Kerala

മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഹര്‍ജിയുമായി അഭിഭാഷകര്‍

കൊച്ചി : മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകര്‍. കേരളാ ഹൈക്കോടതിക്കു മുന്നില്‍ നടന്ന പ്രകടനത്തിന്റെ പേരില്‍ നാലു മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകളിലെ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനലിലെ വില്‍സന്‍ വടക്കുഞ്ചേരി, എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് രവികുമാര്‍, ജയ്ഹിന്ദ് വീഡിയോ എഡിറ്റര്‍ പ്രവീണ്‍ കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ ചീഫ് സലാം പി ഹൈദ്രോസ് എന്നീ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഹൈക്കോടതി അഭിഭാഷകന്‍ ജെ എസ് അജിത് കുമാറാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കോടതിയലക്ഷ്യനിയമം 10, 11 വകുപ്പുകള്‍ പ്രകാരം നടപടിയെടുക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. കോടതിക്കു മുന്നില്‍ നിയമവിരുദ്ധമായി തടിച്ചു കൂടിയവരെ നീക്കം ചെയ്യാതെ കാഴ്ചക്കാരായി നോക്കി നിന്നുവെന്നും അതുവഴി രഹസ്യമായി മാദ്ധ്യമപ്രവര്‍ത്തകരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആക്ഷേപമുണ്ട്.

മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് കഴിഞ്ഞ മാസം 20നാണ്. ധനേഷ് മാത്യു മാഞ്ഞൂരാന്‍ എന്ന ഗവണ്‍മെന്റ് പ്ലീഡര്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതിനാണ് ഇരു വിഭാഗവും തമ്മില്‍ അന്ന് വാക്കേറ്റവും പിന്നീട് ഉന്തലും തള്ളലും വരെ നടന്നിരുന്നു. പിന്നീട് ഇതിന്റെ തുടര്‍ച്ചയെന്നോണം തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ തെരുവ് യുദ്ധത്തിന് സമാനമായ സംഭവങ്ങളാണ് മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉണ്ടായത്. ആറു മാസം തടവും പിഴയുമാണ് കോടതിയലക്ഷ്യം തെളിഞ്ഞാല്‍ ശിക്ഷ.മാദ്ധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ ജി ഡി വിജയകുമാര്‍, നോര്‍ത്ത് സിഐ നിസാമുദ്ദീന്‍, സൗത്ത് സിഐ സിബി ടോം എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button