NewsIndia

സിദ്ദു ആം ആദ്മിയിലേക്കില്ല; വാഗ്ദാനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ബി.ജെ.പി വിട്ട നവജ്യോത് സിങ് സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനം നിഷേധിച്ച് ആം ആദ്മി. സിദ്ധുവിനു ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കോണ്‍ഗ്രസ് രംഗത്തെത്തി.ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച സിദ്ദു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും സിദ്ദു മുന്നോട്ട് വച്ച ഉപാധികള്‍ ആം ആദ്മി പാര്‍ട്ടി തള്ളിയതോടെ ആം ആദ്മിയില്‍ സിദ്ദു ഉണ്ടാവില്ലെന്ന് ഉറപ്പായി.ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ നിര്‍ദേശിക്കണമെന്നും, ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നുമായിരുന്നു സിദ്ദുവിന്റെ ആവശ്യം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ദു ഉപാധികള്‍ മുന്നോട്ടുവച്ചത്.പക്ഷെ ഇത് ആം ആദ്മി തള്ളിക്കളയുകയായിരുന്നു.ഉപാധികളൊന്നുമില്ലാതെ പാര്‍ട്ടിയില്‍ ആര്‍ക്കും ചേരാമെന്ന് സിദ്ദുവിന്റെ പേര് പരാമര്‍ശിക്കാതെ ആം ആദ്മി നേതാവ് അശുതോഷ് പ്രതികരിച്ചു. ആം ആദ്മിയിലേക്കുള്ള സാധ്യത മങ്ങിയതോടെ കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനായി രംഗത്തിറങ്ങി.

ചര്‍ച്ചയ്ക്ക് സിദ്ദു സന്നദ്ധത പ്രകടിപ്പിച്ചാല്‍ ഉപാധികളില്‍ ചര്‍ച്ചയാകാമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം സിദ്ദുവിന് നല്‍കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കി.സിദ്ദു പാര്‍ട്ടി വിട്ടെങ്കിലും ഭാര്യ നവജ്യോത് കൗര്‍ ഇപ്പോഴും ബി.ജെ.പി നിയമസഭാംഗമാണ്.കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിനെ തഴഞ്ഞ് അമൃത്സര്‍ സീറ്റില്‍ അരുണ്‍ ജെയ്റ്റിലിയെ സ്ഥാനാര്‍ഥിയാക്കിയത് മുതല്‍ ബി.ജെ.പി നേതൃത്വവുമായി സിദ്ദു അത്ര രസത്തിലായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button