Uncategorized

ദുരിതങ്ങള്‍ അകറ്റാന്‍ വര്‍ഷത്തിലൊരിക്കല്‍ ദേവീപൂജ

കര്‍ക്കിടക മാസം അവസാനിക്കാറായെങ്കിലും ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വര്‍ധിക്കാന്‍ ഈ മാസത്തില്‍ ദേവീപൂജ (ഭഗവതി സേവ) നടത്തുന്നത് അത്യുത്തമമാണ്. മലയാളികള്‍ക്ക് പ്രത്യേകിച്ച് ഹൈന്ദവര്‍ക്ക് ചിങ്ങമാസം പുതുവര്‍ഷാരംഭമാണ്. ഇക്കാരണത്താല്‍ മലയാള വര്‍ഷ കലണ്ടറിലെ അവസാന മാസവും പഞ്ഞമാസവുമായ കര്‍ക്കിടകത്തിലെ ദുരിതങ്ങള്‍ അകറ്റാനും കൂടിയാണ് ഹൈന്ദവര്‍ ദേവീ പൂജ നടത്തുന്നത്.

വര്‍ഷത്തിലൊരിക്കല്‍ സ്വന്തം ഗൃഹത്തില്‍ വെച്ചു തന്നെയാണ് ഈ പൂജ നടത്തുന്നത്. ചിലര്‍ ക്ഷേത്രങ്ങളിലും ഭഗവതിസേവ നടത്തുന്നു. ഇതു കൂടാതെ ത്രികാലപൂജയും ഗൃഹങ്ങളില്‍ നടത്തുന്നുണ്ട്. ഗൃഹത്തില്‍ പൂജ നടത്താന്‍ വേണ്ട പ്രത്യേക സ്ഥാനം നിശ്ചയിച്ച് ഭഗവതിയെ വാല്‍ക്കണ്ണാടിയിലോ പ്രത്യേക പീഠത്തിലോ സങ്കല്‍പിച്ചാണ് പൂജ നടത്തുന്നത്. കുടുംബാംഗങ്ങളെല്ലാം ഇതില്‍ പങ്കുചേരണം. ദേശഭേദങ്ങള്‍ അനുസരിച്ച് ചടങ്ങില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. നാലുകെട്ടും എട്ടുകെട്ടുമുളള വീടുകളുടെ പടിഞ്ഞാറ്റയിലാണ് ഈ പൂജകള്‍ നടത്തിയിരുന്നത്. ത്രികാല പൂജയില്‍ രാവിലെ ഗണപതിഹോമവും ഉച്ചയ്ക്ക് വിഷ്ണുപൂജയും വൈകിട്ടു ഭഗവതിസേവയുമാണ് ഉളളത്.

പരമ്പരാഗതമായി ഈ പൂജകള്‍ കര്‍ക്കിടക മാസത്തിലാണ് അനുഷ്ഠിച്ചു പോരുന്നത്. ഒരു കൊല്ലത്തെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും ഒഴിയുക എന്ന സങ്കല്‍പമാവാം കര്‍ക്കിടകമാസത്തെത്തന്നെ തിരഞ്ഞെടുത്തതിനു കാരണമെന്നാണ് വിശ്വാസം. കാലക്രമേണ ഈ അനുഷ്ഠാനങ്ങള്‍ക്കു പ്രചാരം കുറഞ്ഞെങ്കിലും ചില ഹൈന്ദവ ഗൃഹങ്ങളില്‍ ഇന്നും ഇവ നടത്താറുണ്ട്. കര്‍ക്കിടകത്തിന്റെ പഞ്ഞത്തില്‍ വീഴാതെ ശാരീരികവും മാനസികവുമായി മനുഷ്യനെ ശുദ്ധീകരിക്കുകയെന്നതും ഈ പൂജകളുടെ ഉദ്ദേശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button