Kerala

ശബരിമല : പിണറായി സര്‍ക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കറിന്റെ കുറിപ്പ്

അഡ്വ. എ.ജയശങ്കര്‍

ശബരിമലയെ തിരുപ്പതിയാക്കാനാണ് പിണറായി സർക്കാരിന്റെ വിപ്ലവകരമായ തീരുമാനം. വർഷത്തിൽ 365 ദിവസവും നടതുറക്കണം, പൂജ നടത്തണം, ഭക്തന്മാർക്ക് ദർശനത്തിന് സൗകര്യം ഒരുക്കണം, അവരിൽ നിന്ന് നേർച്ച കാഴ്ചകൾ സ്വീകരിച്ചു ഭണ്ഡാരം നിറക്കണം.

പണക്കാരായ ഭക്തന്മാർക്ക് വേണ്ടി തിരുപ്പതി മാതൃകയിൽ പ്രത്യേകം ക്യൂ ഏർപ്പെടുത്തണം. ആളാം പ്രതി ആയിരമോ ആയിരത്തി ഇരുന്നൂറോ വീതം വസൂലാക്കാം. കാലക്രമത്തിൽ അത് അയ്യായിരമോ പതിനായിരമോ ആക്കാനും വിരോധമില്ല.

മലകയറാൻ ബുദ്ധിമുട്ടുള്ളവർക്ക് റോപ്പ് വേ തുറന്നുകൊടുക്കും. പതിനെട്ടാം പടി പൊളിച്ചു വീതികൂട്ടി തിരക്കുകുറയ്ക്കും. വി.വി.ഐ.പികൾക്കുവേണ്ടി പണ്ട് കരുണാകരൻ പ്ലാനിട്ട ഹെലിപാഡ് യാഥാർഥ്യമാക്കും. തീർത്ഥാടക ടൂറിസം പ്രോത്സാഹിപ്പിക്കും.
മാസാമാസം പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിച്ചു മകരജ്യോതി ഉണ്ടാക്കുന്നകാര്യം സർക്കാരിന്റെ സജീവപരിഗണയിലുണ്ട്.ശബരിമലയിൽ ലിംഗ വിവേചനം അനുവദിക്കില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കായി സന്നിധാനം തുറന്നുകൊടുക്കും. മൂന്നാം ലിംഗക്കാരെയും വിലക്കില്ല.

ഇത്രയൊക്കെ ചെയ്താലും ശാസ്താവിന്റെ ചൈതന്യത്തിന് യാതൊരു ഊനവും വരില്ല. കാരണം ടിയാൻ പണ്ടേക്കും പണ്ടേ മലയിറങ്ങി രക്ഷപ്പെട്ടുവല്ലോ.

 

shortlink

Post Your Comments


Back to top button