Kerala

ബസ് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വന്‍ പ്രതിഷേധം

മൂവാറ്റുപുഴ : കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ദമ്പതികളെ ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാത്ത നടപടിയില്‍ വന്‍ പ്രതിഷേധം. ഞായറാഴ്ചയായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് റജീനയും കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്തിരുന്ന കുടുംബവും തമ്മില്‍ ബസിലെ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നു മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബസ് തടഞ്ഞുനിര്‍ത്തിയതു സംഘര്‍ഷത്തിനു കാരണമായിരുന്നു. എന്നാല്‍ ബസില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ ഗൃഹനാഥന്‍ എരുമേലി കണല തേവറുകുന്നേല്‍ അനില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. അതിനിടെ തന്നെയും കുടുംബത്തെയും മര്‍ദിച്ചവര്‍ക്കും പൊലീസിനും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അനില്‍ പറഞ്ഞു.

തൃശൂരില്‍നിന്നും എരുമേലിയിലേക്കു പോവുകയായിരുന്നു എരുമേലി കണമല തേവറുകുന്നേല്‍ അനിലും കുടുംബവും. മൂവാറ്റുപുഴയില്‍ പാര്‍ട്ടി പരിപാടിയില്‍ പ്രസംഗിക്കാന്‍ എത്തിയതായിരുന്നു ഡിവൈഎഫ്‌ഐ വനിതാ നേതാവ്. അനില്‍ ഇരുന്ന സീറ്റ് നേതാവ് ആവശ്യപ്പെട്ടതാണ് പ്രശ്‌നത്തിന് തുടക്കം. അനില്‍ എഴുന്നേറ്റുമാറിയെങ്കിലും സീറ്റ് ഭാര്യക്കായി നല്‍കിയത് നേതാവിനെ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് ക്ഷുഭിതയായ നേതാവ് അനിലിന്റെ ഷര്‍ട്ടില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇതോടെ അനിലിന്റെ ഭാര്യയും വനിതാ നേതാവും ബസില്‍ ഏറ്റുമുട്ടി. വാക്കുതര്‍ക്കവും ബഹളവുമായി. ഇതിനിടയില്‍ മൂവാറ്റുപുഴയിലെ തന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് തയാറാക്കാനും വനിതാ നേതാവ് മറന്നില്ല. കച്ചേരിത്താഴത്ത് ബസ് നിര്‍ത്തിയപ്പോള്‍ അനിലിനെ വലിച്ചിറക്കി ഒരുസംഘം നേതാക്കള്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് സാന്നിധ്യത്തിലായിരുന്നു ആക്രമണം.

അടിപിടിയെ തുടര്‍ന്ന് ഇരുകൂട്ടരേയും പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനിടയില്‍ വനിതാ നേതാവ് പൊലീസ് നടപടിയോട് സഹകരിച്ചില്ല. ഇവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തില്‍ നിന്നും വലിച്ചിറക്കുകയായിരുന്നു. ഒടുവില്‍ യുവതിയും കുടുംബവും മണിക്കൂറുകളോളം പൊലീസ് സ്‌റ്റേഷനില്‍ കാത്തുനില്‍ക്കേണ്ടിവന്നു. വനിതാ നേതാവിനെ മാനഹാനിയുണ്ടാക്കിയെന്ന പരാതിയിലാണ് അനിലിനും ഭാര്യ അമ്പിളിക്കുമെതിരേ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ തങ്ങളുടെ ഭാഗം മനസിലാക്കാന്‍ പൊലീസ് തയാറായില്ലെന്നാണ് കുടുംബത്തിന്റെ പരാതി. ഇടതുസംഘടനാ പാരമ്പര്യമുള്ള കുടുംബമാണ് തന്റേത്. സംഘടനാപ്രവര്‍ത്തനം നടത്തേണ്ടതു നിരപരാധികളെ അപരാധികളാക്കിയും സത്യത്തെ വളച്ചൊടിച്ചുമല്ലെന്ന് അനില്‍ പറഞ്ഞു.

കുടുംബത്തെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടും ദമ്പതികളെയും പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നു മക്കളെയും രാത്രി മുഴുവന്‍ പൊലീസ് സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചും യൂത്ത് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. എന്നിട്ടും ഡിവൈ എഫ് ഐ നേതാക്കള്‍ക്കെതിരെ കേസ് എടുത്തില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button