ഗസിയാബാദ്: അക്രമങ്ങള്‍ തുടര്‍ക്കഥയാകുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് ബ്രിജ്പാല്‍ തെവാഡിയയ്ക്ക് വെടിവയ്പ്പില്‍ ഗുരുതര പരിക്ക്. തെവാഡിയയ്ക്കുനേരെ അക്രമിസംഘം വെടിയുതിര്ത്തത് 100-ലേറെ തവണയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അക്രമിസംഘം വെടിവയ്പ്പിന് ശേഷം രക്ഷപ്പെടാന്‍ ഉപയോഗിച്ച ടൊയോട്ട ഫോര്‍ച്യൂണര്‍ ആറ് കിലോമീറ്റര് ദൂരത്തില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. വണ്ടിക്കുള്ളില്‍ നിന്ന്‍ വെടിവെയ്ക്കാന്‍ ഉപയോഗിച്ച എകെ-47, രണ്ട് പിസ്റ്റളുകള്‍ എന്നിവ കണ്ടെടുത്തു. സംഭവത്തില്‍ നിരവധി പേരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
സംഭവം തന്നെ ഞെട്ടിച്ചുവെന്നും സംസ്ഥാന നിയമസംവിധാനത്തിന്‍റെ പിഴവാണ് ഇത്തരം ദുരന്തം സംഭവിക്കാന്‍ കാരണമായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഗാസിയാബാദിന് സമീപമുള്ള സര്‍വോദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിജ്പാലിന്‍റെ ശരിരത്തില്‍ നിന്നും അഞ്ച് വെടിയുണ്ടകള്‍ ഡോക്ടര്‍മാര്‍ നീക്കംചെയ്തു. അദ്ദേഹത്തിന്‍റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ബിജെപിയുടെ കിസാന്‍ മോര്‍ച്ച നേതാവാണ് ബ്രിജ്പാല്‍.
Post Your Comments