ദമാസ്കസ്● ഐ.എസ് ഭീകരരുടെ അന്ത്യമടുത്തുവെന്നും ഭീകരരില്‍ മൂന്നിലൊന്ന് പേരെയും തങ്ങള്‍ കൊന്നൊടുക്കിയെന്നുമാണ് അമേരിക്കയുടെ വാദം. കഴിഞ്ഞദിവസമാണ് അമേരിക്ക ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ദൗത്യം പൂര്‍ത്തിയാക്കാതെ സൂത്രത്തില്‍ പിന്മാറാനുള്ള അമേരിക്കയുടെ തന്ത്രമാണിതെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പിന്മാറിയാലും ഇല്ലെങ്കിലും സംഗതി അമേരിക്കയുടെ കൈവിട്ട് പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. സിറിയയില്‍ റഷ്യന്‍-ഇറാന്‍ സംയുക്ത വ്യോമാക്രമണത്തിന് ഇതുവരെ ധാര്‍മിക പിന്തുണ നല്‍കിപ്പോന്ന ചൈന നേരിട്ട് യുദ്ധഭൂമിയിലേക്ക് ഇറങ്ങുകയാണ്. ഇതിന് തുര്‍ക്കിയുടെ പിന്തുണയുമുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍ ഐ.എസിനൊപ്പം യു.എസും സിറിയയില്‍ നിന്ന് കേട്ടുകെട്ടും. ഐ.എസിനെത്തുരത്തി ബാഷര്‍ അല്‍ അസദ് ഭരണകൂടത്തേയും അട്ടിമറിച്ച് സിറിയയിലെ എണ്ണപ്പാടങ്ങള്‍ കൈപ്പിടിയിലൊതുക്കാമെന്ന യു.എസ് സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കും.
ഐ.എസിനെതിരെയുള്ള പോരാട്ടത്തില്‍ തുടക്കം മുതലേ റഷ്യയ്‌ക്കൊപ്പം ഇറാന്‍ ഉണ്ട്. ഐ.എസിനെതിരെയുള്ള പോരാട്ടത്തിന് ഇറാന്റെ വ്യോമസേനാ താവളവും റഷ്യ ഉപയോഗിച്ചിരുന്നു. ഐ.എസിനെതിരെ ആദ്യം പോരാട്ടം തുടങ്ങിയത് റഷ്യയാണ്. ഇതിന് ചൈന പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ചൈനയും ആക്രമണത്തിനു ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നുവെങ്കിലും അതുണ്ടായില്ല. ഐ.എസിനെതിരെ പോരാടാന്‍ സിറിയന്‍ സൈനികരെ പരിശീലിപ്പിക്കുന്നതില്‍ മാത്രമായി ചൈനയുടെ സാന്നിധ്യം ഒതുങ്ങി. ഇനി അങ്ങനെയല്ല, ചൈന ഉടന്‍ നേരിട്ട് ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഐ.എസിനെ ഒതുക്കിക്കഴിഞ്ഞാല്‍ സിറിയയുടെ പുനര്‍നിര്‍മ്മാണത്തിന് പ്രധാനമായും സഹായം തേടുക റഷ്യ, ചൈന എന്നിവരില്‍ നിന്നായിരിക്കുമെന്ന് അസദ് വ്യക്തമാക്കിയിരുന്നു. ഇത് അമേരിക്കയ്ക്കുമുള്ള മുന്നറിയിപ്പാണ്. എന്ത് തന്നെയായാലും സിറിയയിലെ ഫലഭൂയിഷ്ഠമായ എണ്ണപ്പാടങ്ങളില്‍ തന്നെയാണ് എല്ലാവരുടേയും കണ്ണ്‍.
Post Your Comments