കോട്ടയം: അതിരമ്പുഴയ്ക്കു സമീപം റബര്‍ത്തോട്ടത്തില്‍ പൂര്‍ണഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടയം അടിച്ചിറ കന്നുകുളം സ്വദേശിനി അശ്വതി (21)യാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയും ഗാന്ധിനഗര്‍ നാല്‍പാത്തിമലയില്‍ താമസിക്കുന്നതുമായ ബഷീര്‍ എന്ന ഖാദര്‍ യൂസഫ് (45) ആണ് പിടിയിലായത്.
റിയല്‍ എസ്റ്റേറ്റ് വ്യവസായിയാണ് ഇയാള്‍. യുവതിയുടെ വീടിനടുത്തു മുന്‍പ് താമസിച്ചിരുന്ന പരിചയം അടുപ്പമായി വളരുകയും വഴിവിട്ട ബന്ധത്തില്‍ കലാശിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി ബഷീറിനൊപ്പം വീടുവിടുകയും പല സ്ഥലങ്ങളിലും താമസിക്കുകയും ചെയ്തു. പ്രതിയുടെ ഭാര്യ വിദേശത്താണ്. ഇയാള്‍ വിവാഹിതനാണെന്ന വിവരം യുവതിയില്‍ നിന്നും മറച്ചു വച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ഇതിനിടെ ഗര്‍ഭിണിയായ യുവതിയെ പല തവണ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചുവെങ്കിലും വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിക്കുവാന്‍ കാരണമായതെന്നാണ് പൊലീസ് നിഗമനം.അശ്വതിയെ ബഷീര്‍ ആറന്മുളയില്‍ ഉള്ള ഒരു ബന്ധുവീട്ടില്‍ നിര്‍ത്തിയെങ്കിലും 8 മാസം ഗര്‍ഭിണിയായ അശ്വതി ബഷീറിനെ തെടിയെത്തിയതോടെയാണ് അവളെ കൊല്ലാന്‍ ബഷീര്‍ തീരുമാനമെടുത്തത്.
മൃതദേഹം പൊതിഞ്ഞ സര്‍ജറിക്കുപയോഗിക്കുന്ന പോളിത്തീന്‍ കവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു ബഷീര്‍ അറസ്റ്റിലായത്.സംഭവത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ കൊന്നതിനും കേസുണ്ടാവും. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തുന്നതിനാവശ്യമായ സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഗര്‍ഭിണിയായതിനാല്‍ ആശുപത്രികളും ആശാ വര്‍ക്കര്‍മാരെയും കേന്ദ്രീകരിച്ച് മരിച്ച യുവതിയെ തിരിച്ചറിയാന്‍ ശ്രമം നടത്തിയിരുന്നു.തലയ്ക്കു പിന്നിലേറ്റ മാരകമായ ചതവാണു മരണ കാരണം.
തല പിടിച്ച് ഭിത്തിയില്‍ ഇടിപ്പിക്കുകയോ മൂര്‍ച്ചയില്ലാത്ത ആയുധം ഉപയോഗിച്ച് അടിക്കുകയോ ചെയ്താലുണ്ടാകുന്ന തരത്തിലുള്ള ചതവാണു തലയ്ക്കു പിന്നിലേറ്റിട്ടുള്ളത്.കൊല്ലപ്പെട്ട യുവതിയുടെ ഇടതു കൈമുട്ടിനു താഴെ സൂചി കുത്തിയതിന്റെയും ഇവിടെ പ്ലാസ്റ്റര്‍ ഒട്ടിച്ചതിന്റെ ലക്ഷണങ്ങളുമുണ്ട്.പ്ലാസ്റ്റര്‍ പറിച്ചെടുത്ത ഭാഗത്തു രോമവും തൊലിയും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിന്റെ ദുരൂഹത ഇനിയും വ്യക്തമാകാനുണ്ട്. കൂടുതല്‍ ചോദ്യം ചെയ്താലേ എല്ലാം വെളിപ്പെടൂ എന്ന് പോലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments