ഷിബിന്‍ വധക്കേസ്; കോടതി വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു; നില ഗുരുതരം

കോഴിക്കോട്: നാദാപുരം തൂണേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന്‍ ഷിബിന്റെ വധക്കേസുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. നാദാപുരം താഴെകുനിയില്‍ കാളിയറമ്ബത്ത് അസ്ലം(20)ന് ആണ് ഇന്ന് വൈകുന്നേരം അഞ്ചരയോടെ വെട്ടേറ്റത്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്.കേസിലെ മൂന്നാമത്തെ പ്രതിയാണ് അസ്‌ലം.

കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കാന്‍ പോകവേ ഇന്നോവയിലെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ണൂര്‍ രജിസ്ട്രേഷനിലുള്ള ഇന്നോവയിലാണ് അക്രമികള്‍ എത്തിയതെന്നാണ് പറയപ്പെടുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അസ്ലമിനെ വലതുകൈ അറ്റ നിലയിലാണ് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റതിനാല്‍ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലായിരുന്നു 17 പേരെ മാറാട് പ്രത്യേക കോടതി വെറുതെ വിട്ടത്.ആരാണ് വെട്ടിയത് എന്നതിനെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല.

വെട്ടേറ്റുവെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് നാദാപുരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ സ്ഥലത്ത് വന്‍ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Share
Leave a Comment