ്യത്തെ പ്രജകൾ ഒടുക്കത്തെ ദേശാഭിമാനികളും കായികപ്രേമികളും ആണ് എന്നോന്നും വിചാരിച്ചേക്കരുതെ…
പെണ്ണുങ്ങൾ വീടിനു പുറത്തു ഇറങ്ങുന്നത് മതപരമായി ശരിയാണോ?, അവർ ഓടിയാൽ ഗർഭപാത്രം ഇളകിപോകുമോ?, പെൺകുഞ്ഞു ജനിക്കുമ്പോൾ അച്ഛൻ മരം നടണോ, പെണ്ണുങ്ങളെ അമ്പലത്തിലും പള്ളിയിലും കയറ്റണോ തുടങ്ങിയ വിഷയങ്ങളിൽ പോലും ഞങ്ങൾ സ്വാതന്ത്ര്യം കിട്ടി 70 കൊല്ലമായിട്ടും ചർച്ച തുടരുന്നതെയുള്ളൂ.
“വീട്ടിൽ കക്കൂസ് പണിയാൻ ഭർത്താവിനോട് പറയേണ്ടത് എങ്ങനെ” എന്ന കാര്യം പോലും പ്രധാനമന്ത്രി നേരിട്ട് ഇപ്പോൾ ഞങ്ങളുടെ പെണ്ണുങ്ങളെ പടിപ്പിക്കുന്നതെയുള്ളൂ.

ആർത്തവകാലത്തു സ്ത്രീകൾ എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നതാണ് ഇപ്പോൾ ഞങ്ങളുടെ രാജ്യത്തെ ഒരു പ്രധാന ദേശീയ സംവാദവിഷയം.

സാനിയമിർസ കായിക വേഷത്തിൽ ടെന്നീസ് കളിക്കുന്നതിൽ പോലും പ്രതിഷേധം ഉള്ളവർ ഇവിടെ ഇപ്പോഴും ഉണ്ട്.
ഡോക്ടർ, എഞ്ചിനീയർ…അതുവിട്ടൊരു ലക്ഷ്യവും ഞങ്ങൾ മക്കൾക്ക് പറഞ്ഞുകൊടുക്കാറില്ല. സി ബി എസ ഇ സ്‌കൂൾ, ട്യൂഷൻ, ഹോംവർക്ക്, പഠിത്തം…ഇതാണ് ശരാശരി മധ്യവർഗ ഇന്ത്യൻ കുട്ടിയുടെ 20 കൊല്ലത്തെ ജീവിതം. ഓടാനോ കളിക്കാനോ പോയിട്ട് നേരാംവണ്ണം നിവർന്നു നിൽക്കാൻ പോലും സമയം കിട്ടില്ല. ഫുട്ബോളും ടെന്നിസും ബാഡ്മിന്റണും തൊട്ടു പത്തിരുപതു സ്പോർട്സ് ഇനങ്ങളിൽ എങ്കിലും ഒന്നാംതരം സർക്കാർ സഹായവും പിന്തുണയും പരിശീലന സൗകര്യങ്ങളും എല്ലാം ഉള്ള നിങ്ങൾ സ്പെയിൻകാർക്കു ഞങ്ങൾ ഇന്ത്യക്കാരുടെ ഒരു മാനസികാവസ്ഥ മനസിലാകുമോ എന്നറിയില്ല.

ഒരു കാര്യം മാത്രം പറയാം കരോലിന, ഇങ്ങു ഇന്ത്യയിൽ ആയിരുന്നു നീ ജനിച്ചത് എങ്കിൽ ഒളിമ്പിക്സ് മെഡലിന് പകരം രണ്ടോ മൂന്നോ പിള്ളേരേം ചുമന്നു ഏതെങ്കിലും അടുക്കളയിൽ ഉത്തമ ഭാര്യ ആയി തീ ഊതുന്നുണ്ടാവും നീ ഇപ്പോൾ. ഇനി കായികതാരം ആയാൽ തന്നെ ഏറിപ്പോയാൽ കോളേജ് ലെവൽ വരെ. അപ്പൊ പിടിച്ചു കെട്ടിക്കും. പിന്നെ ജീവിതം ഉത്തമ ഭാര്യ ആയി കട്ടാപൊഹ…

ഇങ്ങനെ പറഞ്ഞു പോയാൽ കുറെ ഉണ്ട് പറയാൻ. നിർത്തട്ടെ. ഇന്ത്യൻ സ്ത്രീയുടെ അഭിമാനം ഉയർത്തിയ സിന്ധുവിനെ അഭിനന്ദിച്ചു ഒരു പോസ്റ്റും ദേശീയ പതാക വച്ച് മൂന്നും ട്രോളും കൂടി ഇടാനുണ്ട്. ഇപ്പോൾ തന്നെ വൈകി. രാവിലെ നേരത്തെ എണീറ്റ് പെങ്ങളെ എൻട്രൻസ് കോച്ചിങ് ക്ലാസ്സിൽ കൊണ്ടുവിടാൻ ഉള്ളതാണ്.
അപ്പോൾ കരോലിന,
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ….
ഇതിനകം റിയോയിൽ ആറു സ്വർണം അടക്കം 11 മെഡൽ നേടികഴിഞ്ഞ സ്പെയിൻ എന്ന നിന്റെ രാജ്യത്തോടുള്ള ഒടുക്കത്തെ കുശുമ്പുമായി ഒരു പാവം ഇന്ത്യക്കാരൻ…

shortlink

Related Articles

Post Your Comments

Related Articles


Back to top button