ന്യൂഡല്‍ഹി : ജനങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുമായി നടക്കേണ്ടി വരുമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഹിമാചല്‍ പ്രദേശില്‍ ദേശീയ പാത നിര്‍മ്മിക്കാന്‍ വന്‍ തോതില്‍ മരങ്ങള്‍ മുറിച്ച് മാറ്റിയെന്ന കേസില്‍ വാദം കേള്‍ക്കെവെയാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഹിമാചല്‍ പ്രദേശില്‍ പര്‍വാനോ മുതല്‍ ഷൊങി വരെ ദേശീയ പാത നിര്‍മ്മിക്കാന്‍ മരങ്ങള്‍ മുറിച്ചു മാറ്റിയത് വിവാദമായതോടെ ഹരിത ട്രബ്യൂണല്‍ സ്വമേധയ കേസെടുക്കുകയായിരുന്നു.
വനപ്രദേശം നശിപ്പിച്ച ശേഷം ഒരു മരം പോലും വച്ചു പിടിപ്പിക്കാന്‍ തയ്യാറാകാത്ത അധികൃതരെ കോടതി ശാസിച്ചു. റോഡ് ഓക്സിജന്‍ തരില്ല, മരങ്ങളാണ് ഓക്സിജന്‍ നല്‍കുന്നത്. രാജ്യത്തിന്റെ ഒരു പകുതി പ്രളയത്താലും മറ്റൊരു പകുതി വരള്ച്ചയാലും ദുരിതം അനുഭവിക്കുന്നു. ഷിംലയിലെ താപനില ആശങ്കപ്പടുത്തുന്ന വിധം ഉയരുന്നു. മരങ്ങള്‍ മുറിച്ചു മാറ്റിയ ശേഷം വച്ച ഒരു മരമെങ്കിലും കാണിക്കാമോ എന്നും ട്രിബ്യൂണല്‍ ചോദിച്ചു.
ആര്‍ക്കും ഇത്തരം വിഷയം കാര്യമായെടുക്കുന്നില്ല. റോഡ് പദ്ധതി ദേശീയ പ്രാധാന്യമുള്ള വിഷയമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ദേശീയ പ്രാധാന്യം എന്താണ് എന്ന് തങ്ങള്‍ക്കറിയാമെന്നും. ഒരു ലക്ഷം മരങ്ങള്‍ വച്ചു പിടിപ്പിച്ച ശേഷം വന്നാല്‍ മതിയെന്നും കോടതി അറിയിച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് ആഗസ്റ്റ് 11 ലേക്ക് മാറ്റിവച്ചു.
Post Your Comments