അബുദാബി: ബനിയാസ് ദ്വീപിലെ കണ്ടൽ കാട് മരുഭൂമിയിൽ ആവാസവ്യവസ്ഥ ഒരുക്കി വ്യാപിക്കുന്നു. ആയിരകണക്കിനു കണ്ടൽ മരങ്ങളാണ് വർഷംതോറും ഇവിടെ വച്ചുപിടിപ്പിക്കുന്നത്. ബനിയാസിനെ മനോഹരമായ ദ്വീപാക്കി മാറ്റിയത് യു എ ഇ രാഷ്ട്രപിതാവ് ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ്. കണ്ടൽക്കാടുകൾ പരിസര പ്രദേശത്തുൾപ്പടെയുള്ള മണ്ണിലെ ഉപ്പിന്റെ അംശം കുറയ്ക്കാനും ഭൂഗർഭജലശേഖരണം കൂട്ടാനും സഹായിക്കുന്നു .
ഇവിടെ എത്തുന്ന എല്ലാ സന്ദർശകരും ഒരു കണ്ടൽ ചെടി വച്ചുപിടിപ്പിക്കുന്നുവെന്നത് ഇവിടെ സവിശേഷതയാണ്. കണ്ടൽ മേഖലകൾ ശുദ്ധമായ വായുവും ജലവും ഭൂമിയും അന്തരീക്ഷവും സമ്മാനിക്കുന്നു. ഇത് മാലിന്യങ്ങൾ തിന്ന് പരിസരം ശുചിയാക്കുന്ന ചെറുജീവികളുടെയും കീടങ്ങളെ തുരത്തുന്ന പക്ഷികളുടെയും ആവാസകേന്ദ്രം കൂടിയാണ് .
പരിസ്ഥിതി മലിനീകരണവും പല ജീവജാലങ്ങളുടെ അപ്രത്യക്ഷവുമൊക്കെ കണക്കിലെടുത്താണ് യു എ ഇ യുടെ ഈ ചുവടുവയ്പ്പ്. അബുദാബിയിലെ ഏറ്റവും വലിയ സ്വാഭാവിക കണ്ടൽമേഖലകളിൽ ഒന്നായി 87ചതുരശ്ര കിലോമീറ്ററുള്ള ബനിയാസ് ദ്വീപിനെ കണക്കാക്കുന്നു. ബനിയാസ് ഗോത്രവർഗത്തിന്റെ പേരിലാണ് ദ്വീപ് അറിയപ്പെടുന്നത്. അറേബ്യൻ ഒറിക്‌സ്, പുള്ളിപ്പുലികൾ, ജിറാഫ്, മരുഭൂമിയിലെ പൂച്ചകൾ, മുയലുകൾ, ഉരഗങ്ങൾ തുടങ്ങിയ ജീവികൾ ഇവിടത്തെ വന്യജീവി സങ്കേതത്തിലുണ്ട്.
Post Your Comments