NewsIndia

ഇന്ത്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ 14-കാരന്‍ നാടുവിട്ടു!

മുംബൈ: മുംബൈയിലെ വസായിയില്‍ നിന്നുള്ള പത്താം ക്ലാസ്സ് വിദ്യാര്‍ഥി ഇന്ത്യന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന്‍ കാശ്മീരില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടാന്‍ നാടുവിട്ടു. പക്ഷേ, വഴിതെറ്റി ഗുജറാത്തിലെ സൂററ്റില്‍ അകപ്പെട്ടുപോയ നിര്‍മല്‍ വാഗ് എന്ന ഈ പതിനാലുകാരനെ പോലീസ് സ്വാതന്ത്ര്യദിനത്തിന്‍റെ അന്ന്‍ കുടുംബാംഗങ്ങളുടെ അരികില്‍ തിരികെയെത്തിച്ചു.

ചരിത്രപഠനത്തോട് താത്പര്യമുള്ള മിടുക്കനായ വിദ്യാര്‍ഥിയായ നിര്‍മല്‍ പടിഞ്ഞാറന്‍വസായിയിലെ എം ജി പാരുലേക്കര്‍ സ്കൂളിലാണ് പഠിക്കുന്നത്.ഓഗസ്റ്റ് 10-ആം തിയതി വൈകിട്ട് 9:30-ക്കുള്ള അമൃത്സര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിലാണ് മുംബൈ സെന്‍ട്രലില്‍ നിന്ന്‍ നിര്‍മല്‍ കയറിയത്. പക്ഷേ, പുലര്‍ച്ചെ 1:15-ന് ടിക്കറ്റില്ലാതെ യാത്രചെയ്തതിന് അവനെ ടിക്കറ്റ് ചെക്കര്‍ സൂററ്റില്‍ ഇറക്കിവിട്ടു.

തുടര്‍ന്ന്‍ ഒരു പാനിപ്പൂരി വില്‍പ്പനക്കാരനെ കണ്ടു മുട്ടിയ നിര്‍മല്‍ അയാളോടൊപ്പം കൂടുകയായിരുന്നു. വസായ്ഗാവ് ഇന്‍സ്പെക്ടര്‍ സമ്പത്ത്റാവു പാട്ടീല്‍ ആണ് നിര്‍മലിന്‍റെ കുടുംബാംഗങ്ങള്‍ ഓഗസ്റ്റ്‌ 10-ആം തിയതി അവനെ കാണാതായി മണിക്കൂറുകള്‍ക്കകം സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചത്. ട്യൂഷന്‍ ഫീസായി കൊടുത്തിരുന്ന 2,500 രൂപയും കരുതിയാണ് നിര്‍മല്‍ വീടുവിട്ടു പോയത്.

ഓഗസ്റ്റ് 14-ആം തിയതി നിര്‍മലിന്‍റെ അച്ഛന്‍ പ്രസന്നയുടെ മൊബൈല്‍ ഫോണില്‍ വന്ന ഒരു മിസ്‌കോള്‍ ആണ് കേസില്‍ വഴിത്തിരിവായത്. സൂററ്റില്‍ നിന്നാണ് മിസ്‌കോള്‍ വന്നതെന്ന് മനസിലാക്കിയ സമ്പത്ത്റാവു സൂററ്റിലെ അംറോളി പോലീസിലെ തന്‍റെ പരിചയക്കാരെ ബന്ധപ്പെട്ട് നിര്‍മലിനെ പാനിപ്പൂരി വില്‍പ്പനക്കാരന്‍ കരണ്‍ സിംഗിന്‍റെ അരികില്‍ കണ്ടെത്തുകയായിരുന്നു.

കരണ്‍ സിംഗ് നിര്‍മലിനെ തടവില്‍ വച്ചതായിരുന്നോ എന്നും, പ്രസന്നയുടെ മൊബൈലില്‍ മിസ്‌കോള്‍ അടിച്ചത് മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കാശ്മീരില്‍ പോയി തീവ്രവാദികള്‍ക്കെതിരെ പോരാടുന്ന കാര്യം നിര്‍മല്‍ കൂട്ടുകാരോട് പറയാറുണ്ടായിരുന്നെങ്കിലും അവര്‍ അവനെ കളിയാക്കുകയായിരുന്നു പതിവ്. കാശ്മീരില്‍ ഈയിടെ നടമാടിയ കലാപപ്രവര്‍ത്തനങ്ങള്‍ കണ്ട് നിര്‍മല്‍ ചിന്താകുലനായിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് തന്‍റെ അമ്മയെ നഷ്ടപ്പെട്ടതിന്‍റെ മാനസികാഘാതവും നിര്‍മലിനുണ്ടായിരുന്നു. ഇത് രണ്ടും ചേര്‍ന്ന ഒരു മാനസികാവസ്ഥയില്‍ നിന്നാകാം വീടുവിട്ടു പോയി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിര്‍മലിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.

താന്‍ തിരിച്ചു വന്നപ്പോള്‍ സന്തോഷക്കണ്ണീരോടെ തന്നെ എതിരേറ്റ മുത്തശ്ശനേയും മുത്തശ്ശിയേയും സാക്ഷിനിര്‍ത്തി ചെയ്തത് തെറ്റായിപ്പോയി എന്നും, ഇന്ന്‍മുതല്‍ അടുത്ത വര്‍ഷത്തെ പത്താം ക്ലാസ് പരീക്ഷയെ മനസ്സില്‍ക്കണ്ട് ആത്മാര്‍ത്ഥമായി പഠിക്കുമെന്നും നിര്‍മല്‍ സത്യം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button