ഗോ സംരക്ഷകരെന്ന നിലക്ക് ചിലര്‍ കാട്ടിക്കൂട്ടുന്ന ചെയ്തികള്‍ക്കെതിരെ പരസ്യമായി രംഗത്തുവരാനുള്ള പ്രധാനമന്ത്രിയുടെ നീക്കം പലതുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നതാണ്. കഴിഞ്ഞ കുറച്ചുനാളായി ഗോ സംരക്ഷകരെന്ന പേരിലാണ് ചിലര്‍ അവിടെയും ഇവിടെയും അതിക്രമങ്ങള്‍ക്ക് മുതിര്‍ന്നത്. അത് നടക്കുമ്പോള്‍ തന്നെ വീഡിയോ പിടിക്കുകയും അത് രാജ്യമെമ്പാടും പ്രചരിപ്പിക്കുകയും ചെയ്തു. അക്രമം നടത്തുന്നവര്‍ തന്നെയാണ് വീഡിയോ എടുത്തതെന്നും അത് പ്രചരിപ്പിച്ചതെന്നും പലയിടത്തുനിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനുപിന്നില്‍ എന്ത് താല്പര്യമാണ് ഉള്ളതെന്ന് വ്യക്തമാണ്. ഗോ മാംസം കഴിക്കുന്നവരെയും അത് കൈവശം വെക്കുന്നവരെയും കണ്ടെത്തി തെരുവില്‍ നേരിടുക എന്നത് ഒരു രാഷ്ട്രീയ അജണ്ടയായി പലരും കാണുന്നു. രാഷ്ട്രീയമായി അതിനെ പ്രയോജനപ്പെടുത്താനും ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ വിരുദ്ധ ശക്തികള്‍ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തില്‍.വേണം പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിലയിരുത്തേണ്ടത്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഇത്തരത്തില്‍ കുഴപ്പമുണ്ടാക്കാനും അതില്‍ സംഘ പരിവാറിനെയും ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും മറ്റും പ്രതിചേര്‍ക്കാനും ശ്രമങ്ങള്‍ മുന്‍പും നടന്നത് കണക്കിലെടുത്തുകൂടിയാണ് നരേന്ദ്ര മോദിയുടെ ഈ നീക്കമെന്ന് വ്യക്തം.
ഗോ സംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. തന്റെ പ്രഥമ ‘ടൗണ്‍ ഹാള്‍ ‘ പരിപാടിയിലാണ് ഈ സുപ്രധാന നിര്‍ദ്ദേശം അദ്ദേഹത്തില്‍ നിന്നുമുണ്ടായത്. ഇത്തരം സംഭവങ്ങളില്‍ സംസ്ഥാനങ്ങള്‍ ആവശ്യമായ നടപടികളെടുക്കണം. സാമൂഹ്യവിരുദ്ധ ശക്തികളാണ് ഇതിനുപിന്നില്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇത്തരക്കാരില്‍ 70 – 80 ശതമാനവും. അവരുടെ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ എടുക്കണം, ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, മോഡി നിര്‍ദ്ദേശിച്ചു. ഇവിടെ അക്രമി ആരാണെങ്കിലും, ഏത് മതത്തിലും പ്രസ്ഥാനത്തിലും പെട്ടയാളാണ് എങ്കിലും, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരപ്പെടണം; ശക്തമായ നടപടികള്‍ കൈക്കൊള്ളണം എന്നതുതന്നെയാണ് മോദിയുടെ നിര്‍ദ്ദേശം. ഇത്തരമൊരു വിഷയത്തില്‍ ഇത്ര ശക്തമായ നിലപാട് എടുക്കാന്‍ മോദി തയ്യാറായത് ശ്രദ്ധിക്കപെടേണ്ടുന്ന കാര്യമാണ്.
യു.പിയിലും ഗുജറാത്തിലുമൊക്കെ ഗോ സംരക്ഷണത്തിന്റെ മറവില്‍ പട്ടികജാതിക്കാര്‍ക്കും മത ന്യൂനപക്ഷക്കാര്‍ക്കുമെതിരെ അതിക്രമങ്ങള്‍ നടന്നതായി അടുത്തിടെ വാര്‍ത്തയുണ്ടായി . അത് വല്ലാതെ കൊട്ടി ഘോഷിക്കപ്പെട്ടിരുന്നു. കാവികുപ്പായമിട്ടു വരുന്ന ഇക്കൂട്ടര്‍ യഥാര്‍ഥത്തില്‍ ഹിന്ദു സമൂഹത്തിനുതന്നെ അപമാനമാണ് ഉണ്ടാക്കിയത് എന്ന് കരുതുന്നവരാണ് ഹിന്ദു സംഘടനകള്‍. ഇവര്‍ക്കാര്‍ക്കും ഇത്തരത്തിലുള്ള ഹൈന്ദവദേശീയ പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ല എന്നതും വ്യക്തമായിരുന്നു. എന്നാല്‍ ഹിന്ദു എന്ന് പറഞ്ഞാല്‍ അത് സംഘ പരിവാറിനെയും, പ്രത്യേകിച്ച് ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും, പ്രതിക്കൂട്ടിലാക്കാനുള്ള നല്ല അവസരമായി പലരും കണ്ടു. അതിനുപിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത്.
ഗോ സംരക്ഷണം ഇന്ത്യയില്‍ വളരെ പവിത്രമായി കരുതപ്പെടുന്ന ഒന്നാണ്. ‘ഗോ മാതാവ് ‘ എന്നാണ് ഇന്ത്യയിലെ ജനങ്ങള്‍ പറയാറുള്ളത്. മാതാവായി പശുക്കളെ കാണുന്ന ഒരുസംസ്‌കാരമാണ് ഇവിടെനിലനില്‍ക്കുന്നത് എന്നര്‍ത്ഥം . രാഷ്ട്രീയത്തിനതീതമായി എല്ലാവരും അക്കാര്യം അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ കോണ്‍ഗ്രസ് ഭരണകാലത്തു അനവധി സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചത്. ആ സംസ്ഥാനങ്ങളില്‍ ഗോമാംസം ഭക്ഷിക്കുന്നതും വില്‍ക്കുന്നതുമൊക്കെ ക്രിമിനല്‍ കുറ്റമാണ്. അവിടെയെല്ലാമാണ് ഇന്നിപ്പോള്‍ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇന്നും ബീഫിന്റെ പേരില്‍ ‘വിപ്ലവ’ത്തിന് ശ്രമിക്കുന്നവര്‍ അത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉന്നയിക്കാറില്ല. പശുവും ഗോ മാംസവുമൊക്കെ അവിടെ ഒരു വലിയ പ്രശ്‌നമായി ഇപ്പോഴും നിലനില്‍ക്കുന്നു എന്നതുതന്നെയാണ് അതിനുകാരണം . ഗോ സംരക്ഷണത്തിനായി അനവധി പദ്ധതികള്‍ പഴയകാലം മുതല്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിരുന്നതും ഓര്‍ക്കുക.
ഗോ സംരക്ഷണ വിഷയത്തില്‍ ഇത്തരമൊരു ഒരു ശക്തമായ നിലപാട് എടുക്കാന്‍ പ്രധാനമന്ത്രിക്ക് എളുപ്പമായിരുന്നില്ല എന്ന് കരുതുന്നയാളാണ് ഞാന്‍. അതിനു കാരണം സംഘ പരിവാര്‍ ഈ വിഷയത്തിലെടുക്കുന്ന സമീപനം തന്നെ. ഏതുവിധേനയും ഗോ സംരക്ഷണം ഉറപ്പാക്കണം എന്ന് കരുതുന്നവരാണ് അവരെന്നത് പ്രധാനമാണ്. ഇന്ത്യയില്‍ ആര്‍.എസ്. എസും മറ്റുമാണ് യഥാര്‍ഥത്തില്‍ ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത ഉന്നയിച്ചു തെരുവിലിറങ്ങിയത് എന്നത് മറന്നുകൂടാ. ഗുരുജി ഗോള്‍വാള്‍ക്കര്‍ ഇക്കാര്യത്തില്‍ വലിയ ഊന്നല്‍ ആദ്യമേ നല്‍കിയിരുന്നു. വിദേശാധിപത്യത്തോടെയാണ് ഇന്ത്യയില്‍ ഗോമാംസം ഉപയോഗിക്കുന്നത് വര്‍ധിച്ചത് എന്നതാണ് ആര്‍.എസ്.എസിന്റെ നിലപാട്. പട്ടാളക്കാര്‍ക്ക് ഗോമാംസം ആവശ്യമായിരുന്നു. പശുക്കളെ അറക്കുന്ന ജോലിയാവട്ടെ മുസ്‌ലിം സമുദായത്തില്‍ പെട്ടവരില്‍ വന്നുചേരുകയും ചെയ്തു. എന്നാലന്നും ഗോമാതാ സങ്കല്പം ഇവിടെ ഹിന്ദു മനസുകളില്‍ രൂഢമൂലമായിരുന്നു. സ്വാതന്ത്ര്യം ലഭിച്ചയുടനെത്തന്നെ രാജ്യത്തു സമ്പൂര്‍ണമായ ഗോവധ നിരോധനം നടപ്പിലാക്കേണ്ടതായിരുന്നു എന്ന് കരുതുന്നവര്‍ ആര്‍ എസ് എസിലോ സംഘപരിവാറിലോ മാത്രമല്ല ഹിന്ദു സന്യാസിവര്യന്മാരിലും അനവധിയുണ്ട്. ഹിന്ദു സമൂഹത്തിലെ പൊതുവികാരമായിരുന്നു അത്. അതുകൊണ്ടാണ് രാജ്യവ്യാപകമായി ഒരു ഗോ സംരക്ഷണ മുന്നേറ്റം അരങ്ങേറിയത്. 1952 ലാണത് .
