ദമ്മാം● സ്പോൺസർ കള്ളകേസുണ്ടാക്കിയതിനാൽ, അന്യായമായി മൂന്ന് മാസത്തിലധികം തടവിൽ കഴിയേണ്ടി വന്ന ഇന്ത്യൻ തൊഴിലാളി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, രക്ഷപ്പെട്ട് നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ഉത്തരപ്രദേശ് ബഹ്റൈച്ച് സ്വദേശിയായ ഷാബേ ആലം, ഒരു വർഷത്തിന് മുൻപാണ് ദമ്മാമിൽ ഒരു സൗദി പൗരന്റെ കീഴിൽ കാർപെന്റർ ആയി ജോലിയ്‌ക്കെത്തിയത്. കഠിനമായി ജോലി ചെയ്തിരുന്നെങ്കിലും സ്പോൺസർ ശമ്പളം കൃത്യമായി കൊടുത്തിരുന്നില്ല. അഞ്ചു മാസത്തോളം ശമ്പളം കുടിശ്ശികയായപ്പോൾ, ആലം ദമ്മാമിലെ ഇന്ത്യൻ എംബസ്സി സേവനകേന്ദ്രത്തിൽ പോയി പരാതി പറഞ്ഞു. അവിടെ നിന്ന് ഒരാൾ നൽകിയ നമ്പറിൽ നവയുഗം ജീവകാരുണ്യപ്രവർത്തകനും, ഇന്ത്യൻ എംബസ്സി വോളന്റീറുമായ പദ്മനാഭൻ മണിക്കുട്ടനെ ഫോണിൽ വിളിച്ച ആലം, സ്വന്തം അവസ്ഥ പറഞ്ഞു. തൊഴിൽ കരാർ ലംഘനത്തിന് സ്പോണ്സർക്കെതിരെ ലേബർ കോടതിയിൽ കേസ് കൊടുക്കാൻ മണിക്കുട്ടൻ നിർദ്ദേശിച്ചു. എന്നാൽ കേസ് കൊടുക്കാൻ പോയ ആലത്തിനെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലാതായി. അയാളുടെ മൊബൈൽ നമ്പറിൽ വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു.
രണ്ടു മാസങ്ങൾക്കു ശേഷം ഒരു ദിവസം തന്റെ ഫോണിൽ വന്ന ഒരു മിസ്ഡ്‌കോൾ കണ്ട് തിരികെ വിളിച്ച മണിക്കുട്ടനോട്, താൻ ഇത്രയും കാലമായി പോലീസ് ലോക്കപ്പിലാണെന്നും, എന്താണ് കേസ് എന്ന് അറിയുക പോലുമില്ലെന്നും ആലം പറഞ്ഞു.
മണിക്കുട്ടനും, ഭാര്യയും നവയുഗം ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനും ചേർന്ന് ഈ വിവരം ഇന്ത്യൻ എംബസ്സിയിൽ റിപ്പോർട്ട് ചെയ്തു. എംബസ്സി ആലത്തിന്റെ കേസിൽ ഇടപെടാൻ അവർക്ക് അനുമതിപത്രം നൽകി.
തുടർന്ന് രണ്ടു പേരും പോലീസ് സ്റ്റേഷനിൽ എത്തി അധികാരികളുമായി സംസാരിച്ചു. ആലം തന്റെ വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും, ആത്മഹത്യപ്രവണത ഉള്ള ആളായതിനാൽ പുറത്തു വിടരുതെന്നും പറഞ്ഞ് സ്പോൺസർ നൽകിയ കേസ് കാരണമാണ് തടവിൽ കഴിയേണ്ടി വന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ശമ്പളം തരാതെ ജോലി ചെയ്യില്ല എന്ന് പറഞ്ഞു വഴക്കുണ്ടാക്കിയ ആലത്തിനെ മനഃപൂർവ്വം സ്പോൺസർ കള്ളക്കേസിൽ കുടുക്കുകയായിരുന്നു. മൊബൈൽ സ്പോൺസർ കൈവശപ്പെടുത്തിയതിനാൽ പാവം ആലത്തിന് ആരെയും സഹായത്തിന് ബന്ധപ്പെടാനും കഴിഞ്ഞില്ല. ആലത്തിന്റെ നാട്ടിലെ കുടുംബത്തെ ബന്ധപ്പെട്ട സ്പോൺസർ, അയാളെ കേസിൽ നിന്നും മോചിപ്പിച്ച് നാട്ടിലേയ്ക്ക് അയയ്ക്കണമെങ്കിൽ അയ്യായിരം റിയാൽ നഷ്ടപരിഹാരമായി അയച്ചു തരണമെന്ന്, അവരോട് ആവശ്യപ്പെട്ടതായും അറിഞ്ഞു.
ശമ്പളം കൊടുക്കാതെ ജോലി ചെയ്യിച്ചതിനും, അന്യായമായി കള്ളക്കേസ് കൊടുത്ത് തടവിൽ വച്ചതിനും, സ്പോൺസർക്കെതിരെ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നിയമനടപടികൾ സ്വീകരിയ്ക്കുമെന്ന് ശക്തമായ നിലപാട് നവയുഗം ജീവകാരുണ്യപ്രവർത്തകർ സ്വീകരിച്ചു. കാര്യം പന്തിയല്ല എന്ന് മനസ്സിലായ സ്പോൺസർ കേസ് പിൻവലിച്ച്, ആലത്തിന് ഫൈനൽ എക്സിറ്റ് നൽകുകയും, പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിയ്ക്കുകയും ചെയ്തു. സൗദി അധികാരികൾ തന്നെ ആലത്തിന് വിമാനടിക്കറ്റ് നൽകി.
നിയമനടപടികൾ പൂർത്തിയാക്കിയപ്പോൾ തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ആലം നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments