കാസര്‍കോട്: ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനവലയത്തിലേക്ക് മലയാളികളെത്തിയെന്ന് സംശയിക്കുന്ന സംഭവത്തില്‍ അഫ്ഗാനിസ്താനില്‍ നിന്ന് കേരളത്തിലേക്ക് പണമെത്തിയതായി തെളിഞ്ഞു.ഐ.എസ്. ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് ഷാഹിദിനാണ് പണം ലഭിച്ചത്.
കേരളത്തില്‍ നിന്ന് ഐ.എസ്. കേന്ദ്രത്തിലേക്ക് ആളുകളെ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചെന്ന് സംശയിക്കുന്ന അബ്ദുല്‍ റാഷിദ് ഓണ്‍ലൈനിലൂടെയാണ് യാസ്മിന് തുക കൈമാറിയത്.ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനവലയത്തിലേക്ക് മലയാളികളെ എത്തിച്ചെന്ന് സംശയിക്കുന്ന സംഭവത്തില്‍ യാസ്മിനെ രണ്ടാം പ്രതിയായാണ് അന്വേഷണംസംഘം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അബ്ദുല്‍ റാഷിദാണ് ഒന്നാം പ്രതി. കേസില്‍ യു.എ.പി.എ. ചുമത്തിയ യാസ്മിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം കാസര്‍കോട് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കി. അഫ്ഗാനിസ്താനിലെ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് യാസ്മിനെ കേരള പോലീസ് അറസ്റ്റുചെയ്തത്. തൃക്കരിപ്പൂരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഓണ്‍ലൈനായി എത്തിയ പണം യാസ്മിന്‍ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പിന്‍വലിക്കുകയും ചെയ്തു. കാബൂളിലേക്കുള്ള യാത്രയുടെ തയ്യാറെടുപ്പിനായി ഇങ്ങനെ ലഭിച്ച പണം യാസ്മിന്‍ ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ച തൃക്കരിപ്പൂര്‍ ഉടുമ്പുംതല സ്വദേശി അബ്ദുല്‍ റാഷിദുമായി രാജ്യംവിട്ട ശേഷവും യാസ്മിന്‍ ആശയവിനിമയം നടത്തിയിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. യാസ്മിന്റെ മാതാപിതാക്കള്‍ സൗദിയിലെ റിയാദിലാണ് താമസം. ബീഹാര്‍ സ്വദേശിയെയാണ് യാസ്മിന്‍ ആദ്യം വിവാഹം ചെയ്തത്. ഈ വിവാഹബന്ധത്തിന് ഉലച്ചില്‍ നേരിട്ടപ്പോള്‍ മധ്യസ്ഥനായി വന്നയാളാണ് അബ്ദുല്‍ റാഷിദ്. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് യാസ്മിന്‍ പിടിയിലാകുമ്പോള്‍ ഇവരില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. മെസേജുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നു. നിര്‍ണായകമായേക്കാവുന്ന വിവരങ്ങള്‍ ഫൊറന്‍സിക് പരിശോധനയില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
ജൂണ്‍ ആദ്യവാരം കാണാതായ കാസര്‍കോട്, തൃക്കരിപ്പൂര്‍, പടന്ന മേഖലയിലെ 17 പേരും ഇവരുടെ സംഘത്തിലുള്ള പാലക്കാട്ടെ നാല് പേരും അഫ്ഗാനിസ്താന്റെയും യെമന്റെയും അതിര്‍ത്തിയിലെവിടെയോ ഉണ്ടെന്നാണ് സംശയം. ശക്തമായ ഐ.എസ്. സ്വാധീനമേഖലയായ സിറിയയിലേക്ക് ഇവര്‍ കടന്നിരിക്കാമെന്ന വിവരവുമുണ്ട്.
Post Your Comments