കഴിഞ്ഞ ദിവസങ്ങളില്‍ ഭിന്നലിംഗക്കാരുടെ തുറന്ന കൂട്ടായ്മയ്ക്കും ആഘോഷങ്ങള്‍ക്കും കേരളം സാക്ഷിയായി.നിരവധിയാളുകള്‍ പരസ്യമായി തങ്ങളുടെ ലിംഗപരമായ സ്വത്വം വെളിപ്പെടുത്താന്‍ തയ്യാറായി ധൈര്യപൂര്‍വ്വം മുന്നോട്ടു വന്നു.വിപ്ലവകരമായ ഈ മുന്നേറ്റത്തില്‍ സന്തോഷവും അഭിമാനവുമുണ്ട്.ഭിന്ന വിഭാഗങ്ങള്‍ക്ക് ചെറുതെങ്കിലും ഒരു സ്‌പേയ്‌സ് ലഭിയ്ക്കുന്നത് തന്നെ മാനുഷികതയുടെ ഒരു നേട്ടമാണ്.ഈ പശ്ചാത്തലത്തില്‍ മലയാളികള്‍ മറന്നു തുടങ്ങിയ ഒരു സംഭവവും ചില കാര്യങ്ങളും ഓര്‍മ്മപ്പെടുത്തേണ്ടതുണ്ട്.
2003 ഡിസംബറില്‍ ആണ് സംഭവം.ചാനല്‍ ബഹളങ്ങള്‍ക്കും മുന്‍പുള്ള കാലമാണ്.തങ്ങളുടെ പ്രണയം വെളിപ്പെടുത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പെണ്‍കുട്ടികള്‍ പരസ്യമായി രംഗത്ത് വന്നു. ശ്രീനന്തു എന്ന ഇരുപത്തിമൂന്നുകാരിയും ഷീല എന്ന ഇരുപത്തി ഒന്നുകാരിയും.ശ്രീ തിരുവനന്തപുരത്തെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമാണ്.ഷീല ഒരു ഓട്ടോ ഡ്രൈവറുടെ മകളും.വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ അടുപ്പത്തിലായിരുന്നു.
ആറുമാസമായി ഇവര്‍ ഒരു വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം.മകളെ കാണാനില്ലെന്ന് ഷീലയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഒരുമിച്ച് താമസിയ്ക്കുന്ന സ്ഥലത്ത് അച്ഛന്‍ മകളെ തേടി വന്നു ബഹളം വച്ചു.അയല്‍ക്കാര്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ആയിടയ്ക്ക് ദേശീയ മാധ്യമങ്ങളില്‍ എല്ലാം ഈ വാര്‍ത്ത വന്നിരുന്നു. ആ കാലത്ത് ഒരു മാസികയില്‍ നല്‍കിയ അഭിമുഖത്തില്‍ ശ്രീനന്ദു ഇപ്രകാരം പറഞ്ഞിരുന്നു.’ഒരു സ്ത്രീയ്ക്ക് മാത്രമേ മറ്റൊരു സ്ത്രീയെ അവള്‍ ആഗ്രഹിയ്ക്കുന്ന രീതിയില്‍ സ്‌നേഹിയ്ക്കാനാവൂ.പുരുഷന്റെ പ്രണയത്തില്‍ ലൈംഗികതയുടെ സ്വാര്‍ത്ഥതയുണ്ട്.’
ചെറുപ്പത്തില്‍ തന്നെ ഒരു ആണ്‍കുട്ടിയുടെ സവിശേഷതകളോടെയാണ് ശ്രീനന്ദു വളര്‍ന്നത്.സഹോദരിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ഒരു ‘ആങ്ങളയുടെ’ സ്ഥാനത്തു നിന്ന് നിര്‍വ്വഹിച്ച ഈ കുട്ടിയിലെ ‘ആണത്തം’ കണ്ട് ആളുകള്‍ അടക്കം പറഞ്ഞെങ്കിലും നന്ദുവിന്റെ വീട്ടുകാര്‍ക്ക്അത് പ്രശ്‌നമായിരുന്നില്ല.തന്റെ ‘സെക്ഷ്വല്‍’ ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് ശ്രീനന്ദു പുരത്തുവരുകയായിരുന്നു.
ഷീല നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുന്നു ‘ആളുകള്‍ക്ക് അറിയേണ്ടത് നിങ്ങള്‍ എങ്ങനെ സെക്‌സ് ചെയ്യും,എങ്ങനെ കുഞ്ഞുങ്ങളുണ്ടാകും എന്നൊക്കെയാണ്.സെക്‌സ് ചെയ്യാനും കുഞ്ഞുങ്ങളുണ്ടാകാനും മാത്രണോ ഒരുമിച്ച് ജീവിയ്ക്കുന്നത്?’
