ന്യൂഡല്‍ഹി: കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. വിമാനം കാണാതായതിന് തൊട്ടുമുമ്പ് അതില്‍നിന്നുള്ള സിഗ്‌നലുകള്‍ അമേരിക്കന്‍ ഉപഗ്രഹങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിമാനം കാണാതായ സംഭവത്തിന് പിന്നില്‍ അട്ടിമറി ആകാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറഞ്ഞു. കാലാവധി കഴിയാത്ത വിമാനമാണ് കാണാതായത്. അറ്റകുറ്റപ്പണി നടത്തി സുരക്ഷ ഉറപ്പാക്കിയിരുന്നു. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു വിമാനം പറത്തിയിരുന്നത്.
നാവികസേനയുടെ 10 കപ്പലുകളും ‘സിന്ധുധ്വജ്’ അന്തര്‍വാഹനിയും വിമാനത്തിനുവേണ്ടി തിരച്ചില്‍ നടത്തുകയാണ്. 6000 മീറ്റര്‍വരെ ആഴത്തില്‍ തിരച്ചില്‍ നടത്താന്‍ കഴിവുള്ള ‘സാഗര്‍നിധി’യെന്ന കപ്പല്‍ മൗറീഷ്യസില്‍നിന്ന് തിരിച്ചുകഴിഞ്ഞു. ആഗസ്റ്റ് ഒന്നിന് കപ്പല്‍ ഇന്ത്യയിലെത്തും.
ജൂലായ് 22 നാണ് വ്യോമസേനയുടെ എ.എന്‍ 32 വിമാനം തമിഴ്‌നാട്ടിലെ താംബരത്തുനിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള യാത്രാമധ്യേ കാണാതായത്. രണ്ട് മലയാളികള്‍ അടക്കം 29 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു.
Post Your Comments