NewsSports

ഒളിംപിക്സിലെ അമേരിക്കന്‍ സ്വര്‍ണ്ണമത്സ്യം മൈക്കല്‍ ഫെല്‍‌പ്സിനെപ്പറ്റി അതിശയകരമായ ചില വസ്തുതകള്‍!

ഒളിംപിക്സിലെ നീന്തല്‍ക്കുളത്തില്‍ നിന്ന്‍ അമേരിക്കയ്ക്ക് വേണ്ടി സ്വര്‍ണ്ണം വാരുന്ന മൈക്കല്‍ ഫെല്‍‌പ്സ് എന്ന 31-കാരനാണ് യഥാര്‍ത്ഥ ജീവിതത്തിലെ സൂപ്പര്‍മാന്‍ വിശേഷണം എന്തുകൊണ്ടും അര്‍ഹിക്കുന്ന ഒരു വ്യക്തി. ഏഴാം വയസില്‍ നീന്തല്‍ തുടങ്ങിയ ഫെല്‍‌പ്സിന് ആദ്യമൊക്കെ തല വെള്ളത്തിനടിയിലേക്ക് താഴ്ത്താന്‍ ഭയമായിരുന്നു. അതുകൊണ്ടുതന്നെ ബാക്ക്സ്ട്രോക്ക് ആണ് ഫെല്‍‌പ്സ് ആദ്യം സ്വായത്തമാക്കിയ നീന്തല്‍രീതി.

പത്താം വയസില്‍ 100-മീറ്റര്‍ ബട്ടര്‍ഫ്ലൈസ് ഇനത്തില്‍ ആ ഏജ് ഗ്രൂപ്പിലെ അമേരിക്കന്‍ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു കൊണ്ട് വരവറിയിച്ച ഫെല്‍‌പ്സിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2000-ല്‍ സിഡ്നി ഒളിംപിക്സില്‍ അരങ്ങേറിയ ഫെല്‍‌പ്സ് 70-വര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വേണ്ടി മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നീന്തല്‍താരമായി. 15 വയസു മാത്രമായിരുന്നു ഫെല്‍പ്സിന് അന്ന്‍ പ്രായം.

കൈകള്‍ ഇരുവശത്തേക്കും വിടര്‍ത്തി നില്‍ക്കുമ്പോള്‍ കിട്ടുന്ന ‘വിംഗ്-സ്പാന്‍’ സ്വന്തം ഉയരത്തേക്കാള്‍ കൂടുതലുള്ള അത്ഭുതപ്രതിഭാസത്തിനുടമയാണ് ഫെല്‍‌പ്സ്. 6-അടി 4-ഇഞ്ച്‌ ഉയരമുള്ള ഫെല്‍പ്സിന്‍റെ വിംഗ്-സ്പാന്‍ 6-അടി 8-ഇഞ്ചാണ്. മാത്രമല്ല ഫെല്‍പ്സിന്‍റെ കാല്‍പ്പാദങ്ങളുടെ സൈസ് പതിനാലാണ്. സാധാരണയില്‍ക്കൂടുതല്‍ വളയ്ക്കാന്‍ സാധിക്കുന്ന ഈ പാദങ്ങള്‍ നീന്തുമ്പോള്‍ വെള്ളത്തില്‍ തെന്നിയകലാന്‍ സഹായിക്കുന്ന ഫ്ലിപ്പറുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു. സാധാരണ കണങ്കാലുകള്‍ തിരിയുന്നതിനേക്കാള്‍ 15-ഡിഗ്രി കൂടുതല്‍ തിരിയും ഫെല്‍പ്സിന്‍റെ കണങ്കാലുകള്‍.

ശാരീരികാദ്ധ്വാനം മൂലമുണ്ടാകുന്ന ക്ഷീണത്തില്‍ നിന്ന്‍ അതിവേഗം മുക്തനാകാന്‍ കഴിയുന്ന ശാരീരിക പ്രത്യേകത ഫെല്‍പ്സിനെ എതിരാളികളേക്കാള്‍ എല്ലായ്പ്പോഴും ഒരുപടി മുന്നില്‍ നിര്ത്തുന്നു. ഇതുമൂലം ഒരു ദിവസം തന്നെ പല നീന്തല്‍വിഭാഗങ്ങളില്‍ തളര്‍ച്ചയില്ലാതെ മത്സരിക്കാന്‍ കഴിയുന്നു. അദ്ധ്വാനിക്കുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹത്തില്‍ ലാക്റ്റിക് ആസിഡിന്‍റെ അളവ് കൂടി ലാക്റ്റേറ്റ് ലെവലുകള്‍ ഉയരുന്നു. അപ്പോള്‍ ശാരീരിക ക്ഷീണം അനുഭവപ്പെടുന്നു. ഫെല്‍പ്സിന്‍റെ ശരീരത്തില്‍ വളരെ തുച്ഛമായ അളവില്‍ മാത്രമാണ് ലാക്റ്റേറ്റ് ലെവല്‍ ഉയരുന്നത്. അതുകൊണ്ടു തന്നെ വളരെ കുറച്ചു മാത്രം ക്ഷീണം അനുഭവപ്പെടുകയും, വളരെവേഗം തന്നെ അതില്‍നിന്ന്‍ മുക്തനായി അടുത്ത മത്സരത്തിന് സന്നദ്ധനാകുകയും ചെയ്യുന്നു.
ഫെല്‍പ്സിന് 100-മീറ്റര്‍ നീന്താന്‍ 50-സെക്കണ്ടിലും താഴെമാത്രം മതി. ഫെല്‍പ്സിന്‍റെ 100-മീറ്റര്‍ ബട്ടര്‍ഫ്ലൈ ലോകറെക്കോര്‍ഡ് 49.82 സെക്കണ്ടിന്‍റെയാണ്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ (15 വയസ്) ഒരു ലോകറെക്കോര്‍ഡ് തിരുത്തി സ്വന്തം പേരിലാക്കിയ താരവും മറ്റാരുമല്ല.

12 വിവിധ പ്രായഗ്രൂപ്പുകളിലെ അമേരിക്കന്‍ ദേശീയ റെക്കോഡുകള്‍ ഇപ്പോഴും ഫെല്‍പ്സിന്‍റെ പേരിലാണ്. ലോകത്തെ ഏറ്റവും സമ്പന്നനായ അഞ്ചാമത്തെ ഒളിംപിക് അത്ലറ്റും ഫെല്‍പ്സാണ്. ഫെല്‍പ്സിന്‍റെ ആകെമൂല്യം 55-മില്ല്യണ്‍ ഡോളറാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button