കോഴിക്കോട്: പെൺകുട്ടികൾക്കായി നീന്തൽ പരിശീലനം നടത്തി അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ. ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ, ചെന്നൈ ആസ്ഥാനമായുള്ള എൻ.ജി.ഒ ആയ യുണൈറ്റഡ് വേ ഓഫ് ചെന്നൈയും കോഴിക്കോട് ആസ്ഥാനമായുള്ള ജെല്ലിഫിഷ് വാട്ടർസ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ച് ആണ് ‘റൈഡിംഗ് ദ വേവ്‌സ്’ എന്ന പേരിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. കോഴിക്കോട്ടെ തീരപ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 പെൺകുട്ടികൾക്കാണ് നീന്തൽ പരിശീലനം നല്‍കിയത്.
സെപ്റ്റംബർ 26-28 തിയതികളിലാണ് ത്രിദിന നീന്തൽ, ജീവിത നൈപുണ്യ, സമുദ്ര സംരക്ഷണ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്.
യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് നടത്തുന്ന ”സ്പോർട്സ് ഓൺവോയ്” (Sports Envoy) എന്ന പരിപാടിയിലെ അംഗങ്ങളായ അമേരിക്കൻ നീന്തൽ പരിശീലകർ ജൂലിയ ഹാബോവ്, നോറ ഡെലെസ്‌കി എന്നിവർ കുട്ടികൾക്ക് തുറന്ന കടലിൽ നീന്താനുള്ള പരിശീലനം നൽകുകയും തീരദേശ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിൽ അവർക്കുള്ള അഭിനിവേശം പങ്കുവെക്കുകയും ചെയ്തു.
നീന്തൽ, സർഫിംഗ് തുടങ്ങിയ ജല കായിക വിനോദങ്ങൾ വഴി പെൺകുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും സുരക്ഷിതമായി നീന്തൽ ആസ്വദിക്കുന്നതിനും സമുദ്ര പരിസ്ഥിയുടെ ദുർബല സ്ഥിതിയെക്കുറിച്ചുള്ള ധാരണ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിന് മുന്നോടിയായി, ഓൺലൈൻ സെഷനുകൾ വഴി പരിശീലകർ പങ്കെടുക്കുന്നവരുമായി സ്ത്രീകളുടെ ആരോഗ്യത്തെയും ശുചിത്വത്തെയും കുറിച്ച് തുറന്ന ചർച്ചയും നടന്നിരുന്നു.
‘കഴിവേറിയ ഈ പെൺകുട്ടികളുമായി പ്രവർത്തിക്കാനും കമ്മ്യൂണിറ്റി ചാമ്പ്യന്മാരാകാൻ അവരെ സഹായിക്കാനും കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.’- യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയിലെ ഇൻഫർമേഷൻ ഓഫീസർ കോറി ബിക്കൽ പറഞ്ഞു.
ഗോതീശ്വരം കടപ്പുറത്ത് നടന്ന സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി പങ്കെടുത്ത ബേപ്പൂർ പോർട്ട് ഓഫീസർ കെ. അശ്വിനി പ്രതാപും ബേപ്പൂർ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാണ്ടന്റ് എ. സുജിതും കുട്ടികൾക്ക് സെർട്ടിഫികറ്റുകൾ വിതരണം ചെയ്തു. ജെല്ലിഫിഷ് വാട്ടർസ്പോർട്‌സ് ക്ലബ്ബിലെ റിൻസി ഇഖ്ബാൽ, അഡ്വക്കേറ്റ് ശ്രീജിത്ത് കുമാർ, യു.എസ് കോൺസുലേറ്റിലെ പബ്ലിക് എൻഗേജ്‌മെന്റ് സ്‌പെഷ്യലിസ്‌ററ് ഗോകുലകൃഷ്ണൻ, യുണൈറ്റഡ് വേ ഓഫ് ചെന്നൈ സീനിയർ പ്രോഗ്രാം മാനേജർ ജഗന്നാഥൻ ആർ. എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
Post Your Comments