തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായി ഡി.ജി.പി ജേക്കബ് തോമസ് അധികാരമേറ്റതിനു പിന്നാലെ തുടരെ തുടരെയാണ് കഴിഞ്ഞ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി, എക്‌സൈസ് മന്ത്രിയായിരുന്ന കെ.ബാബു, കെ.എം മാണി, വി.എസ്. ശിവകുമാര്‍ തുടങ്ങി പ്രബലന്മാര്‍ക്കതിരെയെല്ലാം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
മുന്‍സര്‍ക്കാരുമായി പരസ്യമായി ഏറ്റമുട്ടി സ്ഥാനം തെറിച്ച ജേക്കബ് തോമസിന്റെ അടുത്ത ലക്ഷ്യം റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശാണ്. മന്ത്രിയായിരിക്കെ നടത്തിയ വിവാദ ഇടപെടലുകള്‍ അന്വേഷിക്കുവാനാണ് തീരുമാനം. ഇതിനായുള്ള നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന നാളുകളിലെ വിവാദ ഉത്തരവുകള്‍ സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സ് ഏറ്റെടുക്കുന്നതോടെ അന്വേഷണത്തിന്റെ മുന നീളുന്നത് അടൂര്‍ പ്രകാശിലേക്കാണ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ പരിശോധിച്ച മന്ത്രി കെ ബാലന്‍ അധ്യക്ഷനായ മന്ത്രസഭ ഉപസമിതി ഇതു സംബന്ധിച്ച ഫയലുകള്‍ വിജിലന്‍സിനു കൈമാറാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു കഴിഞ്ഞു. ഇവയില്‍ ഏറ്റവുമധികം ഫയലുകള്‍ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടവയാണ്.
വിവാദ സ്വാമി സന്തോഷ് മാധവന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്കായി ഭൂമി തിരിച്ചുനല്‍കി ഉത്തരവിറക്കിയത്, കോട്ടയം കുമരകം മെത്രാന്‍കായല്‍ നികത്തല്‍, കടമക്കുടിയില്‍ മള്‍ട്ടി നാഷണല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കെന്നപേരില്‍ 47 ഏക്കര്‍ നെല്‍വയല്‍ നികത്തല്‍, ചെമ്പില്‍ തണ്ണീര്‍ത്തടം ഉള്‍പ്പെടെയുള്ളവ നികത്താന്‍ അനുമതി നല്‍കിയത്, ഇടുക്കി ഹോപ് പ്‌ളാന്‍േറഷന് ഭൂമി നല്‍കിയത്, നെല്ലിയാമ്പതി കരുണ എസ്റ്റേറ്റില്‍നിന്ന് കരം സ്വീകരിക്കാന്‍ അനുമതി നല്‍കിയത് തുടങ്ങിയ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മത്തേയുടെ ഉത്തരവുകളിലാണ് ക്രമക്കേട് പ്രകടമായുള്ളത്.
ഇതുള്‍പ്പെടെ റവന്യൂ വകുപ്പിലെ 47 ഉത്തരവുകളാണ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇവയെല്ലാം അന്വേഷിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വകുപ്പു മന്ത്രി എന്ന നിലയ്ക്ക് ഇവയിലെല്ലാം അടൂര്‍ പ്രകാശിന്റെ ഇടപെടലുകളുണ്ടായതായി നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുലച്ച ആരോപണങ്ങളില്‍ ഏറെയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായതും റവന്യൂ വകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങളാണ്.
കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഉള്‍പ്പടെയുള്ളവര്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവുകള്‍ക്കെതിരെ രംഗത്തെത്തിയരുന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് ഇതില്‍ പല ഉത്തരവുകളും സര്‍ക്കാര്‍ മരവിപ്പിച്ചത്. എന്നാല്‍ ഇതൊന്നും താന്‍ മാത്രം കൈക്കൊണ്ട തീരുമാനമല്ല എന്നു പറഞ്ഞ് അടൂര്‍ പ്രകാശ് ആരോപണങ്ങളില്‍ നിന്ന് ഒഴിയുകയും ചെയ്തിരുന്നു.
റവന്യു വകുപ്പുകളിലെ വിവാദ ഉത്തരവുകളില്‍ പലതും ചട്ടങ്ങള്‍ പാലിക്കാതെയാണ് ഇറക്കിയതെന്നും മന്ത്രിസഭ ഉപസമിതിയുടെ പരിശോധനയില്‍ വ്യക്തമായി. ചട്ടലംഘനം നടന്ന ഫയലുകള്‍ സംബന്ധിച്ച് വകുപ്പ് മേധാവികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയെങ്കിലും ഉത്തരവിറക്കിയതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
നെല്‍വയല്‍ നികത്തുന്നതിന് അംഗീകാരം നല്‍കേണ്ട സംസ്ഥാനതല സമിതി പല ഫയലുകളും കണ്ടില്ല. ഇതെല്ലാം വിജിലന്‍സ് അന്വേഷണത്തില്‍ വഴിത്തിരിവാകും. വിവാദ സ്വാമി സന്തോഷ് മാധവന്റെ ഉടമസ്ഥതിയിലുള്ള ആദര്‍ശ് പ്രൈം പ്രോജക്ടിന് 118 ഏക്കര്‍ നല്‍കിയത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അടൂര്‍ പ്രകാശ്, റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മത്തേ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കെതിരെ ദ്രുതപരിശോധന നടത്താന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതനുസരിച്ച് വിജിലന്‍സ് സംഘം ബിശ്വാസ് മത്തേയുടെ മൊഴിയെടുത്തിരുന്നു. ഇതില്‍ പലതും മന്ത്രിസഭായോഗത്തിന്റെ അജണ്ടക്ക് പുറത്തെ വിഷയമായാണ് അന്ന് അവതരിച്ചിച്ചതെന്നാണ് വിജിലന്‍സിന് ലഭിച്ച മൊഴി. ഇതോടെ ഉത്തരവുകളുമായി ബന്ധപ്പെട്ട് വന്‍ ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടിരുന്നു.
Post Your Comments