Sports

ഒളിമ്പിക്സിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ – ഭാഗം 3

സുജിത്ത് ചാഴൂര്‍

ഒളിമ്പിക്സിന് ഇനി 3 നാള്‍ കൂടിയേ ഉള്ളൂ. മുഴുവന്‍ കായികതാരങ്ങളും കഠിനാധ്വാനത്തിലാണ്. റിയോയില്‍ മാത്രമല്ല പങ്കെടുക്കുന്ന രാജ്യങ്ങളിലെ കായികപ്രേമികള്‍ മുഴുവന്‍ ആവേശത്തിലാണ്. അന്തിമ ഒരുക്കങ്ങള്‍ നടന്നുവരുന്നു. റിയോയിലെ ഇന്ത്യന്‍ സാധ്യതകളെക്കുറിച്ച് ഇന്ന് ചില ഇനങ്ങളെ കുറിച്ച് ശ്രദ്ധിക്കാം

ബാഡ്മിന്റൺ

നമുക്ക് ഏറ്റവും കൂടുതല്‍ മെഡലുകള്‍ കിട്ടിയ കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സില്‍ ഒന്ന് ബാഡ്മിന്റണില്‍ നിന്നായിരുന്നു. സൈന നെവാളിന് അന്ന് വെങ്കലം ലഭിച്ചിരുന്നു. 2008 ലാണ് സൈന ഒരു മെഡല്‍ പ്രതീക്ഷ എന്ന നിലക്ക് മുന്നേറി തുടങ്ങിയത്. അന്ന് ഇടക്ക് വച്ച് ആ പ്രതീക്ഷ കൊഴിഞ്ഞു വീണെങ്കിലും ഉറച്ച ഒരു മെഡല്‍ പ്രതീക്ഷയായി അത് വളര്‍ന്നു തുടങ്ങിയിരുന്നു. ലോക സൂപ്പര്‍കിരീടങ്ങളില്‍ പലതു നേടി സൈന ആ വിശ്വാസം കാത്തുകൊണ്ടിരുന്നു. പ്രതീക്ഷ പോലെ തന്നെ സൈന നമുക്ക് മെഡല്‍ നേടിത്തന്നു.

കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടെങ്കിലും ഇന്നും സൈന നമ്മുടെ ഒന്നാം നമ്പര്‍ മെഡല്‍ പ്രതീക്ഷയാണ്. ലോക റാങ്കിങ്ങില്‍ സൈന ഇപ്പോള്‍ അഞ്ചാം റാങ്കിലാണ്. സൈനക്കൊപ്പം പ്രതീക്ഷയുള്ള കളിക്കാരിയാണ്‌ പി.വി. സിന്ധു. ഇപ്പോള്‍ പത്താം റാങ്കില്‍ ഉള്ള സിന്ധു തന്റേതായ ദിവസത്തില്‍ ആരെയും തകര്‍ക്കുന്ന പ്രകടനം കാഴ്ച വെക്കാറുണ്ട്. ഒളിമ്പിക്സ് എന്ന വിശ്വകായിക മാമാങ്കത്തിന്റെ പിരിമുറുക്കങ്ങള്‍ ഒന്നും അലട്ടിയില്ലെങ്കില്‍ സിന്ധുവിനും വലിയ സാധ്യതകള്‍ ആണുള്ളത്.

പുരുഷ സിംഗിള്‍സില്‍ നിലവിലെ പതിനൊന്നാം റാങ്കിലുള്ള കെ. ശ്രീകാന്താണ് ഇന്ത്യക്ക് വേണ്ടി മത്സരിക്കുന്നത്. സെമി ഫൈനല്‍ വരെയെങ്കിലും എത്താന്‍ കഴിയുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.