അന്നുതന്നെ അനവധി കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. പ്രായമായ പശുക്കളെ വധിച്ചില്ലെങ്കില്‍ എന്താവും അവസ്ഥ എന്നും മറ്റുമുള്ള ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു. അതിനു ആര്‍.എസ്.എസ് സര്‍സംഘചാലകായിരുന്ന ഗുരുജി ഗോള്‍വാള്‍ക്കര്‍ക്കു വ്യക്തമായ മറുപടിയും ഉണ്ടായിരുന്നു. ഗുരുജി ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ ശ്രദ്ധിക്കൂ: അദ്ദേഹം പറഞ്ഞു: ‘ ഏറ്റവുമാദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടെ കൊല്ലപ്പെടുന്ന പശുക്കള്‍ വയസായവയല്ല. ഇതോടൊപ്പം പ്രധാനമായ മറ്റൊരു കാര്യം കൂടിയുണ്ട്. തങ്ങളുടെ മറ്റു പ്രയോജനങ്ങള്‍ കൊണ്ട് വയസായ പശുക്കളും സാമ്പത്തിക ഭാരം ഉണ്ടാക്കുന്നില്ല. ഇനി കൊല്ലുന്നതിന്റെ കാര്യമാണെങ്കില്‍, തോലിനുവേണ്ടി പശുക്കുട്ടികളും മാംസത്തിനുവേണ്ടി നല്ല ആരോഗ്യമുള്ള പശുക്കളും തന്നെയാണ് കൊല്ലപ്പെടുന്നതെന്നതാണ് സത്യാവസ്ഥ. നിരോധനമുള്ള സ്ഥലങ്ങളിലും ഇന്ന് ഗോ ഹത്യ നടക്കുന്നുണ്ട്. പക്ഷെ മുന്‍പ് നാട്ടുരാജ്യങ്ങളില്‍ ഗോ ഹത്യ നടന്നിരുന്നില്ല. അക്കാലത്തു ഒരു കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഗോഹത്യ ഉണ്ടായിരുന്ന പ്രദേശങ്ങളില്‍ വൃദ്ധാവസ്ഥയിലുള്ള പശുക്കളുടെ തോത് ഏഴര ശതമാനമായിരുന്നു.എന്നാല്‍ ഗോ ഹത്യ നടക്കാതിരുന്ന സ്ഥലങ്ങളില്‍ ഈ തോത് അര ശതമാനം മാത്രമായിരുന്നു. ഈ കണക്കു കണ്ടിട്ട് സുപ്രീം കോടതിയിലെ ഒരു മുന്‍ ന്യായാധിപന്‍ ആശ്ചര്യചകിതനായിപ്പോയി. പ്രസ്തുത കണക്കുകളുടെ അടിസ്ഥാനത്തില്‍ ഗോ ഹത്യയില്‍ വയസായ പശുക്കളല്ല മറിച് ആരോഗ്യമുള്ള പശുക്കള്‍ തന്നെയാണ് വധിക്കപ്പെടുന്നത് എന്ന യാഥാര്‍ഥ്യം അദ്ദേഹത്തിന് സ്വീകരിക്കുക തന്നെ വേണ്ടിവന്നു.’
