
റിയാദ് ● സൗദിയിലെ സകാക്കയില്‍ ഉത്തര്‍പ്രദേശ് സ്വദേശി മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യാക്കാര്‍ കസ്റ്റഡിയില്‍. കരുനാഗപ്പളളി, പത്തനംതിട്ട, കണ്ണൂര്‍ സ്വദേശികളാണ് കസ്റ്റഡിയിലായ മലയാളികള്‍. സകാക്ക സെന്‍ട്രല്‍ ആശുപത്രിയിലെ മെയിന്റനന്‍സ് വിഭാഗം കരാര്‍ ജീവനക്കാരനായ ഉത്തരേന്ത്യക്കാരനെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ തുണി കുരുക്കിട്ട നിലയിലായിരുന്നു മൃതദേഹം. വയറ്റില്‍ കത്തി കൊണ്ടുളള മുറിവും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് അവാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
കസ്റ്റഡിയിലെടുത്ത അഞ്ചുപേരും കൊല്ലപ്പെട്ടയാളുടെ സഹതാമസക്കാരാണ്. ഇവരെ സകാക്ക ഖാലിദിയ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.
മരിച്ചയാള്‍ക്ക് രണ്ട് മാസത്തിലേറെയായി ശമ്പളം കിട്ടിയിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ജോലിക്ക് പോകാതെ മുറിയില്‍ കഴിയുകയായിരുന്നു. കൂടെയുളളവര്‍ രാവിലെ ഏഴിന് ജോലിക്ക് പോകുമ്പോള്‍ ഇയാള്‍ ഉറക്കത്തിലായിരുന്നു. ഇവര്‍ തിരികെ വരുമ്പോഴാണ് ഇയാളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Post Your Comments