ഇറാനിലെ വ്യോമത്താവളങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള തങ്ങളുടെ ഇസ്ലാമിക് സ്റ്റേറ്റ് നശീകരണം റഷ്യ മൂന്നാം ദിനവും തുടര്‍ന്നു. ടിയു-22എം3 ലോങ്ങ് റേഞ്ച് ബോംബറുകളും എസ്യു-34 ഫൈറ്റര്‍ ബോംബറുകളും സിറിയയുടെ ദെയര്‍-അല്‍-സോര്‍ പ്രവിശ്യയിലുള്ള ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളില്‍ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്.
ഐഎസിന്‍റെ ആറ് കമാന്‍ഡിംഗ് പോസ്റ്റുകള്‍ തകര്‍ത്ത റഷ്യന്‍ അക്രമണത്തില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടു. ഐഎസിന്‍റെ വന്‍തോതിലുള്ള ആയുധശേഖരവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം, സിറിയയില്‍ കൂടുതല്‍ ക്രിയാത്മകമാകാനുള്ള ചൈനയുടെ തീരുമാനം ഇപ്പോള്‍ത്തന്നെ സങ്കീര്‍ണ്ണമായ സിറിയയിലെ സ്ഥിതിഗതികളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ മനുഷ്യത്വപരമായ സഹായങ്ങളും, സിറിയന്‍ സൈന്യത്തിന് ആവശ്യമായ സൈനിക പരിശീലനവും നല്‍കാനാകും തങ്ങളുടെ ശ്രമമെന്നാണ് ചൈന വ്യക്തമാക്കിയതെങ്കിലും ചൈനീസ് സൈന്യത്തിന്‍റെയും കൂടി സാന്നിധ്യം സിറിയയില്‍ ഉണ്ടാകുന്നതോടെ രംഗം കൊഴുക്കുകയാണ്.
ഐഎസിന്‍റെയോ, വിമത ഗ്രൂപ്പുകളുടെയോ ആക്രമണഫലമായി ഒരു ചൈനീസ് സൈനികന്‍ കൊല്ലപ്പെടുന്നത് വരെയെ ചൈനയുടെ മനുഷ്യത്വപരമായ സമീപനം സിറിയയില്‍ കാണൂ എന്നതാണ് വിദഗ്ദരുടെ വിലയിരുത്തല്‍.ഇപ്പോള്‍ത്തന്നെ റഷ്യയുടെ അക്രമണത്തില്‍ വശംകെട്ട് നില്‍ക്കുന്ന ഐഎസിന് ചൈന കൂടി ആയുധമെടുത്താല്‍പ്പിന്നെ അധികകാലം നിലനില്‍പ്പുണ്ടാകില്ല.
കാലങ്ങളായി തങ്ങളുടെ കണ്ണിലെ കരടായ ബാഷര്‍ അല്‍-അസദിന്‍റെ സിറിയയുമായി വിരുദ്ധചേരിയിലെ രണ്ട് വന്‍ശക്തികള്‍ കൈകോര്‍ക്കുന്നത് അമേരിക്കയ്ക്കും ആശങ്കയുളവാക്കിയിട്ടുണ്ട്. അമേരിക്കന്‍ വിരുദ്ധചേരിയിലെ സിറിയ, റഷ്യ, ചൈന എന്നിവര്‍ അമേരിക്കയുടെ തന്നെ ഒന്നാം നമ്പര്‍ ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആയുധമെടുക്കുന്നതും, അവരെ ഉന്മൂലനം ചെയ്ത് തങ്ങള്‍ക്കെതിരായ ഒരു വന്‍ഭീഷണിയെ ഇല്ലാതാക്കുന്നതുമായ ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് പക്ഷേ അമേരിക്കയെ ഒട്ടും സന്തോഷിപ്പിച്ചിട്ടില്ല.
മദ്ധ്യേഷ്യയിലെ തന്ത്രപ്രധാന രാജ്യമായ സിറിയയിലെ അസദ് ഭരണകൂടത്തെ പുറത്താക്കി തങ്ങളോട് വിധേയത്വം പുലര്‍ത്തുന്ന ഒരു അധികാര സംവിധാനം ഉണ്ടാകണമെന്നതാണ് അമേരിക്കന്‍ താത്പര്യം. ഇതിനായി വിമതഗ്രൂപ്പുകള്‍ക്ക് അമേരിക്കയുടെ സഹായവും ലഭിക്കുന്നുണ്ട്. പക്ഷേ, റഷ്യയുടേയും ചൈനയുടേയും സഹായത്തോടെ സിറിയയിലെ തനിക്കെതിരെയുള്ള അഭ്യന്തരഭീഷണികള്‍ അസദ് അതിജീവിക്കുകയാണെങ്കില്‍ മദ്ധ്യേഷ്യ എന്ന തിളച്ചുമറിയുന്ന ഭൂമികയില്‍ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം റഷ്യയ്ക്കും ചൈനയ്ക്കും സ്വന്തമാകും. ഇത് അമേരിക്കയ്ക്ക് സ്വപ്നത്തില്‍ പോലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്.
Post Your Comments