ഗുരുജി ഗോള്‍വാള്‍ക്കറെ ഇവിടെ ഉദ്ധരിച്ചത്, സംഘ പരിവാര്‍ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എത്രമാത്രം ഗൗരവവും പ്രാധാന്യവും നല്‍കുന്നു എന്ന് കാണിക്കാനാണ്. ഗുരുജിയുടെത് ഇന്നും എന്നും ആര്‍. എസ്. എസിനും സംഘ പരിവാറിനും അവസാനവാക്കാണല്ലോ. അത്തരമൊരു വിഷയത്തില്‍ വ്യക്തമായ നിലപാടാണ് ഇന്നിപ്പോള്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ചത്. പശുവിന്റെ പേരില്‍ ആരും തെരുവിലിറങ്ങി നിയമം കയ്യിലെടുക്കേണ്ടതില്ല എന്നതാണ് ആ സൂചന. പശുമാംസം എന്നും ഗോ ഹത്യ എന്നുമെല്ലാം കേള്‍ക്കുമ്പോള്‍ പലയിടത്തും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് കാണുന്നുണ്ട് എന്നതറിഞ്ഞുകൊണ്ടുതന്നെയുള്ള നിലപാട്. ഗോവധം നിരോധിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അത് ഒരു ക്രമസമാധാന പ്രശ്‌നമാണ് അല്ലെങ്കില്‍ നിയമത്തിന്റെ ലംഘനമാണ് . എന്നാല്‍ നാട്ടുകാര്‍ സ്വന്തം നിലക്ക് അതിനെ കൈകാര്യം ചെയ്യാന്‍ ഒരുകാരണവശാലും അനുവദിച്ചുകൂടാ. നിയമം നിയമത്തിന്റെ വഴിയിലൂടെ പോകട്ടെ. നിയമലംഘനമുണ്ടായാല്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ്; പൊലീസാണ്, കോടതിയാണ്. അതിനുപകരം ഓരോരുത്തര്‍ നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നത് അവസാനിപ്പിച്ചെ തീരൂ. ഇതാണ് ഇന്നിപ്പോള്‍ നരേന്ദ്ര മോഡി നല്‍കിയ സൂചന അല്ലെങ്കില്‍ മുന്നറിയിപ്പ് . അതിനെ തീര്‍ച്ചയായും എല്ലാവരും സ്വാഗതം ചെയ്യണം. അതോടൊപ്പം ഇത്തരം വിക്രിയകള്‍ക്കും അക്രമങ്ങള്‍ക്കുമെല്ലാം മുതിരുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാവുകയും വേണം.
യു.പിയില്‍ അടുത്തിടെ ഒരു ഗോമാംസ വിവാദമുണ്ടായത് ഓര്‍ക്കുക. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിലായിരുന്നു അത്. ദാദ്രി സംഭവമാണ് സൂചിപ്പിച്ചത് . ഗോമാംസം സൂക്ഷിച്ചതിന്റെ പേരില്‍ നടന്ന അക്രമമാണ് അവിടെ നടന്നത്. അതിനിടെ ഒരാള്‍ മരണമടയുകയും ചെയ്തു. പക്ഷെ അത് ഗോമാംസമല്ല മറ്റെന്തോ മാംസമാണ് അയാള്‍ കയ്യില്‍ കരുതിയിരുന്നത് എന്നതായിരുന്നു അന്നത്തെ വാദഗതി. യുപിയില്‍ ഗോഹത്യ നിരോധിക്കപ്പെട്ടിരിക്കുന്നു എന്നതുമോര്‍ക്കണം. അവസാനം ഫോറന്‍സിക് ലാബിലെ ഫലം പുറത്തുവന്നപ്പോള്‍ അവിടെയുണ്ടായിരുന്നത് ഗോമാംസം തന്നെയാണെന്ന് വ്യക്തമായി. യുപിയിലെ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരിന്റെ പൊലീസാണ് കേസന്വേഷിച്ചത്. സത്യം പുറത്തുവന്നു; അവിടെ ഗോഹത്യ നടന്നിരുന്നു എന്ന് വ്യക്തമായി. പക്ഷെ, അതിന്റെ പേരില്‍ ചിലര്‍ നടത്തിയ ആക്രമണനങ്ങളെ ന്യായീകരിക്കാന്‍ ആര്‍ക്കുമാവില്ല. ഇപ്പോഴത്തെ ഈ സന്ദേശത്തിലൂടെ നരേന്ദ്ര മോഡി നല്‍കുന്നതും അതുതന്നെയാണ്.
കെ.വി.എസ് ഹരിദാസ്
Post Your Comments