വളരെ ധൈര്യപൂര്‍വ്വമായ ഒരു തുറന്നു പറച്ചില്‍ ആണ് അന്നവര്‍ നടത്തിയത്..വിവരം പുറത്തറിഞ്ഞതോടെ ഇവിടെ താമസിയ്ക്കാന്‍ ഒരു വീട് പോലും കിട്ടാതായി.തുടര്‍ന്ന് ഇവര്‍ ബാംഗ്ലൂര്‍ താമസമാക്കിയിരുന്നു.കേരളത്തിലെ ദുരനുഭവങ്ങള്‍ അവിടെ നേരിടേണ്ടി വന്നിട്ടില്ല എന്ന് പിന്നീട് ശ്രീനന്ദു വെളിപ്പെടുത്തിയിരുന്നു.
പക്ഷെ അതിനുശേഷം സംഭവിച്ച കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. ശ്രീനന്ദു തന്നെ ശാരീരികമായി ഉപദ്രവിയ്ക്കുന്നു എന്ന് കാണിച്ച് ഷീല പോലീസില്‍ പരാതി നല്‍കുന്നു.ഇവര്‍ തമ്മില്‍ പിരിയുന്നു. ശ്രീനന്ദു മറ്റൊരു പെണ്‍കുട്ടിയുമായി ഒരുമിച്ചു ജീവിയ്ക്കുന്നു. ഷീല വീട്ടുകാരോടൊപ്പം പോവുകയും ചെയ്തു.ഇത്രയും കൊണ്ട് ആ സംഭവം നമ്മുടെ അറിവിന് അപ്പുറത്തേയ്ക്ക് കടക്കുന്നു.ഇവരുടെ പ്രണയം ഒരു ദുരന്തത്തില്‍ അവസാനിച്ചു എന്നര്‍ത്ഥം.
പറഞ്ഞു വരുന്നത്, ഭിന്നലിംഗക്കാരുടെ പ്രണയബന്ധങ്ങള്‍ക്ക് അല്ലെങ്കില്‍ ജീവിതങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ നമ്മുടെ സമൂഹം പതിയെ മാറിക്കൊണ്ടിരിയ്ക്കുന്നു.അല്ലെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ ഫലപ്രദമായി നടന്നുകൊണ്ടിരിയ്ക്കുന്നു.പക്ഷെ അപ്പോഴും ആലോചിക്കാനുള്ളത് ഇവരുടെ ഇടയിലെ ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പ്രതിവിധിയാണ് ആണ്. ഇത്തരം ബന്ധങ്ങളില്‍ മിക്കവയും ഇങ്ങനെ ദുരന്തങ്ങളില്‍ ചെന്ന് അവസാനിയ്ക്കുന്നത് എന്തുകൊണ്ട്? സമൂഹത്തിന്റെ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ ഒരു ഘടകമാണെങ്കിലും അത് മാത്രമല്ല പ്രശ്‌നം.ഇവര്‍ക്കിടയിലെ ധാരണയില്ലായ്യ്മയാണ്.അവരുടെ തിരിച്ചറിവില്‍ അവര്‍ക്ക് ഉറപ്പില്ലാതെ പോയതാണ് ഈ ബന്ധങ്ങളുടെ പരാജയം.അപ്പോള്‍ സാധാരണ ബന്ധങ്ങളില്‍ ഈ പ്രശ്‌നങ്ങള്‍ ഇല്ലേ എന്ന് ചോദിച്ചാല്‍ ന്യൂനപക്ഷത്തിന്റെ പ്രതിരോധങ്ങള്‍ കൂടുതല്‍ പ്രതിബന്ധങ്ങള്‍ നിറഞ്ഞതാണ് എന്നെ പറയാനുള്ളൂ.
സ്വന്തം സെക്ഷ്വല്‍ ഐഡന്റിറ്റി സ്വയം കണ്ടെത്തുക,തിരിച്ചറിയുക,പക്ഷെ ആ തിരിച്ചറിവ് എടുത്തുചാട്ടത്തിനുള്ള ലൈസന്‍സ് ആക്കരുത്. ഇത്തരം ‘പുറത്തുവരലുകള്‍’ നൈമിഷികമായ തോന്നലുകളുടെ പേരില്‍ ആകാതിരിക്കട്ടെ.അല്ലെങ്കില്‍ രണ്ടു പേരുടെ പ്രണയം ഒരു സമൂഹത്തിന്റെ ദുരന്തമായി മാറുന്നതെങ്ങനെ എന്ന് കാലം തെളിയിയ്ക്കും.
Post Your Comments