കാസര്‍കോട്: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ.എസ്.) മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള 21 പേരെ ഐ.എസ്. സ്വാധീനവലയത്തിലെത്തിച്ചുവെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തല സ്വദേശി അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായി അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചു.
ജിഹാദിനെ(വിശുദ്ധയുദ്ധം)ക്കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചും റാഷിദ് തുടര്‍ക്ലാസുകള്‍ നടത്തിയിരുന്നു. ഐ.എസ്. ഔദ്യാഗിക പ്രസിദ്ധീകരണമായ ‘ദാബിഖ്’ റാഷിദ് ശേഖരിച്ചിരുന്നുവെന്നും വ്യക്തമായി.
റാഷിദിനും രണ്ടാംഭാര്യ യാസ്മിനുമെതിരെ യു.എ.പി.എ. ചുമത്തിയ കേസ് ഉടന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഏറ്റെടുത്തേക്കും. കേരളത്തില്‍നിന്ന് കാണാതായ 21 പേരും അഫ്ഗാനിസ്താനിലെ ഫിലാഫയില്‍ എത്തിയതായുള്ള ടെലിഗ്രാഫിക് മെസേജും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് റാഷിദിനെ ഒന്നാം പ്രതിയായാണ് കേസ് എടുത്തിട്ടുള്ളത്. നിരോധിത സംഘടനയ്ക്കുവേണ്ടി നിലകൊണ്ടതിന് യു.എ.പി.എ. നിയമത്തിലെ 38, 39 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദിന് അഫ്ഗാനിസ്താനില്‍നിന്ന് റാഷിദ് ഓണ്‍ലൈന്‍ ആയി പണം കൈമറിയതായി തെളിഞ്ഞിരുന്നു. ഈ പണം ഉപയോഗിച്ച് റാഷിദിനുവേണ്ട സഹായങ്ങള്‍ ഇവര്‍ ചെയ്തിരിക്കാം എന്ന നിഗമനത്തിലാണ് പോലീസ്. യു.എ.പി.എ. കേസില്‍ രണ്ടാംപ്രതിയായ യാസ്മിന്‍ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനുമായി പോലീസ് കസ്റ്റഡിയിലാണ്.
തൃക്കരിപ്പൂര്‍ മേഖലയില്‍നിന്ന് കാണാതെപോയ പുരുഷന്മാരെ മാത്രം സംഘടിപ്പിച്ച് കഴിഞ്ഞവര്‍ഷമാണ് അബ്ദുള്‍ റാഷിദ് ജിഹാദിനെക്കുറിച്ച് തുടര്‍ ക്ലാസുകള്‍ നടത്തിയത്. ഖുര്‍ആന്‍ പഠനക്ലാസ് എന്നാണ് പുറമേയുള്ളവരെ ധരിപ്പിച്ചിരുന്നത്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചതുമില്ല. റാഷിദിനൊപ്പം ഐ.എസ്. സ്വാധീന കേന്ദ്രത്തിലെത്തിയെന്ന് കരുതുന്ന അഷ്ഫാഖിന്റെ വീട്ടില്‍ വെച്ചായിരുന്നു ക്ലാസുകള്‍. ഇവിടെ ഇസ്ലാമിക് സ്റ്റേറ്റിനെക്കുറിച്ചുള്ള വീഡിയോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നെന്ന് അന്വേഷണസംഘം കരുതുന്നു. ഐ.എസ്സിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ മാസികയായ ‘ദാബിഖ്’, ഐ.എസ്.അനുകൂല ലേഖനങ്ങളുടെ പി.ഡി.എഫ്. എന്നിവ അബ്ദുള്‍ റാഷിദ് ശേഖരിച്ചിരുന്നു.
റാഷിദിന്റെ നീക്കങ്ങളെല്ലാം രഹസ്യസ്വഭാവമുള്ളതായിരുന്നു. അന്വേഷണ സംഘങ്ങള്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാവാത്ത വിധത്തിലായിരുന്നു ഇയാളുടെ ഇന്റര്‍നെറ്റ് ഉപയോഗം. സെര്‍ച്ച് ഹിസ്റ്ററിയില്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് പിടികിട്ടാന്‍ ബുദ്ധിമുട്ടേറെയുള്ള ബ്രൗസറുകളോ സെര്‍ച്ച് എന്‍ജിനുകളോ ആണ് റാഷിദ് ഉപയോഗിച്ചിരുന്നത്. കേസില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം ഏറെക്കുറെ ഉറപ്പിച്ച സാഹചര്യത്തിലാണ് കേസ് എന്‍.ഐ.എ. ഏറ്റെടുക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ കേരള പോലീസ് കേസ് സംബന്ധിച്ച എല്ലാ വിവരങ്ങളും എന്‍.ഐ.എ.യ്ക്ക് കൈമാറും. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ത്തിയാവാനുള്ളത്.
Post Your Comments