ഡബിള്‍‍സിലെ മെഡല്‍ പ്രതീക്ഷയില്ല എന്ന് തന്നെ പറയാം. ഇന്ത്യന്‍ താരങ്ങള്‍ മോശമായത് കൊണ്ടല്ല. നിലവില്‍ പുരുഷ വനിതാ സിംഗിള്‍സില്‍ ജപ്പാന്‍, ചൈന, കൊറിയ, ഇന്തോനേഷ്യ തുടങ്ങിയ ടീമുകളുടെ അടുത്തെത്താന്‍ പോലും ഇന്ത്യക്ക് കഴിയുമെന്ന് തോന്നുന്നില്ല. കാത്തിരുന്നു കാണാം. കാരണം ഇതൊരു ഗെയിം ആണ്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറയുന്ന ഗെയിം. അതുകൊണ്ട് പലതും പ്രവചനാതീതമാണ്.

നീന്തല്‍

നീന്തലില്‍ നമുക്ക് യോഗ്യത നേടിയ രണ്ടു താരങ്ങളേ ഉള്ളൂ. ഒന്ന് മലയാളി താരം സജന്‍ പ്രകാശും മറ്റൊന്ന് വനിതാ താരം ശിവാനി ഖട്ടാരിയയും. സജന്‍ പ്രകാശ് മത്സരിക്കുന്നത് 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയിലും ശിവാനി 200 ഫ്രീ സ്റ്റൈലിലും ആണ്. സജന്‍ റാങ്കിങ്ങില്‍ 27 ആണെങ്കില്‍ ശിവാനി 26 ആണ്. ഒരു പരിധി വരെ മെഡല്‍ സാധ്യതകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ റാങ്കിംഗ് വലിയ ഘടകം ആണെങ്കിലും അത് തിരുത്തിയ പല പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. മികച്ച റാങ്കിങ്ങിന്‍റെ അടുത്തെങ്ങും ഇല്ലാതിരുന്ന ലിയാണ്ടര്‍ പെയ്സ് വെങ്കലമെഡല്‍ നേടിത്തന്ന ചരിത്രമുണ്ട് നമുക്ക്.

ജിംനാസ്റ്റിക്സ്

ഒളിമ്പിക് ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ പേര് വരുന്നത് തന്നെ നമുക്ക് അഭിമാനമാണ്. കാരണം അമ്പതു വര്‍ഷത്തിനു ശേഷമാണ് നമുക്ക് ഈ ഇനത്തില്‍ ഒരു അഡ്മിഷന്‍ ലഭിക്കുന്നത്. അതും ഒരു വനിതാതാരം. ദീപ കര്‍മാക്കര്‍ ആണ് ഈ മിടുക്കി. ആദ്യമായി ജിംനാസ്റ്റിക്സ് യോഗ്യത നേടുന്ന വനിതാതാരം എന്ന പ്രത്യേകതയും ഉണ്ട് ദീപക്ക്. റാങ്കിങ്ങില്‍ പുറകിലാണെങ്കിലും ഇത്തരം ഒറ്റക്കുള്ള കുതിപ്പുകള്‍ ഭാവിയില്‍ കൂടുതല്‍ താരങ്ങള്‍ക്ക് ഈ മേഖലകളിലേക്ക് എത്തിപ്പെടാന്‍ ഊര്‍ജ്ജം പകരുമെന്നതിന് യാതൊരു സംശയവുമില്ല.

ജൂഡോ

ഈ ഇനത്തിലും നമുക്ക് ഒറ്റയാന്‍ പ്രതീക്ഷയാണ്. അവതാര്‍ സിങ്ങാണ് നമുക്ക് വേണ്ടി ജൂഡോ ഗോദായില്‍ ഇറങ്ങുക. അവതാര്‍ സിംഗിന്റെ മത്സര വിഭാഗം 90 കിലോയാണ്. ഐ ജെ എഫ് ലോകറാങ്കിംഗ് പ്രകാരം ഏഷ്യന്‍ മേഖലയിലെ കോണ്ടിനെന്റല്‍ ക്വാട്ടാ പ്രകാരമാണ് അവതാറിനു സെലക്ഷന്‍ ലഭിച്ചത്.

( തുടരും )

shortlink

Related Articles

Post Your Comments

Related Articles


Back to top button