അഹമ്മദാബാദ്:ബലാല്‍സംഗം മൂലം ഗര്‍ഭിണിയായ ബധിരയും മൂകയുമായ പെണ്‍കുട്ടി തന്‍റെ ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചു.ഗുജറാത്ത് ഹൈക്കോടതിയില്‍ നേരത്തെ സമ്മതം അറിയിച്ച ശേഷമാണ് കുട്ടി നിലപാട് മാറ്റിയത്.ഗുജറാത്തിലെ വനിതാ അഭയ കേന്ദ്രത്തിലെ അന്തേവാസിയായ കുട്ടിയെ സ്ഥാപനത്തിലെ 56 വയസുള്ള ക്ലാര്‍ക്ക് അമൃത് പാമറാണ് ബലാത്സംഗത്തിന് ഇരയാക്കിയത്.
നിയമ പ്രകാരം 20 ആഴ്ചയില്‍ കൂടുതല്‍ പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതിയുടെ അനുമതി ആവശ്യമായത് കൊണ്ട് തന്നെ കോടതിയില്‍ ഈ കേസ് എത്തിയിരുന്നു.വിദഗ്ദരായ അധ്യാപകരുടെ സഹായത്തോടെ വികാസ് ഗ്രഹ അധികൃതര്‍ കുട്ടിയുമായി ആശയവിനിമയം നടത്തി ഗര്‍ഭം അലസിപ്പിക്കാന്‍ കുട്ടിയുടെ അഭിപ്രായം തേടി.കുട്ടി സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് വികാസ് ഗ്രഹയുടെ ചുമതലക്കാരി നയന ഷായും കുട്ടിയും 23 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതിയെ സമീപിച്ചു.
ഇതിനെ തുടര്‍ന്ന് ഹൈക്കോടതി കുട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് റിപ്പോര്‍ട്ട് തേടുകയും വിദഗ്ദരുടെ സഹായത്തോടെ കുട്ടിയുടെ അഭിപ്രായം ആരായുകയും ചെയ്തു. കുട്ടി സമ്മതം അറിയിച്ചതിനെ തുടര്‍ന്ന് കോടതി നടപടികളുമായി മുന്നോട്ട് പോയി. എന്നാല്‍ ചൊവ്വാഴ്ച വീണ്ടും കുട്ടിയുടെ അഭിപ്രായം ആരാഞ്ഞപ്പോള്‍ ഗര്‍ഭം അലസിപ്പക്കരുത് എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.
Post Your Comments