കൊല്ലം● ഒരു കാലത്ത് തീപ്പൊരി പ്രസംഗങ്ങളിലൂടെ യുവതയുടെ സിരകളില്‍ വിപ്ലവത്തിന്റെ അഗ്നിപകര്‍ന്ന യുവ നേതാവ്. മുന്‍ എം.എല്‍.എയും പ്രമുഖ സി.പി.ഐ നേതാവുമായ തെങ്ങമം ബാലകൃഷ്ണന്റെ മകന്‍, സോണി.ബി.തെങ്ങമം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ആരുടെയും ഹൃദയംതകര്‍ക്കും. രോഗം കാര്‍ന്നുതിന്നുന്ന അവസ്ഥയില്‍ അദ്ദേഹം ഇപ്പോള്‍ കൊല്ലം ജില്ലയിലെ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ അഭയാര്‍ത്ഥിയായി കഴിയുകയാണ് .
എട്ടുമാസം മുന്‍പ് ബാധിച്ച മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് എന്ന രോഗമാണ് സോണിയെ തകര്‍ത്തത്. തലച്ചോറില്‍ നിന്നും സന്ദേശങ്ങള്‍ കാലിലേക്ക് എത്താത്ത, ലക്ഷത്തില്‍ ഒരാളില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വരോഗം. ശ്രീചിത്രയിലെ ചികിത്സയിലായിരുന്നു സോണി. ഒരു ഇന്‍ജക്ഷന് തന്നെ ഒരു ലക്ഷം രൂപയോളം ചെലവ് വരും. രോഗം മൂര്‍ഛിച്ചതോടെ കിടക്കയില്‍ നിന്നും ചലിക്കനാവാത്ത അവസ്ഥയായി. തുടര്‍ന്ന് സംസാരശേഷിയും ഭാര്യയേയും മകളേയും പോലും തിരിച്ചറിയാനാവാത്ത വിധം ഓര്‍മശക്തിയും നഷ്ടപ്പെട്ടു.
തിരുവനന്തപുരം ജില്ലാകോടതിയില്‍ ഹെഡ്ക്ലാര്‍ക്കായ ഭാര്യ ഷീജ ജോലിയില്‍ നിന്നും അവധിയെടുത്ത് ഒപ്പം നിന്ന് ചികിത്സ നടത്തിവരുകയായിരുന്നു. ഷീജയും ഒരു അപൂര്‍വ രോഗത്തിന് കീഴടങ്ങിയിരുന്നു. സാമ്പത്തികമായും ഏറെ ബുദ്ധിമുട്ടായിരുന്നു ഈ കുടുംബം അനുഭവിച്ച് വന്നിരുന്നത്. ഇവരുടെ കഷ്ടപ്പാടുകള്‍ കേട്ടറിഞ്ഞ ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ സഹായഹസ്തവുമായെത്തുകയായിരുന്നു. ഗാന്ധിഭവനിലേക്ക് മാറ്റിയ സോണിയെ കൂടെ നിന്ന് പരിചരിക്കാനായി ഭാര്യയും മൂന്നുവയസുകാരിയായ മകളും ഗാന്ധിഭവനില്‍ താമസിക്കുകയാണ്.
പിതാവും മുന്‍ എംഎല്‍എയുമായ തെങ്ങമം ബാലകൃഷ്ണന്റെ പാത പിന്തുടര്‍ന്നായിരുന്നു സോണിയുടെയും ജീവിതയാത്ര. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന സോണി എഐഎസ്എഫ് ദേശീയ സെക്രട്ടറിയായും സിപിഐ ദേശീയ സെക്രട്ടറി എ.ബി.ബര്‍ദാന്റെ സെക്രട്ടറിയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു.
സിപിഐ കൊല്ലം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം എന്നീ ചുമതലകളും വഹിച്ചു. വിഎസ് അച്യുതാനന്ദന്റെ ഭരണകാലത്തായിരുന്നു കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് സിപിഐ നേതൃത്വം സോണി ബി.തെങ്ങമത്തെ വിവരാവകാശ കമ്മീഷണറാക്കിയത്. സാമ്പാദ്യം ഒന്നുമില്ലാതെ രോഗപീഡയാല്‍ ദുരിതം അനുഭവിച്ച സോണിക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ പദവി.
അസുഖത്തിനിടയിലും മുടങ്ങാതെ ഓഫീസിലെത്തുകയും ബന്ധപ്പെട്ട ഫയലുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. നടക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ പരസഹായത്തോടെ വീല്‍ചെയറിലായിരുന്നു ജോലിക്ക് എത്തിയിരുന്നത്. അസുഖത്തിനിടയിലും മുടങ്ങാതെ ഓഫീസിലെത്തുകയും ബന്ധപ്പെട്ട ഫയലുകള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തു. നടക്കാന്‍ ബുദ്ധിമുട്ടായിരുന്നതിനാല്‍ പരസഹായത്തോടെ വീല്‍ചെയറിലായിരുന്നു ജോലിക്ക് എത്തിയിരുന്നത്. സോണിയെ വിവരാവകാശ കമ്മീഷണറാക്കിയതിനെതിരെ അന്ന് യു.ഡി.എഫ് വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും സോണി കമ്മീഷണറായി തുടര്‍ന്നു.
സോണി ബി. തെങ്ങമത്തിന്റെ ഈ അവസ്ഥയില്‍ അദ്ദേഹത്തിനും കുടുംബത്തിനും സഹായഹസ്തവുമായി സുഹൃത്തുക്കളും പഴയകാല സഖാക്കളും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐ- എ.ഐ.എസ്.എഫ്/എ.ഐ.വൈ.എഫ് പ്രവര്‍ത്തകരായ മുന്‍ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. അയൂബ് ഖാന്‍, പത്രപ്രവര്‍ത്തകാനായ നാരായണ മൂര്‍ത്തി, മുന്‍ ദേശാഭിമാനി കറസ്പോണ്ടന്റും മുന്‍ രാജ്യസഭാംഗംവും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ഒ.ജെ ജോസഫിന്റെ മകന്‍ ലാലു ജോസഫ് എന്നിവരാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.
Post Your Comments