IndiaNews

മറ്റൊരു ആം ആദ്മി എംഎല്‍എ കൂടി നിയമക്കുരുക്കിലേക്ക്

ഡല്‍ഹി: ഡല്‍ഹിയില്‍ ഒരു ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കൂടി നിയമത്തിന്‍റെ കുരുക്കുകളിലേക്ക്. എഎപി എംഎല്‍എ കര്‍തര്‍ സിംഗ് തന്‍വാറുടെ വസതിയില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പെടാത്ത 130 കോടി രൂപയുടെ വരുമാനവും നിക്ഷേപവും സംബന്ധിച്ച രേഖകളും പിടികൂടിയതോടെയാണിത്‌. കര്‍തര്‍ സിംഗിന്‍റെയും സഹോദരന്‍റെയും പക്കല്‍ നിന്ന് ഒരു കോടി രൂപയുടെ കറന്‍സിയും സ്വര്‍ണവും പിടിച്ചെടുക്കുക കൂടി ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതലാണ് കര്‍തറിന്‍റെയും സഹോദരന്‍റെയും വസതികളില്‍ റെയ്ഡ് നടന്നത്. കര്‍തര്‍ സിംഗ് അധികൃതരുടെ ചോദ്യം ചെയ്യലിന് വിധേയനാകുകയാണിപ്പോള്‍.

അതേസമയം, തനിക്കെതിരെ ബി.ജെ.പി നടത്തുന്ന ആസൂത്രിത രാഷ്ട്രീയ നീക്കമാണിതെന്നാണ് കര്‍തറിന്‍റെ ആരോപണം. ബി.ജെ.പിയുടെ മുന്‍നേതാവായിരുന്ന കര്‍തര്‍ 2014ലാണ് എഎപിയില്‍ ചേര്‍ന്നത്.

കര്‍തറിന്‍റെ പക്കല്‍നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത രേഖകളില്‍ അടുത്ത കാലത്ത് ഛത്തര്‍പുരിലും ഘിത്രോണിയിലും ഫാം ഹൗസുകള്‍ വാങ്ങിയതായി തെളിഞ്ഞിട്ടിട്ടുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയോ രജിസ്‌ട്രേഷന്‍ ഫീസോ അടക്കാതെയാണ് കര്‍തര്‍ ഈ ഇടപാടുകള്‍ നടത്തിയതെന്ന്‍ ആദായ നികുതി അധികൃതര്‍ പറഞ്ഞു. സര്‍ക്കാരിന് കോടികളുടെ നഷ്ടമാണ് എം.എല്‍.എ ഇതുവഴി വരുത്തിവച്ചത്.

കര്‍തര്‍ സ്വന്തം നിയന്ത്രണത്തിലുള്ള കമ്പനികളുടെ പേരില്‍ വായ്പകള്‍ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 35-ഓളം കമ്പനികളുമായി കര്‍തറിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ ബിനാമി പേരുകളിലും കര്‍തര്‍ വന്‍സ്വത്ത് സമ്പാദിച്ചതായും കണ്ടെത്തി. ഇവയുടെ മൂല്യനിര്‍ണയം നടന്നുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button