ആലപ്പുഴ: കേരളത്തിലെ ആരോഗ്യ മേഖലയിൽ ഒരു പൊൻതൂവൽ കൂടി.ചേർത്തലയിലെ സ്വകാര്യ ആശുപത്രി ഡോക്ടർമാരുടെ കഠിനാധ്വാനത്തിൽ ആറാം മാസത്തിൽ ജനിച്ച കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധ്യമായി. 500 ഗ്രാമായിരുന്നു മാസം തികയാതെ പ്രസവിച്ചപ്പോൾ കുഞ്ഞിന്റെ തൂക്കം. ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയായ മനുവിൻറെ ഭാര്യ ബെറ്റിയാണ് മാസം തികയാതെ രണ്ടു മാസം മുൻപ് പ്രസവിച്ചത്. ആരോഗ്യമുള്ള കുഞ്ഞുമായി രണ്ടര മാസത്തെ തീവ്രപരിചരണത്തിനു ശേഷം വീട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഈ ദമ്പതികൾ. ജനിച്ചപ്പോൾ 500 ഗ്രാമായിരുന്ന തൂക്കം ഇപ്പോൾ രണ്ട് കിലോ പിന്നിട്ടു.
ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ മെയ് പതിനേഴിനാണ് ബെറ്റി ആറാം മാസത്തിൽ പ്രസവിച്ചത്. ഗർഭപാത്രത്തിൽ നിന്ന് മാസം തികയാതെ കുട്ടി പുറത്തുവരുമെന്ന കണക്കുകൂട്ടൽ ഉണ്ടായിരുന്നതുകൊണ്ട് ഡോക്ടർമാരും തയ്യാറെടുത്തിരുന്നു. 500 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞനെ ജനിച്ചയുടനെ നൂതനസാങ്കേതികവിദ്യകളുള്ള തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി കുഞ്ഞിനെ പൂർണ്ണ വളർച്ചയിലെത്തിക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു. പൊക്കിൾകൊടിയിലൂടെയാണ് ജീവൻ നിലനിർത്താനുള്ള മരുന്നുകളും പോളകങ്ങളും നൽകിയിരുന്നത്. മുലപ്പാൽ നൽകിയിരുന്നത് ട്യൂബിലൂടെ ആയിരുന്നു. എഴുപത്തിയേഴ് ദിവസത്തെ കൃത്യമായ നിരീക്ഷണവും പരിചരണവും കഴിഞ്ഞ ആരോഗ്യകരമായ കുഞ്ഞിനെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ആശുപത്രി അധികൃതർ.
Post Your Comments